ചരിത്ര നിമിഷത്തിന് ഇനി മണിക്കൂറുകൾ; ആകാംക്ഷയോടെ രാജ്യം; ശ്വാസം അടക്കി ഐഎസ്ആർഒ

 

ബെംഗളുരു: ചന്ദ്രന്റെ ഇതുവരെ ആരും കാണാത്ത ദക്ഷിണ ധ്രുവം അന്വേഷിച്ചുപോയ ഇന്ത്യയുടെ ചന്ദ്രയാൻ-2 ലക്ഷ്യസ്ഥാനം കാണാൻ ഇനി മണിക്കൂറുകൾ. ശനിയാഴ്ച പുലർച്ചെ ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയിലാണ് ചന്ദ്രയാൻ-2ന്റെ ഭാഗമായ വിക്രം ലാൻഡൻ ചന്ദ്രനിൽ ഇറങ്ങുക. ചരിത്ര നിമിഷത്തിന് രാജ്യം കണ്ണും കാതും കൂർപ്പിച്ചിരിക്കെ ശ്വാസം അടക്കിപ്പിടിച്ച് വിക്രം ലാൻഡറുടെ നീക്കം വീക്ഷിക്കുകയാണ് ഐഎസ്ആർഒയിലെ ശാസ്ത്രഞ്ജർ.

ദൗത്യത്തിന്റെ അവസാന ഘട്ടത്തിൽ ലക്ഷ്യ സ്ഥാനത്തുനിന്നും കിലോമീറ്ററുകൾ മാത്രം അകലെയുള്ള ലാൻഡർ സുരക്ഷിതമായി സോഫ്റ്റ് ലാൻഡിങ് നടത്തേണ്ടതുണ്ട്. അതിനാൽത്തന്നെ അവസാന 15 മിനിറ്റ് നിർണ്ണായകമാണ്. കൊച്ചുകുഞ്ഞിനെ കൈകാര്യം ചെയ്യുംപോലെ ലാൻഡറിനെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ഐഎസ്ആർഒ മേധാവി ഡോ കെ ശിവൻ പറഞ്ഞു.

നവജാത ശിശുവിനെ കയ്യിലെടുക്കുമ്പോൾ പുലർത്തേണ്ട ജാഗ്രത ഇനി ആവശ്യമാണ്. ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിൽ ഇറക്കുമ്പോൾ ചന്ദ്രോപരിതലത്തിൽ പലവിധത്തിൽ നീങ്ങിയെന്നിരിക്കും. ആ ഘട്ടത്തിൽ ഒരു കൊച്ചു കുഞ്ഞിനു നൽകേണ്ട കരുതൽ ലാൻഡറിന് ആവശ്യമാണെന്നും ശിവൻ കൂട്ടിച്ചേർത്തു.

സോഫ്റ്റ് ലാന്റിങ്ങ് ഐഎസ്ആർഒയെ സംബന്ധിച്ചിടത്തോളം പരിചയമില്ലാത്തകാര്യമാണ്. അതുകൊണ്ടുതന്നെ അത് സങ്കീർണ്ണവുമാണ്. അതുകൊണ്ടാണ് അവസാന നിമിഷത്തെ ഉത്കണ്ഠയോടെ കാണുന്നതെന്നും ശിവൻ വ്യക്തമാക്കി.

You must be logged in to post a comment Login