ചര്‍ച്ച പരാജയം; നാളെ മുതല്‍ കോഴിക്കടകള്‍ അടച്ചിടും

ആലപ്പുഴ: കോഴിവില ഏകീകരിക്കാന്‍ ധനമന്ത്രി തോമസ് ഐസക്ക് വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ഇറച്ചിക്കോഴി വില്‍ക്കാന്‍ കഴിയില്ലെന്ന് പൗള്‍ട്രി ഫെഡറേഷന്‍ കര്‍ശന നിലപാടെടുത്തു. തിങ്കളാഴ്ച മുതല്‍ കടകളടച്ച് സമരം ചെയ്യുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

ഇറച്ചിക്കോഴിക്ക് 87 രൂപ ഈടാക്കി വില്പന നടത്തണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. കിലോക്ക് നൂറു രൂപയെങ്കിലുമാക്കി മാറ്റി നിശ്ചയിക്കണമെന്ന് പൗള്‍ട്രി അസോസിയേഷന്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. 14 ശതമാനം നികുതി കുറച്ചപ്പോള്‍ 40 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായതെന്നും ഇത് സമ്മതിക്കാനാവില്ലെന്നും മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.

വ്യാപാരികളുടെ നിലപാട് സര്‍ക്കാരിനോടുള്ള വെല്ലുവിളിയാണ്. കേരളത്തില്‍ നിന്നുള്ള ചില തത്പര കക്ഷികളുടെ താല്‍പ്പര്യമാണ് ഈ സമ്മര്‍ദ്ദത്തിന് പിന്നില്‍. കോഴിക്കടത്തുമായും വില്പനയുമായും ബന്ധപ്പെട്ട കേസുകള്‍ പ്രത്യേക താത്പര്യത്തോടെ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

തമിഴ്‌നാട്ടില്‍ നിന്നും കൂടിയ വിലക്കാണ് കോഴി ലഭിക്കുന്നതെന്നും അതിനാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് മുന്നോട്ടു പോകാന്‍ ആവില്ലെന്നും ഫെഡറഷന്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഞായറാഴ്ച രാവിലെ ആലപ്പുഴ റസ്റ്റ് ഹൗസില്‍ മന്ത്രിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.

ജി.എസ്.ടി യില്‍ ഇറച്ചിക്കോഴി ഉള്‍പ്പെടാത്തതിനാലാണ് സര്‍ക്കാര്‍ വില കുറച്ചത്. ഇത് ഏകപക്ഷീയ തീരുമാനമാണെന്ന് വ്യാപാരികള്‍ ആരോപിച്ചിരുന്നു.

You must be logged in to post a comment Login