ചലച്ചിത്രമേള കാഴ്ച്ചകളും വര്‍ത്തമാനങ്ങളും

രശ്മി.ജി

ചലച്ചിത്രാസ്വാദനത്തില്‍ അത്ഭുതകരമായ പരിണാമങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച മേളയാണ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ ഓഫ് കേരള. ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ഇരുപത്തിരണ്ടു വര്‍ഷത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളുമായാണ് ഇക്കുറി മേളയ്ക്കു തിരശ്ശീല വീണത്. കേരളത്തിലെ ചലച്ചിത്രോത്സവത്തിന് അടിത്തറപാകിയത് ഫിലിം സൊസൈറ്റികളുടെ പ്രവര്‍ത്തനങ്ങളാണ്. സൊസൈറ്റികള്‍ പരിചയപ്പെടുത്തിയ ക്ലാസിക് സിനിമകളുടെ തുടര്‍ച്ചകളാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലൂടെ സാധ്യമായത്. കേരളത്തിന്റെ സ്വന്തം മേളയാരംഭിക്കുന്നത് 1994 ലാണ്. ഡിസംബര്‍ 17 മുതല്‍ 23 വരെ നടന്ന പ്രാരംഭ മേള അരങ്ങേറിയത് കോഴിക്കോട്ടായിരുന്നു. ചലച്ചിത്രത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേരളത്തില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടത്തുവാന്‍ കെ. എസ്. എഫ്. ഡി. സി. തീരുമാനിച്ചതിനെ കരുണാകരന്‍ ഗവണ്‍മെന്റ് പിന്‍തുണച്ചതിന്റെ ഫലമായിട്ടാണ് ആദ്യത്തെ ചലച്ചിത്രോത്സവം കോഴിക്കോട് നടത്തപ്പെട്ടത്. പി. കെ. നായര്‍ ഫെസ്റ്റിവെല്‍ ഡയറക്ടറായ പ്രസ്തുത മേളയില്‍ തര്‍ക്കോവ്‌സ്‌കിയുടെ സാക്രിഫൈസ്, ബുനുവലിന്റെ നസറിന്‍, മിലോസ് ജാഞ്ചോയുടെ ദ റൗണ്ട് അപ്പ്, ബര്‍ഗ്മാന്റെ സെവന്‍ത് സീല്‍, ഐസന്‍സ്റ്റീന്റെ ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍, സത്യജിത് റായ് യുടെ പഥേര്‍ പാഞ്ചാലി, ഋത്വിക് ഘട്ടക്കിന്റെ സുബര്‍ണരേഖ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത് മേളയുടെ തിളക്കം കൂട്ടുകയുണ്ടായി. നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ്, ദില്ലി ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവെല്‍, ക്യൂബ, കൊളംബിയ എംബസികളില്‍ നിന്നുള്ള ചിത്രങ്ങളാണ് കോഴിക്കോട്ടെ മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്. 1995 നവംബറില്‍ തിരുവനന്തപുരത്തുവെച്ചു നടന്ന രണ്ടാം ചലച്ചിത്രമേളയുടെ ഫെസ്റ്റിവെല്‍ ഡയറക്ടറും പി.കെ നായരായിരുന്നു. മൃണാള്‍സെന്നിന്റെ സാന്നിധ്യമായിരുന്നു രണ്ടാമത്തെ മേളയെ ശ്രദ്ധേയമാക്കിയത്. മൂന്നാമത് അന്തര്‍ദേശീയ ചലച്ചിത്രോത്സവം 1998 ഏപ്രില്‍ 5 മുതല്‍ 12 വരെ തിരുവനന്തപുരത്തു വെച്ചു നടത്തപ്പെടുകയുണ്ടായി. ഇ. കെ. നായനാരുടെ മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ കേരളസ്റ്റേറ്റ് ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍മാനായി പി. ഗോവിന്ദപ്പിള്ള ചുമതലയേറ്റിരുന്നു. എ മീരാസാഹിബ്, വി. കെ. ജോസഫ് എന്നിവര്‍ കോ – ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ച മേള മേളയുടെ യഥാര്‍ത്ഥ സ്വഭാവത്തിലേയ്ക്കു മാറിയിരുന്നു. തുടര്‍ന്നുള്ള ഓരോ വര്‍ഷവും മികച്ച ചിത്രങ്ങളെ ഉള്‍പ്പെടുത്തി കൂടുതല്‍ പങ്കാളിത്തത്തോടെ മേള ജനകീയമായി മാറുകയുണ്ടായി. ‘ടോറന്റ്’ കാലത്തും ഇത്തരമൊരു മേള ജനകീയമായി നില്ക്കുന്നതിനു പിന്നില്‍ പ്രാഥമികമായി മലയാളിയുടെ ചലച്ചിത്രാഭിനിവേശങ്ങളാണെന്നു പറയാം. വര്‍ഷാവര്‍ഷങ്ങളില്‍ കാഴ്ചയുടെ അനുഭൂതികളെ പകര്‍ന്നു നല്കുന്ന ഒരുപിടി ചിത്രങ്ങളെ നിരവധി വിവാദങ്ങള്‍ക്കിടയിലും ചലച്ചിത്രമേള പ്രേക്ഷകര്‍ക്കായി കാത്തുവെയ്ക്കുന്നു.

 

വെള്ളിത്തിരയിലെ രാഷ്ട്രീയ കാഴ്ചകള്‍

കേരള അന്താരാഷ്ട്ര ചലച്ചിത്രമേള രാഷ്ട്രീയ സംവേദനങ്ങള്‍ സാധ്യമാക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്നു. അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍, വംശീയ പ്രശ്‌നങ്ങള്‍, ലിംഗ-ലൈംഗിക ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ സ്വത്വവാദങ്ങള്‍ എന്നിവയെ പരിധികളില്ലാതെ ആവിഷ്‌കരിക്കുന്ന ചിത്രങ്ങള്‍ക്കുള്ള അംഗീകാരവേദി ഐ എഫ് എഫ് കെ ഒരുക്കിക്കൊടുക്കുന്നു.
ക്യൂബന്‍ ജനതയുടെ ദാരിദ്ര്യത്തിന്റെ ഭീകരമായ മുഖങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘കണ്‍ടെലറിയ.’ തുച്ഛമായ തുകയ്ക്കുവേണ്ടി ഭീകരമായ ജോലികള്‍ ചെയ്യേണ്ടിവരുന്ന കണ്‍ടെലറിയ, വിക്ടര്‍ ഹ്യൂഗോ എന്നിവരുടെ ജീവിതത്തെ മുന്‍നിറുത്തി ക്യൂബന്‍ ജനതയുടെ ജീവിതാസ്ഥിരതകളെ കണ്‍ടെലറിയയെന്ന ചിത്രം ആവിഷ്‌കരിച്ചു. പോരാട്ടങ്ങളുടെ പേരില്‍ അറിയപ്പെടുന്ന പാലസ്തീന്‍ രാഷ്ട്രീയത്തിലെ ജനങ്ങള്‍ക്കുള്ളിലെ സംഘര്‍ഷങ്ങളെ ആവിഷ്‌കരിച്ച ചലച്ചിത്രമാണ് ജസിര്‍ സംവിധാനം ചെയ്ത വാജിബ്. അതിര്‍ത്തി രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വ്യക്തി ജീവിതങ്ങള്‍ക്കുള്ളില്‍ സൃഷ്ടിക്കുന്ന പരിണാമങ്ങളെ അതിലളിതമായി ആവിഷ്‌കരിക്കുവാന്‍ വാജിബിനു കഴിഞ്ഞു. വ്യക്തിജീവിതങ്ങള്‍ക്കുള്ളിലെ സംഘര്‍ഷങ്ങളെ പിന്തുടര്‍ന്ന മറ്റൊരു ചിത്രമാണ് സബിത് കുര്‍മന്‍ ബെക്കവ് സംവിധാനം ചെയ്ത ഒരല്‍മെന്‍ (ഞലൗേൃിലല) പ്രശ്‌നങ്ങള്‍ നിമിത്തം അഫ്ഗാനിസ്ഥാനിലേക്കു പലായനം ചെയ്ത കസാക്കിസ്ഥാനികള്‍ സ്വദേശത്തു തിരിച്ചെത്താന്‍ ശ്രമിക്കുന്നതും തിരിച്ചെത്തിയതിനുശേഷം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിബന്ധങ്ങളെയും പ്രസ്തുത ചിത്രം അവതരിപ്പിക്കുന്നു.
സ്ഥലകാലങ്ങളെയും ഭ്രമകല്പനകളെയുംകുറിച്ചുള്ള പുതിയ പരികല്പനകള്‍ അവതരിപ്പിച്ച ചിത്രങ്ങളാണ് ദ വേള്‍ഡ് ഓഫ് വിച്ച് വി ഫ്രീഡം ഡെസിന്റ് എക്‌സിറ്റ്, ബഗ്‌ദേ എന്നിവ. അയൂബ് ക്വനിര്‍ സംവിധാനം ചെയ്ത ദ വേള്‍ഡ് ഓഫ് വിച്ച് വി ഫ്രീഡം ഡെസിന്റ് എക്‌സിറ്റ് മംഗോളിയന്‍ കുടുംബ ജീവിതങ്ങളുടെ പശ്ചാത്തലത്തില്‍ വ്യത്യസ്ത കാലങ്ങളിലൂടെയുള്ള തലമുറകളെ അന്വേഷണ വിധേയമാക്കുന്നു. അപകടങ്ങളില്‍നിന്നു രക്ഷനേടുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളാല്‍ ക്രമപ്പെടുത്തിയ നഗരത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷികമേഖലയിലെ ജനിതക പ്രശ്‌നങ്ങളെ വിശകലനം ചെയ്യുന്ന ചിത്രമാണ് ബഗ്‌ദേ (ഏൃമശി) ഇസ്ലാമിസ്റ്റ് ഭരണകൂടത്തിന്റെ കാലത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെയാണ് ഐ സ്റ്റില്‍ ഹൈഡ് റ്റു സ്‌മോക്ക് എന്ന ചലച്ചിത്രമവതരിപ്പിച്ചത്.

 

ഹൊറര്‍കാഴ്ചകള്‍

മിഡ്‌നൈറ്റ് സ്‌ക്രീനിംഗ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കപ്പെട്ട ഇന്തോനേഷ്യന്‍ ചലച്ചിത്രം സാത്താന്‍ സ്ലേവ് ഭയാനകമായ കാഴ്ചകള്‍ സമ്മാനിച്ച ചലച്ചിത്രമാണ്. പതിവ് ഹൊറര്‍ ഫോര്‍മുലകളില്‍ നിന്നും വ്യത്യസ്തമായി ആഖ്യാനം ചെയ്യപ്പെട്ട സാത്താന്‍ സ്ലേവ് സാധാരണ മനുഷ്യര്‍ പൈശാചിക ശക്തിയായി മാറുമ്പോഴുള്ള കാഴ്ചകളെയാണവതരിപ്പിച്ചത്. ജോകോ അന്‍വര്‍ സംവിധാനം ചെയ്ത സാത്താന്‍ സ്ലേവ് ഒറ്റത്തവണ മാത്രം പ്രദര്‍ശിപ്പിച്ച ചിത്രമെന്ന ഖ്യാതിക്കൊപ്പം തന്നെ പ്രേക്ഷകരുടെ അകമഴിഞ്ഞ പിന്തുണകളും നേടിയെടുത്തു. മാനുഷികമായ ഭയത്തിന്റെ അര്‍ത്ഥതലങ്ങള്‍ തേടുന്നതും സ്വവര്‍ഗ്ഗാനുരാഗത്തിന്റെ കാണാത്തലങ്ങളിലേയ്ക്കു സഞ്ചരിക്കുന്നതുമായ ചലച്ചിത്രമാണ് മലില – ദ ഫെയര്‍വെല്‍ ഫ്‌ളവര്‍. മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലൂടെ അതിസാഹസികമായി സഞ്ചരിക്കേണ്ടിവരുന്നവരുടെ അനുഭവങ്ങളും പ്രസ്തുത ചിത്രത്തിലുണ്ട്.

 

ശ്രദ്ധേയമായ മറ്റു ചില ചിത്രങ്ങള്‍

ഡമാസ്‌കസിലെ യുദ്ധഭൂമികയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലൂടെ ലോകത്തിലെ എല്ലാ യുദ്ധങ്ങള്‍ക്കും ഒരേ മുഖമാണെന്ന് വിളിച്ചുപറയുന്ന ചിത്രമാണ് ‘ഇന്‍ സിറിയ.’ സിറിയന്‍ ജീവിതത്തിന്റെ സമകാലീന കാഴ്ചകളെ തന്മയത്വത്തോടെയും അതിഭാവുകത്വമില്ലാതെയും ചിത്രീകരിക്കുന്നു. ഇറാനിയന്‍ സമൂഹത്തിലെ അഴിമതിയുടെയും നീതികേടിന്റെയും കഥപറയുന്ന ചിത്രമാണ് മുഹമ്മദ് റസൂലോഫിന്റെ ‘എ മാന്‍ ഓഫ് ഇന്റഗ്രിറ്റി.’ ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ തലങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഒന്നുകില്‍ നിങ്ങള്‍ അടിച്ചമര്‍ത്തപ്പെടും, അല്ലെങ്കില്‍ നിലനില്പിനുവേണ്ടി നിങ്ങളും മര്‍ദകര്‍ക്കൊപ്പം ചേരണം എന്ന നിലപാടിനെ വ്യത്യസ്തമായ രീതിയില്‍ ഈ ചലച്ചിത്രം പ്രേക്ഷകരിലേക്ക് പകരുന്നു. എച്ച് ഐ വി/എയ്ഡ്‌സ് ബാധിതരുടെ പ്രതിഷേധങ്ങള്‍ക്കിടെ, ഇതിനായി രൂപവല്ക്കരിച്ച സംഘടനയിലെ തീപ്പൊരിയായ സിയനുമായി പ്രണയത്തിലാകുന്ന നഥാന്‍ എന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രമാണ് ‘120 ബി പി എം.’ സര്‍ക്കാരുകളും മരുന്നുകമ്പനികളും എച്ച് ഐ വി ബാധിതര്‍ക്കുനേരെ കൈക്കൊള്ളുന്ന നിലപാടുകളിലെ അലംഭാവത്തെ തുറന്നുകാട്ടുകയാണ് റോബിന്‍ കാംപിലോയുടെ ഈ ഫ്രഞ്ച് ചിത്രം. പട്ടാള അട്ടിമറിയിലൂടെ അധികാരം നഷ്ടമായ ജോര്‍ജിയന്‍ ഭരണാധികാരിയുടെ കഥ പറയുന്ന ചിത്രമാണ് ഖിബുല. പുതുതായി സ്വാതന്ത്ര്യം പ്രഖ്യാപിച്ച ജോര്‍ജിയയിലെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് പുറത്താക്കപ്പെടുന്ന ചരിത്രസന്ധിയില്‍ നിന്നാണ് ജോര്‍ജ്ജ് ഒവാഷ്വിലി തന്റെ ഈ ചിത്രം മെനയുന്നത്. 1991 ല്‍ നടന്ന ഈ സംഭവത്തെ ഫ്രെയിമുകളിലാക്കി ദൃശ്യവിരുന്നൊരുക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. മന്ത്രവാദിയെന്ന് ആരോപിക്കപ്പെട്ട് ഒറ്റപ്പെടുത്തുന്ന ഒരു എട്ടു വയസ്സുകാരിയുടെ കഥയാണ് തന്റെ കന്നിച്ചിത്രമായ ‘ഐ ആം നോട്ട് എ വിച്ച്’ എന്ന ചിത്രത്തില്‍ സാംബിയന്‍ സംവിധായകന്‍ റണ്‍ഗാനോ ന്യോനി പറയുന്നത്.
അറബ് രാജ്യങ്ങളിലെ അഭയാര്‍ത്ഥി ജീവിതത്തിന്റെ പുത്തന്‍ കാഴ്ചകളാണ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. വ്യക്തികള്‍ക്കിടയിലെ ചെറിയ സംഘര്‍ഷങ്ങള്‍ ഒരു രാജ്യത്തിന്റെ നിയമവ്യവസ്ഥയെ എങ്ങനെ ചോദ്യം ചെയ്യുന്നു എന്നതാണ് ‘ദി ഇന്‍സള്‍ട്ട്’ എന്ന ചിത്രം അവതരിപ്പിച്ചത്.

 

മേളയിലെ സ്‌ത്രൈണ ആഖ്യാനങ്ങള്‍

സിനിമയില്‍ തങ്ങളുടെതായ ഇടം സൃഷ്ടിച്ച സംവിധായികമാരുടെ സാന്നിദ്ധ്യംകൊണ്ടു 22-ാമത്തെ മേള ശ്രദ്ധേയമായി. വിവിധ വിഭാഗങ്ങളിലായി 35 സംവിധായികമാരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. 14 ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന മത്സര വിഭാഗത്തിലെ നാലു ചിത്രങ്ങളും ലോക സിനിമാ വിഭാഗത്തിലെ 24 ചിത്രങ്ങളും സ്ത്രീകള്‍ സംവിധാനം നിര്‍വ്വഹിച്ചവയായിരുന്നു. റിട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ അലക്‌സാണ്ടര്‍ സുകോറോവിന്റെ ജീവിതത്തെ ആസ്പദമാക്കി ലീന കില്‍പലെയ്‌നന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രമായ ദ് വോയ്‌സ് ഓഫ് സുകോറോവ് പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ സിനിമ നൗ എന്ന വിഭാത്തിലെ ഏക സ്ത്രീ സാന്നിധ്യമാണ് റിമ ദാസ്. അപ്‌റൂട്ടഡ് ഫിലിംസ് വിഭാഗത്തില്‍ ഗീതു മോഹന്‍ദാസിന്റെ ലയേഴ്‌സ് ഡയസും പ്രദര്‍ശിപ്പിച്ചു.

 

മേളയിലെ മലയാള സാന്നിധ്യങ്ങള്‍

22-ാമത്തെ മേളയില്‍ നവാഗതരായ സഞ്ജു സുരേന്ദ്രന്‍, പ്രേം ശങ്കര്‍ എന്നിവരുടെ ‘ഏദന്‍’, ‘രണ്ടു പേര്‍’ എന്നീ ചിത്രങ്ങളാണ് മത്സരിച്ചത്. പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു സംവിധാനം പഠിച്ചിറങ്ങിയ സഞ്ജു സുരേന്ദ്രന്‍ എസ് ഹരീഷിന്റെ നിര്യാതരായി, ചപ്പാത്തിലെ കൊലപാതകം, മാന്തികവാല്‍ എന്നീ മൂന്നു കഥകളെ ആധാരമാക്കിയാണ് ‘ഏദന്‍’ ഒരുക്കിയെടുത്തിരിക്കുന്നത്. മനുഷ്യ മനസ്സിന്റെ നിഗൂഢതലങ്ങളെ അനാവരണം ചെയ്യുവാന്‍ ശ്രമിക്കുന്ന ഏദന്‍ വ്യവസ്ഥാപിത ചലച്ചിത്ര സങ്കല്പങ്ങളെ നിരാകരിക്കുന്ന ചിത്രമാണ്. പരസ്യ നിര്‍മ്മാണ രംഗത്തെ ക്രിയേറ്റീവ് ഡയറക്ടറായ പ്രേം ശങ്കറിന്റെ രണ്ടുപേര്‍ പുതിയകാല സാമൂഹ്യവ്യവസ്ഥിതികളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന ചിത്രമാണ്. നിലവിലുള്ള ചലച്ചിത്ര സങ്കല്പങ്ങളെ പാടേ നിരാകരിക്കുന്ന ചിത്രങ്ങള്‍ എന്ന നിലയിലാണ് ഏദനും രണ്ടുപേരും ശ്രദ്ധേയമാകുന്നത്. മലയാളം ഇന്ന് വിഭാഗത്തില്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, അങ്കമാലി ഡയറീസ്, ടേക്ക് ഓഫ്, കറുത്ത ജൂതന്‍, നായിന്റെ ഹൃദയം, അതിശയങ്ങളുടെ വേനല്‍, മറവി എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഇവയില്‍ ആദ്യത്തെ നാലു ചിത്രങ്ങള്‍ പ്രദര്‍ശനശാലകളില്‍ എത്തിയവ ആണെങ്കില്‍ നായിന്റെ ഹൃദയം, അതിശയങ്ങളുടെ വേനല്‍, മറവി എന്നിവയുടെ കേരളക്കരയിലെ ആദ്യ പ്രദര്‍ശനത്തിനുള്ള വേദിയായി അന്താരാഷ്ട്ര ചലച്ചിത്രമേള മാറി.

 

മേളയുടെ വര്‍ത്തമാനങ്ങള്‍

ദേശീയ അന്തര്‍ദേശീയ ചലച്ചിത്രങ്ങള്‍ തിയറ്ററുകളില്‍ അരങ്ങു തകര്‍ക്കുമ്പോള്‍ തിയറ്ററിനു പുറത്തെ ഇടങ്ങളില്‍ മേളങ്ങള്‍ നടത്തി ആഘോഷമാക്കുന്ന യുവജനസമൂഹം ടാഗോര്‍ പരിസരങ്ങളില്‍ സജീവമായിരുന്നു. തെരുവ് നാടകങ്ങള്‍, പ്രതിഷേധ പ്രകടനങ്ങള്‍, ഫ്‌ളാഷ് മോബുകള്‍, ബാന്‍ഡ് മ്യൂസിക്, ട്രാന്‍സ്ജന്റര്‍ ഗ്രൂപ്പുകളുടെ പ്രതിഷേധ പ്രകടനങ്ങള്‍, മാനവീയം കള്‍ച്ചറല്‍ ഗ്രൂപ്പിന്റെ കലാപരിപാടികള്‍ എന്നിവയെല്ലാം മേളയുടെ ആഘോഷങ്ങള്‍ കൊഴുപ്പിച്ചവയായിരുന്നു. ചലച്ചിത്ര മേളയോടനുബന്ധിച്ച് അരങ്ങേറുന്ന ചര്‍ച്ചകളും സംവാദങ്ങളും പുതിയൊരു ചലച്ചിത്ര സംസ്‌കാരത്തെ സൃഷ്ടിച്ചെടുക്കുന്നു.
പ്രതിഷേധങ്ങളുടെ ചൂടും ചൂരും തിമിര്‍ത്താടിയിരുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവവേദി ചിട്ടപ്പെടുത്തിയ അനുസരണ ശീലങ്ങള്‍ക്കുള്ള ഇടമായി മാറുന്ന കാഴ്ചക്കാണ് 22-ാമത് ഐ എഫ് എഫ് കെ സാക്ഷ്യം വഹിച്ചത്. സ്വാതന്ത്ര്യത്തിന്റെയും അവകാശത്തിന്റെയും ജനാധിപത്യത്തിന്റെയും ഇടങ്ങളെ പ്രേക്ഷക സമൂഹത്തിനു നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരുന്ന ഇടതുപക്ഷം ഭരണകൂടത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തതോടുകൂടി ചലച്ചിത്രമേളയെ നിയന്ത്രിക്കുകയാണുണ്ടായത്. ചിട്ടപ്പടിയുള്ള അനുസരണയുള്ള പെരുമാറ്റങ്ങള്‍ക്കു നിര്‍ബന്ധിതരായ ഡെലിഗേറ്റുകള്‍ പ്രതികരണത്വര നഷ്ടപ്പെട്ടവരായി നില്ക്കുന്ന കാഴ്ചകള്‍ക്കും ടാഗോര്‍ സാക്ഷ്യം വഹിച്ചു.

 

മേളയുടെ സ്വാതന്ത്ര്യങ്ങളും രാഷ്ട്രീയവും

 

വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പുത്തന്‍ കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കുന്ന വേദി എന്ന നിലയിലാണ് ചലച്ചിത്രമേള കൂടുതല്‍ ജനകീയവും ജനപ്രിയവുമായി മാറുന്നത്. സ്ത്രീ പുരുഷബന്ധങ്ങളുടെ ഇടപെടലുകളെയും പെരുമാറ്റരീതികളെയും നിരന്തരമായി വീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന പൊതു സമൂഹത്തിന്റെ നിലപാടുകളില്‍ നിന്നുള്ള ‘കുതറിമാറലുകള്‍’ ആണ് ഫെസ്റ്റിവെല്‍ പ്രേക്ഷകര്‍ക്കു നല്കുന്നത്. സ്വാതന്ത്ര്യത്തോടു കൂടിയുള്ള ഇടപെടലുകള്‍, നിരവധി സൗഹൃദങ്ങള്‍, നഗരത്തിലൂടെയുള്ള നിര്‍ഭയമായ സഞ്ചാരങ്ങള്‍ എന്നിവ സ്ത്രീകള്‍ക്ക് അനുവദിച്ചു നല്കുന്ന മേളയെ സ്ത്രീ സമൂഹം അകമഴിഞ്ഞു സ്വീകരിക്കുന്നു. ചലച്ചിത്രാസ്വാദനത്തിന്റെ പുത്തന്‍ അനുഭൂതികള്‍ തുറന്നുകൊടുക്കുന്ന ചലച്ചിത്രമേളകള്‍ സ്ത്രീ സാങ്കേതിക ചലച്ചിത്ര പ്രവര്‍ത്തകരെയും സൃഷ്ടിച്ചെടുക്കുന്നുണ്ട്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചൂടന്‍ സംവാദങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കുമുള്ള പൊതുഇടമാണ് ചലച്ചിത്രമേള ഒരുക്കുന്നത്. ഹിന്ദുത്വ ദേശീയത ചലച്ചിത്ര മാധ്യമത്തെ ഇത്രമേല്‍ സംഘടിതമായി കടന്നാക്രമിക്കുകയും ദേശീയ ഭരണകൂട സ്ഥാപനങ്ങളെ ഭരണഘടനാ വിരുദ്ധമായി ഉപയോഗപ്പെടുത്തുകയും ജാതി മത രാഷ്ട്രീയ തീവ്രവാദ സംഘടനകളെ ആക്രമണത്തിനായി അഴിച്ചുവിടുകയും ചെയ്ത മറ്റൊരുകാലം ഉണ്ടായിട്ടില്ല. നഗ്നത/ലൈംഗികത/സദാചാരം/മതം/രാഷ്ട്രീയം എന്നിവയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ചലച്ചിത്രാഖ്യാനങ്ങളെ ഭയപ്പെടുന്നതും അടിച്ചമര്‍ത്താനൊരുങ്ങുന്നതുമായ വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെയുള്ള പ്രതിരോധങ്ങളാണ് ചലച്ചിത്രമേളകള്‍ സൃഷ്ടിക്കേണ്ടത്. സാംസ്‌കാരിക രാഷ്ട്രീയ ബൗദ്ധിക വ്യവഹാരങ്ങളില്‍ മുന്നിട്ടു നില്ക്കുന്ന മലയാളി സമൂഹത്തിന്റെ ജാഗ്രതകള്‍ കേരളത്തിലെ ചലച്ചിത്രമേളയെ സ്വതന്ത്രമാക്കി നിലനിര്‍ത്തുന്നു. കലയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രതിരോധ സമരങ്ങളുടെ തുടര്‍ച്ചയ്ക്ക് കരുത്തും പിന്‍ബലവും നല്കുകയെന്ന ചരിത്ര ദൗത്യമാണ് കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേള ഏറ്റെടുത്തിരിക്കുന്നത്. കാഴ്ചയുടെ നവ സംസ്‌കാര നിര്‍മ്മിതികളെ സാധ്യമാക്കുന്ന സജീവവും ജനകീയവുമായ ഈ ചലച്ചിത്രമേള കൂടുതല്‍ വികസിതമാകേണ്ടുന്നതിന്റെ ആവശ്യകതയെ ഇത്തവണത്തെ മേളയും ഓര്‍മ്മപ്പെടുത്തുന്നു.

അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കു സമാന്തരമായി കാഴ്ച ചലച്ചിത്രവേദി കാഴ്ച ഇന്‍ഡീ ചലച്ചിത്രമേള ടാഗോര്‍ തിയറ്ററിനു പുറകിലത്തെ ലെനിന്‍ ബാലവാടിയില്‍ നടത്തിയത് പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. രാജ്യാന്തര ചലച്ചിത്ര മേളകളില്‍ അവഗണനകള്‍ നേരിടുന്ന ചലച്ചിത്രങ്ങളെ ഏകോപിപ്പിച്ചുകൊണ്ടു നടത്തിയ ചലച്ചിത്രമേള സ്വതന്ത്രമായ കൂട്ടായ്മകളുടെ രാഷ്ട്രീയത്തെയും പുരോഗമന സ്വഭാവത്തേയും വെളിപ്പെടുത്തുന്നതിനൊപ്പം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്വജനപക്ഷപാതത്തെയും പരിമിതികളെയും വിമര്‍ശിക്കുക കൂടി ചെയ്യുന്നു.

You must be logged in to post a comment Login