ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കുമെന്ന് മോഹന്‍ലാല്‍

തൃശൂര്‍: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമ്മാനിക്കുന്ന ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കും. ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ.ബാലനുമായി മോഹന്‍ലാല്‍ സംസാരിച്ചു.താന്‍ ചടങ്ങിനെത്തുമെന്ന് അദ്ദേഹം ഇരുവരോടും പറഞ്ഞിട്ടുണ്ട്.

സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം ഇന്ന് മാത്രമെ ലാലിനു കൈമാറും. ‘അമ്മ’ എന്ന സംഘടനയ്ക്കും സിനിമാ രംഗത്തിനും സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളില്‍ സന്തോഷം ലാല്‍ രേഖപ്പെടുത്തി.

മോഹന്‍ലാലിനെ ചടങ്ങിലേക്ക് മുഖ്യാതിഥിയായി ക്ഷണിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.വിവാദം അനാവശ്യമായി ഉണ്ടാക്കരുതെന്നും മന്ത്രി എകെ ബാലന്‍ താക്കീത് ചെയ്തു. മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 108 പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി തള്ളിയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

മോഹന്‍ലാലിനെ ഒറ്റപ്പെടുത്താന്‍ സിനിമാ മേഖലയില്‍ എന്തോ ചില കുസൃതി നടക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ മികച്ച നടനുള്ള അവാര്‍ഡ് നേടിയ ഇന്ദ്രന്‍സ് നേരത്തെ പറഞ്ഞിരുന്നു. എല്ലാവരും പിണക്കം മറന്ന് ഒരുമിച്ച് നില്‍ക്കണം. കലാരംഗത്ത് ഒത്തൊരുമ ഉണ്ടാകണം. മോഹന്‍ലാലിനെ വിളിക്കാന്‍ തന്റെ കൈയില്‍ നമ്പരില്ല. പക്ഷേ ഞാന്‍ വിളിച്ചാല്‍ അദ്ദേഹം എന്തു വിചാരിക്കുമെന്നും ആശങ്കയുണ്ട്. ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കണമെന്നും താരങ്ങള്‍ പങ്കെടുത്താല്‍ ചടങ്ങിന്റെ മാറ്റ് കുറയില്ലെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി.

നേരത്തെ അവാര്‍ഡ്ദാന ചടങ്ങിലെ മുഖ്യാതിഥിയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ട സിനിമാ പ്രവര്‍ത്തകനും സംവിധായകനുമായ ഡോ. ബിജു രംഗത്ത് എത്തിയിരുന്നു. തങ്ങള്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ഒരിടത്തും മോഹന്‍ലാലിന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും ആ പ്രസ്താവന കണ്ട് മാധ്യമങ്ങള്‍ അത് മോഹന്‍ലാലിന് എതിരെ ആണെന്ന് തെറ്റായി വ്യാഖ്യാനിച്ചത് ആണെന്നും ഡോ. ബിജു സൗത്ത് ലൈ വിനോട് പറഞ്ഞു. ‘സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തിന് മുഖ്യാതിഥിയുടെ ആവശ്യമില്ല. ഇത്തവണ മോഹന്‍ലാല്‍ ആയിരിക്കും മുഖ്യാതിഥി എന്ന വാര്‍ത്ത വന്നത് കൊണ്ടായിരിക്കും മാധ്യമങ്ങള്‍ അത് മോഹന്‍ലാലിന് എതിരെയുള്ള പ്രസ്താവന ആണെന്ന് വ്യാഖ്യാനിച്ചത്. നാളെ മോഹന്‍ലാലിന്റെ സ്ഥാനത്ത് മമ്മൂട്ടി ആണെങ്കിലും ഞങ്ങളുടെ നിലപാട് ഇതുതന്നെ ആയിരിക്കും’ ഡോ. ബിജു പറഞ്ഞു.

‘താന്‍ മോഹന്‍ലാലിന് എതിരെ ഒപ്പ് ഇട്ടിട്ടില്ലെന്ന പ്രകാശ് രാജിന്റെ പ്രസ്താവന സ്വാഭാവികമാണ്. മാധ്യമങ്ങള്‍ വിളിച്ച് നിങ്ങള്‍ മോഹന്‍ലാലിന് എതിരെ ഒപ്പിട്ടിട്ടുണ്ടോ എന്ന് ചോദിക്കുമ്പോള്‍ ഇല്ലാ എന്നായിരിക്കും അദ്ദേഹത്തിന്റെ മറുപടി. പെട്ടെന്ന് ഒരാള്‍ എന്നെ വിളിച്ച് നിങ്ങള്‍ മോഹന്‍ലാലിന് എതിരെ ഒപ്പിട്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഞാനും പെട്ടെന്ന് പറയുക ഇല്ലെന്നായിരിക്കും. അതില്‍ മോഹന്‍ലാലിന്റെ പേരില്ല എന്ന് പ്രസ്താവന വായിച്ചവര്‍ക്ക് മനസ്സിലാകും. ഈ പ്രസ്താവന വായിച്ച് കേള്‍പ്പിച്ചിട്ട്, നിങ്ങള്‍ ഇതില്‍ ഒപ്പിട്ടിട്ടുണ്ടോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ ചോദിക്കേണ്ടിയിരുന്നത്. സമാന മനസ്‌കരായ ആളുകള്‍ ചേര്‍ന്ന് പുറപ്പെടുവിച്ച പ്രസ്താവനയുടെ പൂര്‍ണരൂപം ഇന്നലെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ മോഹന്‍ലാലിന്റെ പേര് കൂട്ടിച്ചേര്‍ത്താണ് മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും സമര്‍പ്പിച്ചതെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. മുഖ്യമന്ത്രിയുടെയോ സാംസ്‌കാരിക മന്ത്രിയുടെയോ ഓഫീസുമായി ബന്ധപ്പെട്ടാല്‍ നിജസ്ഥിതി അറിയാവുന്നതാണ്’ ഡോ. ബിജു പറഞ്ഞു.

You must be logged in to post a comment Login