ചലച്ചിത്ര താരങ്ങളുടെ സമ്പന്ന പട്ടികയില്‍ ഇടം പിടിച്ചത് ഇന്ത്യയില്‍ നിന്ന് നാലുപേര്‍

sha+sal+aksh
മുംബൈ: ലോകത്ത് ഏറ്റവുമധികം ആസ്തിയുള്ള ചലച്ചിത്ര താരങ്ങളില്‍ ആദ്യ ഇരുപതില്‍ ഇടം പിടിച്ചത് ഇന്ത്യയില്‍ നിന്ന് നാലുപേര്‍. നാലുപേരും ബോളീവുഡില്‍ നിന്നുള്ളവരാണ്. ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍ എന്നിവരാണ് ഫോബ്‌സ് മാസികയുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള കിങ് ഖാനാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍. 33 മില്യണ്‍ ഡോളറാണ് ഷാരൂഖിന്റെ ആസ്തി. പ്രശസ്ത ഹോളീവുഡ് താരം റോബര്‍ട്ട് ഡൗണി ജൂനിയറിനൊപ്പമാണ് ഷാരൂഖ് ഇക്കാര്യത്തില്‍. ജനപ്രിയ താരങ്ങളായ ലിയനാഡോ ഡി കാപ്രിയോ, ക്രിസ് പ്രാറ്റ്, വില്‍ സ്മിത്ത് എന്നിവരേക്കാള്‍ ആസ്തി ഷാരൂഖിനുണ്ട് എന്നതാണ് രസകരമായ വസ്തുത.

മറ്റൊരു ബോളീവുഡ് താരമായ അക്ഷയ് കുമാര്‍ 31.5 മില്യണ്‍ ഡോളറുമായി പത്താം സ്ഥാനത്തും 28.5 മില്യണ്‍ ഡോളറുമായി സല്‍മാന്‍ ഖാന്‍ പതിനാലാം സ്ഥാനത്തുമാണ്. ഇന്ത്യന്‍ സിനിമയിലെ ബിഗ്ബി പക്ഷെ ഇക്കാര്യത്തില്‍ വളരെ പിറകിലാണ്. 20 മില്യണ്‍ ഡോളര്‍ ആസ്തിയുമായി പതിനെട്ടാം സ്ഥാനത്താണ് ബച്ചന്‍. കഴിഞ്ഞ വര്‍ഷം ഏഴാം സ്ഥാനത്തായിരുന്നു ബിഗ്ബി.

64.5 മില്യണ്‍ ഡോളറുമായി ഹോളിവുഡ് താരം ഡ്വെയിന്‍ ജോണ്‍സനാണ് പട്ടികയില്‍ മുന്നില്‍. കഴിഞ്ഞ വര്‍ഷത്തെ ഒന്നാം സ്ഥാനക്കാരനായിരുന്ന ഡൗണി ജൂനിയറിനെയാണ് ജോണ്‍സണ്‍ പിന്തള്ളിയത്. ജാക്കിച്ചാന്‍, മാറ്റ് ഡാമന്‍, ടോം ക്രൂസ്, ജോണി ഡെപ്പ് എന്നിവരാണ് യഥാക്രമം രണ്ടുമുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍.

നടിമാരില്‍ പത്താം സ്ഥാനത്തുള്ള ദീപികാ പദുകോണ്‍ മാത്രമാണ് ഇന്ത്യയില്‍ നിന്ന് പട്ടികയിലുള്ളത്. നടിമാരില്‍ ഒന്നാം സ്ഥാനത്തുള്ള ജെന്നിഫര്‍ ലോറന്‍സിന് ഡ്വെയിന്‍ ജോണ്‍സണേക്കാള്‍ 20 മില്യണ്‍ ഡോളര്‍ കുറവാണ് ആസ്തി. പ്രതിഫലത്തില്‍ സ്ത്രീപുരുഷ താരങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അസമത്വമാണ് ഇത് കാണിക്കുന്നതെന്ന് മാസിക പറയുന്നു.

You must be logged in to post a comment Login