ചവിട്ടിത്തീര്‍ത്ത വഴികള്‍

നീരജ വര്‍മ്മ

”സൈക്കിള്‍ ചവിട്ടൂ ആരോഗ്യം നേടൂ” തൃശൂര്‍ പാമ്പൂര്‍ സ്വദേശി ഹരിയുടെ മുദ്യാവാക്യമതാണ്. രാജ്യാന്തര സ്‌പോര്‍ട്‌സില്‍ ഫ്രാന്‍സിലെ അഡാക്‌സ് ക്ലബ് നടത്തുന്ന സൈക്കിള്‍ മത്സരത്തില്‍ കേരളത്തിലെ മൂന്നു ക്ലബ്ബുകളില്‍ കൊച്ചിന്‍ സൈക്കോഴ്‌സ് ക്ലബില്‍ നിന്ന് കേരളത്തിലെ നാലാമത്തെ സൂപ്പര്‍ റൈഡറെന്ന പദവിയും തൃശൂരിലെ ആദ്യ സൂപ്പര്‍ റൈഡര്‍ പദവിയും 2016 ല്‍ നേടിയെടുക്കുകയും തുടര്‍ന്ന് 1200 വരെ എത്തുകയും ചെയ്തതിന്റെ വഴികള്‍ പറയുമ്പോള്‍ സൈക്കിളിങ്ങിലേക്കെത്തിയത് യാത്രയുടെ ഹരം കൊണ്ടുമാത്രമാണെന്ന് ഹരി വിശ്വസിക്കുന്നു.
വര്‍ഷത്തില്‍ ഒരു തവണമാത്രം നടത്തുന്ന മത്സരത്തില്‍ 200 കി.മി 13.5 മണിക്കൂറില്‍ ഫിനിഷ് ചെയ്യണം. ചെക് പോയിന്റില്‍ നിയമങ്ങള്‍ അനുസരിച്ചുകൊണ്ട് 10 മണിക്കൂറില്‍ തീര്‍ത്തു. രണ്ടുമാസത്തിനുശേഷം 300 കീ.മി 20 മണിക്കൂറില്‍ തീര്‍ക്കേണ്ടത് 18 മണിക്കൂര്‍ കൊണ്ടും, അടുത്തത് 400 കീ.മി 30 മണിക്കൂര്‍ എന്നത് 25 മണിക്കൂറിലും, അടുത്ത 600 കീ.മി, 40 മണിക്കൂര്‍ കൊണ്ടുള്ളത് 38 മണിക്കൂറിലും തീര്‍ത്ത് 1500 കീ.മി പാസ്സായി സക്‌സസ് വേള്‍ഡ് സൂപ്പര്‍ റൈഡര്‍ എടുത്ത് 1000 കീ.മി 18 പേരോടൊപ്പം തുടര്‍ന്ന് 4 പേര്‍ അവസാനിപ്പിക്കുമ്പോഴുണ്ടായ രണ്ടു മലയാളികളില്‍ ഒരാളാവുകയും, 2019 ജനുവരിയില്‍ 90 മണിക്കൂറില്‍ തീര്‍ക്കേണ്ട 1200 കീ.മി 87 മണിക്കൂറില്‍ തീര്‍ക്കുകയും ചെയ്ത വിജയഗാഥയോടൊപ്പം ‘എല്ലാം അവസാനിച്ചോ’ എന്നു കരുതിയ നിമിഷങ്ങളും ഉണ്ടായീ എന്നു പറയുമ്പോള്‍, ഇദ്ദേഹത്തെയെന്തേ ആരും ശ്രദ്ധിക്കാത്തത് എന്ന ചോദ്യമുയരുന്നു.
‘ലോകം മുഴുവന്‍ സൈക്കിളില്‍ കറങ്ങണം, മാഞ്ചസ്റ്റര്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവിടങ്ങളിലൊക്കെ പോകണം’ ഹരിയുടെ സ്വപ്‌നമാണ്. തൃശൂര്‍ സീതാറാം ടെസ്റ്റൈയില്‍സില്‍ തൊഴിലാളിയായിരുന്ന പാമ്പൂര്‍ വെളുത്താത്ത് തറവാട്ടില്‍ ഗോവിനന്ദനെന്ന കൃഷിക്കാരന്റെ എട്ടുമക്കളില്‍ ഏഴാമത്തെയാളായ ഹരി എല്ലാവരില്‍ നിന്നും വ്യത്യസ്തനാകാന്‍ ചെറുപ്പം മുതലേ ആഗ്രഹിച്ചു. കുറ്റൂര്‍ സ്‌കൂളിലെ പഠനത്തിനു ശേഷം ബി.കോം-ല്‍ ഡിഗ്രിയെടുത്ത് കോയമ്പത്തൂരില്‍ ഹെഡ് ഓഫീസുള്ള ഒരു പമ്പ്‌സെറ്റ് കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി നോക്കുമ്പോള്‍ കമ്പനിയുടെ കളക്ഷന്‍ നടത്തുന്നതിനായി ചെറിയ യാത്രകളായിട്ടായിരുന്നു തുടക്കം. ആ യാത്രകള്‍ ഒരു നീണ്ട യാത്രയുടെ തുടക്കങ്ങളാണെന്ന് അറിഞ്ഞില്ല. കേരളം മുഴുവന്‍ എത്തി തുടങ്ങിയപ്പോള്‍ യാത്ര പുറത്തോട്ടുകൂടെയാവാമെന്ന് തീരുമാനിച്ചു. പക്ഷെ ഉദ്യോഗത്തില്‍ ഓഫീസിലിരിക്കുക എന്നത് നിര്‍ബന്ധമായിരുന്നു. 96 ല്‍ നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിക്കുകയായിരുന്നു. അതിനുശേഷം ഇലക്ട്രീഷ്യനും പ്ലംബറുമായി. ഒപ്പം അലൂമിനിയം ഫാബ്രിക്കേഷന്‍ പഠിച്ചു. ഒരു സുഹൃത്തിനോടൊപ്പം പാമ്പൂര്‍ സെന്ററില്‍ ഒരു കട തുടങ്ങുകയും ഇപ്പോള്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ വര്‍ക്കിലൂടെ ജീവനമാര്‍ഗ്ഗം കണ്ടെത്തുകയും ചെയ്യുന്നു.
1998 ലായിരുന്നു കേരള സാഹസിക സംഘത്തിനൊപ്പംകൂടി ആദ്യയാത്ര നടത്തിയത്. ഒരാഴ്ചത്തെ യാത്ര വയനാട്ടില്‍. സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ നിന്നു തുടങ്ങി തുഷാരഗിരിയിലൂടെ കല്പറ്റ നിന്ന് പക്ഷിപാതാളം വരെ ഇരുപത്തിരണ്ടുപേരടങ്ങുന്ന വനയാത്ര. പിന്നീട് നിരന്തരയാത്രകളായിരുന്നു. ആത്മീയപരിവേഷമുള്ള യാത്രകളിലും ഒപ്പംകൂടി. മൂകാംബികയിലെ കുടജാദ്രിയിലും ചിത്രമൂലയിലും അഞ്ചെട്ടുതവണയെത്തി. കാസര്‍ഗോഡുമുതല്‍ അഗസ്ത്യാര്‍കൂടം വരെ പലയാത്രകള്‍. ഏറ്റവുമൊടുവില്‍ റാണിപുരം പുല്‍മേടിലൂടെ കുമാര പര്‍വ്വതത്തിലേക്ക് പ്രകൃതിസൗന്ദര്യം നുകര്‍ന്ന് ആസ്വദിച്ച്, വീണ്ടും, വീണ്ടും, ഒരേയിടത്തേക്ക് പോവുക ചിലപ്പോഴൊക്കെ ഹരിക്കിഷ്ടമാണ്. ഹിമാലയത്തിലേക്ക് ആറുതവണ. മൂന്നുപ്രാവശ്യം സര്‍പ്രാസ് മലതന്നെയാണ് കയറിയത്. 2002 ല്‍ ആരംഭിച്ച ഹിമാലയന്‍ യാത്രയില്‍ 2013 ല്‍ കര്‍ദ്ദുഖല പാസ്സ് സൈക്കിളില്‍ ചവിട്ടി കയറിയ 5 പേരില്‍ ഒരാള്‍. ലേലഡാക്കില്‍ നിന്ന് 93 കീ.മി. ലോകത്ത് പര്‍വ്വത റോഡ് ഉള്ള ഒരേ ഒരു സ്ഥലവുമാണ് കര്‍ദൂഖല പാസ്സ്. 52 ദിവസംകൊണ്ട് 5 പേര്‍ സൈക്കിള്‍ ചവിട്ടിയെത്തിയത് ലോക റെക്കാര്‍ഡ് ആണെങ്കിലും എവിടെയും കുറിക്കപ്പെട്ടില്ല. 2013 ജൂലൈ 17 മുതല്‍ സെപ്റ്റംബര്‍ 18 വരെയായിരുന്നു ഈ ഹിമാലയന്‍ സൈക്കിളിംഗ്. ഇറക്കുമതി ചെയ്ത വില കൂടിയ ഗിയര്‍ സൈക്കിളാണുപയോഗിച്ചത്. 2002ല്‍ തുടങ്ങിയ ഹിമാലയന്‍ യാത്രയില്‍ 2005 ലെ തവാംഗ് യാത്ര മനസ്സിലെ വലിയ ക്യാന്‍വാസില്‍ ആശ്ചര്യദായകമാണ്. മുപ്പതു കിലോമീറ്ററിനപ്പുറം ചൈന ബോര്‍ഡര്‍. കനത്ത സെക്യൂരിറ്റി. ഒരു ബട്ടര്‍ഫ്‌ളൈ സര്‍വ്വേയ്ക്കായിട്ടാണവിടെയിത്തിയത്. പൗരാണിക ബുദ്ധക്ഷേത്രവും യുദ്ധസ്മാരകങ്ങളുമൊക്കെ അതിമനോഹരം.
2014ല്‍ ഹിമാലയത്തിലെ കസോള്‍ ഗ്രാമത്തിലൊരു കല്യാണം കൂടാന്‍ പോയത് ബഹുരസമായിരുന്നു. ഹിമാലയത്തിന്റെ താഴ്‌വാരങ്ങളിലെ ചെറുഗ്രാമങ്ങളില്‍ (പത്തമ്പതു കുടുംബങ്ങള്‍ താമസിക്കുന്നയിടയാണ് ഗ്രാമങ്ങള്‍) പലതവണയുള്ള യാത്രയില്‍ പരിചയപ്പെട്ട ഒരു കുടുംബം അവിടുണ്ടായിരുന്നു. അവിടുത്തെ പുതിയ തലമുറയിലെ ചെറുപ്പക്കാരന്റെ കല്യാണത്തിന് ഫെയ്‌സ്ബുക്കിലൂടെ വന്ന വിളിയാണ് അവിടെയെത്തിച്ചത്. ഫോട്ടോഗ്രാഫിയോടേറെ കമ്പമുള്ള ഹരി എന്നും കയ്യിലൊരു ക്യാമറ കരുതിയിരുന്നു. ആദ്യകാല ക്യാമറകള്‍ക്ക് ഫിലിമിട്ടുപയോഗിക്കണമെന്നതുകൊണ്ട് ധാരാളം പണച്ചിലവ് അതിനുണ്ടായിരുന്നു. ഇപ്പോള്‍ ആധുനിക സൗകര്യമുള്ള ഡിജിറ്റല്‍ ക്യാമറ ഉപയോഗിക്കുന്നു. ആ ഗ്രാമവാസികളാകട്ടെ ക്യാമറയിലൂടെ ആദ്യമായിട്ടായിരുന്നു സ്വന്തം രൂപം കാണുന്നത്. കല്യാണമാണേല്‍ വര്‍ണ്ണാഭം. ഹോമകുണ്ഡമൊക്കെയൊരുക്കിയത്രെ വിവാഹം. എല്ലാവര്‍ക്കും പുതുവസ്ത്രങ്ങള്‍ ലഭിക്കുന്നു. വിശേഷപ്പെട്ട സദ്യയും. അതുകഴിഞ്ഞ് ആട്ടവും പാട്ടും. 120 വയസ്സുവരെയുള്ളവര്‍ ഇവര്‍ക്കിടയിലുണ്ട്. എല്ലാവരും ഡാന്‍സില്‍ പങ്കെടുക്കുന്നു. ചോറും കറികളുമൊക്കെയായി വലിയ സദ്യയാണ്. വരുന്നവര്‍ പ്ലെയിറ്റും ഗ്ലാസും കൊണ്ടുവരണം ഭക്ഷണം കഴിക്കാന്‍. കൈകൊണ്ട് ചോറ് വാരിയിടുകയാണ്. വൃത്തിഹീനമായ സ്ഥലത്തിരുന്നും അവര്‍ ഭക്ഷണം കഴിക്കും. ഇപ്പോള്‍ ശുചിമുറികള്‍ പണിതു തുടങ്ങിയിട്ടുണ്ട്. കൃഷിയാണ് മുഖ്യ തൊഴില്‍. ചെമ്മരിയാടിനെ വളര്‍ത്തി രോമം ഷേവ് ചെയ്‌തെടുത്ത് നൂലുണ്ടാക്കിക്കൊണ്ടേയിരിക്കും. മുതിര്‍ന്നവര്‍ മുതല്‍ കുട്ടികള്‍ വരെ. കല്യാണത്തിന് വധുവിനെ അമ്മാവന്‍ ചാക്കില്‍കെട്ടി മുതുകത്തുവെച്ച് കൊണ്ടുവന്ന് ഹോമകുണ്ഡത്തിനരികില്‍ വെക്കും. ചെറുക്കന്റെ ഗ്രാമത്തിലേക്ക് അന്നു തന്നെ യാത്രതുടങ്ങും. ഇപ്പോള്‍ കാറുചെല്ലുന്ന വഴികളൊക്കെയുണ്ട്. ബാക്കി ദൂരമേ നടക്കേണ്ടൂ. എന്നാലും ചുരുങ്ങിയതൊരു പത്തുപതിനാലു കിലോമീറ്റല്‍ നടന്നാണ് പുതിയ ഗ്രാമത്തിലെത്തിയത്.
2002,2003,2005,2007,2013 എന്നീ വര്‍ഷങ്ങളില്‍ ഹിമാലയന്‍ യാത്ര തന്നെയായിരുന്നു. 6 തവണ ഹിമാലയത്തിലേക്കെത്തിയത് ഇനീം തുടരണമെന്നുമാഗ്രഹിക്കുന്നു. മഞ്ഞുപൊഴിയുന്ന സീസണില്‍ ആ ഗ്രാമവാസികളുടെ ജീവിതത്തില്‍ പങ്കാളിയാവാന്‍ പോകണമെന്നാണടുത്തയാഗ്രഹം. 2 മാസം മരപ്പാളിയടിച്ച വീടിനുള്ളില്‍ കഴിഞ്ഞുകൂടുന്ന ഹിമാലയന്‍ ജനതക്കൊപ്പം മൈനസ് ഡിഗ്രി തണുപ്പില്‍ അവരുടെ ജീവിത രീതിയില്‍ കഴിയും.
ഹിമപാളികളിലും വനത്തിലും മാത്രമായിരുന്നില്ല യാത്ര. 2008 ല്‍ രാജസ്ഥാന്‍ മരുഭൂമിയിലേക്ക്. ഡെല്‍ഹിയിലെ യൂത്ത് ഹോസ്റ്റല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഏഴുദിവസത്തെ യാത്ര. ഗുജറാത്ത് ബോര്‍ഡ് വരെ. അന്തമില്ലാത്ത മരുഭൂമി. ഒട്ടകപ്പുറത്താദ്യം. കയ്യില്‍ മൂന്നുലിറ്റര്‍ വെള്ളം മാത്രം. അഞ്ചാറുദിവസം കുളിപോലുമില്ല. പൊഖ്‌റാന്റടുത്തുവരെയെത്തി. ജയ്‌സാല്‍മീര്‍ ട്രക്കിംങ്.
ഒട്ടകപ്പുറത്ത് കയറി മണല്‍ കൂമ്പാരങ്ങളിലൂടെയുള്ള യാത്ര. മണല്‍ എന്നു പറയുന്നതിനെക്കാള്‍ പൊടിമണ്ണ് എന്നാണു പറയേണ്ടത്. മണല്‍ പറന്നുപോകും. പകല്‍ കനത്തചൂടും രാത്രിയില്‍ കടുത്ത തണുപ്പും. ചൂടിനു മുന്‍പും തണുപ്പിനു ശേഷവും കാറ്റുണ്ടാവില്ല. വൈകുന്നേരും മണല്‍ തണുക്കും സെപ്തംബര്‍, ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ടൂറിസം സീസണ്‍. മരുഭൂമിയില്‍ വസിക്കുന്നവര്‍ക്ക് മാനസികോല്ലാസം പകരുന്ന മേളകളാണിവ, പണ്ടത്തെ കാലത്ത് മനുഷ്യനെ കൈമാറ്റം ചെയ്തിടത്ത് ഇപ്പോള്‍ മൃഗങ്ങളും വസ്തുക്കളും കൈമാറുന്നു. സ്ത്രീകള്‍ നൃത്തം ചെയ്ത് പണമുണ്ടാക്കുന്നു. ഇപ്പോഴും കൈമാറ്റ കച്ചവടം നടക്കുന്ന സ്ഥലമാണീ മേളകള്‍. വലിയ ഞൊറിയുള്ള നിറമുള്ള പാവാടയുടുത്ത് പരമ്പരാഗതമായ നൃത്തച്ചുവടുകളുമായി സ്ത്രീകള്‍, അതാസ്വദിക്കുന്ന മുന്തിയ വര്‍ഗ്ഗക്കാരായ ഹൂക്ക വലിക്കുന്ന പുരുഷന്മാര്‍ ഇതൊക്കെയാണീ മേളയുടെ കാഴ്ച്ചകള്‍.
2009 ല്‍ ചില്ല എന്ന സംഘടനയ്ക്കുവേണ്ടി നിരാലംബ കുട്ടികള്‍ക്കായി അഗതിമന്ദിരം നിര്‍മ്മിക്കാനായി ബില്‍ഡിംഗ് ഫണ്ട് സ്വരൂപിക്കുന്നതിലേക്ക് കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ സ്ത്രീകളും കുട്ടികളുമടക്കം 18 പേരടങ്ങുന്ന സംഘം സാധാരണസൈക്കിളില്‍ യാത്ര ചെയ്താണ് സൈക്കിള്‍ ജീവിതത്തിനു തുടക്കമിട്ട ആദ്യാവസരം.
2010 ല്‍ കൂടംങ്കുളം ആണവനിലയത്തിനെതിരെ തീരദേശജനതയെ ബോധവല്‍ക്കരിക്കുന്നതിനായി എറണാകുളം മുതല്‍ തിരുവനന്തപുരം വരെ ഏഴുദിവസത്തോളം തീരദേശത്തുകൂടെ നാല്പതോളം പേരില്‍ ഒരാളായി യാത്ര ചെയ്തത്. യുറേനിയം തണുപ്പിക്കുമ്പോഴുണ്ടാകുന്ന വെയ്സ്റ്റ് വാട്ടര്‍ ക്യാന്‍സര്‍ ഉണ്ടാക്കുമെന്നറിഞ്ഞിട്ടും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മറികടന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഇന്നും വേദനിപ്പിക്കുന്നു.
എന്‍ഡോസള്‍ഫാന്‍ വിഷയം ഏഴിമലയിലെ 380 ഏക്കര്‍ ചൈനക്ലേ, മാടായി പാറയിലെ കുന്നിടിക്കല്‍, പ്ലാച്ചിമടയിലെ ഭൂഗര്‍ഭ ജനമൂറ്റുന്നതിലുള്ള പ്രതിഷേധം, പരിസ്ഥിതി പ്രവര്‍ത്തനം, ജൈവകൃഷി തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയായിരുന്നു. കാടുയാത്ര, മഴ നടത്തം അങ്ങിനെ വിവിധ മേഖലകളില്‍.
സൗഹൃദങ്ങള്‍ കൂട്ടിയിണക്കാനും പുതിയ ബന്ധങ്ങളുണ്ടാക്കാനും മിടുക്കനായ റോബിന്‍ കേരളീയന്റെ നേതൃത്വത്തിലുള്ള കേരളീയം എന്ന സാംസ്‌കാരിക പത്രം വഹിച്ച പങ്ക് അവിസ്മരണീയമാണ്. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക സമ്മേളനങ്ങളുമായി കേരളത്തിലുടനീളമുള്ള യാത്രകള്‍. അങ്ങിനെയൊരു സ്വീകരണത്തില്‍ വടകരയില്‍ വെച്ചാണ് നിഴല്‍ മന്ത്രിസഭയിലെ അനില്‍ ജോസിനെ പരിചയപ്പെടുത്തുന്നത്. 2011ല്‍ പുരുഷാവകാശ സംഘടനയുടെ സെക്രട്ടറിയായ ഗോകുല്‍ പി.ആറിനൊപ്പം ഒരു മഹാറാലി. ഊര്‍ജ്ജസംരക്ഷണം, ആരോഗ്യസംരക്ഷണം, ഒപ്പം ഇന്‍ഡ്യന്‍ കുടുംബസംരക്ഷണം എന്നീ മുദ്രാവാക്യവുമായി ആറാമത്തെ തവണത്തെ ഹിമാലയന്‍ സൈക്കിളിംഗ്. കര്‍ദുല പാസ്സില്‍ നിന്ന് തിരിച്ചുവന്ന് കൊരട്ടിയില്‍ ഡോ.പ്രഭുദാസ് ഉണ്ടായിരുന്ന കാലത്ത് കുഷ്ഠരോഗാശുപത്രിയ്ക്കുവേണ്ടി നടത്തിയ സൈക്കിള്‍ പ്രചരണം. അതാണ് വഴിത്തിരിവ്.
അട്ടപ്പാടിയിലെ പാവങ്ങളുടെ ദൈവമായിരുന്ന ഡോ. പ്രഭുദാസ് ഡി.എം.ഒ ആയിരുന്നപ്പോള്‍ വിളിച്ച് സൈക്കിളില്‍ പാലക്കാട്ടേക്ക് വരാന്‍ പറഞ്ഞത് ഒരു ആഡ് ചെയ്യാനായിരുന്നു. അമൃതം ആരോഗ്യത്തിനുവേണ്ടി അടുത്ത മൂന്ന് വര്‍ഷത്തേക്ക് അംബാസിഡറായി നിയമിച്ചുകൊണ്ടുള്ള ഓര്‍ഡര്‍ അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന ശ്രീമതി ടീച്ചറില്‍ നിന്നു കൈപ്പറ്റുകയും അക്കാലത്ത് സ്‌കൂളുകളിലും കോളേജുകളിലുമൊക്കെയായി ബോധവല്‍ക്കരണത്തിനായി സൈക്കിളില്‍ തന്നെ യാത്ര ചെയ്ത് പോവുകയും ചെയ്തിരുന്നു. ഡോ. പ്രഭുദാസ് അട്ടപ്പാടിയിലേക്കു പോയപ്പോള്‍ അവിസ്മരണീയമായ മറ്റൊരു അനുഭവവും ഉണ്ടായി. അട്ടപ്പാടിയില്‍ ചെന്ന് ഏതാണ്ടു നൂറോളം മെഡിക്കല്‍ സ്റ്റുഡന്‍സിനു വേണ്ടി ക്ലാസ് എടുക്കാനായത്. തൃശൂരില്‍ നിന്ന് സൈക്കിള്‍ ചവിട്ടി തന്നെയാ അട്ടപ്പാടിയിലെത്തിയത്. രാത്രി 9 മണിക്കവിടെ ചെന്നിറങ്ങി ഒന്നരമണിക്കൂറോളം നേരത്തെ ക്ലാസ്സ്.
നിങ്ങള്‍ എന്തിനാണ് ഡോക്ടര്‍മാരാകുന്നത് എന്ന ചോദ്യത്തോടെ ഹിമാലയന്‍ യാത്രയുടെ ദൃശ്യങ്ങളുമൊക്കെയായി രോഗിയല്ലാത്തവരെ ചികിത്സിക്കാം എന്ന സന്ദേശം കൈമാറിയത്. രോഗമില്ലാത്ത സമൂഹത്തെ സൃഷ്ടിക്കാനുള്ള ഡോക്ടര്‍മാരാകാനുള്ള സന്ദേശം. ഡോ. പ്രഭുദാസിന്റെ മറ്റൊരു പ്രൊജക്ട് ഇന്നും നടപ്പിലായില്ല എന്ന ഖേദവും ഹരി പങ്കുവെക്കുന്നു. കുട്ടിപോലീസ് പോലെ കുട്ടി ഡോക്ടര്‍മാരെ തിരഞ്ഞെടുത്ത് ട്രെയിനിംഗ് കൊടുത്ത് ഹെല്‍ത്ത് സെന്ററുകളുടെ കീഴിലുള്ള വാര്‍ഡുകളിലുള്ളവരുടെ ആരോഗ്യത്തെക്കുറിച്ചറിയുവാനും കുട്ടികള്‍ക്ക് സമൂഹത്തോട് അടുപ്പമുണ്ടാകാനും ഉദ്ദേശിച്ചുള്ള പ്രൊജക്ട്. ഡോ. പ്രഭുദാസ് അട്ടപ്പാടിയിലേക്ക് പോയതോടെ ആ പ്രൊജക്ട് പൊടിപിടിച്ചു കിടക്കുകയായിരുന്നു. ഇപ്പോള്‍ ടൗണില്‍ സ്വന്തം നിലയ്ക്ക് ഒരു സൈക്കിള്‍ ഗ്രൂപ്പ് നടത്തുന്നുണ്ട്. ഛംി ഇ്യരഹല ഏൃീൗു എന്ന പേരില്‍ ഏതാണ്ട് തൊണ്ണൂറോളം പേരുണ്ട്. പരിചയമുള്ളവരുമായി ചേര്‍ന്നാണിത് നടത്തുന്നത്. കേരളത്തിലെ ആദ്യത്തെ സൈക്കിള്‍ ക്ലാസ്സും തൃശൂരിലാണുണ്ടായത്. ഇപ്പോള്‍ ഏതാണ്ട് നാല്പതോളം സൈക്കിള്‍ ക്ലാസുകളുണ്ട്. ഒന്നിനും രജിസ്‌ട്രേഷനില്ല. ഫീസും. കൂട്ടായ്മ മാത്രമാണിത്. എല്ലാ ഞായറാഴ്ചയും രാവിലെ സൈക്കിളുമായി എത്തുന്നവരെല്ലാം ചേര്‍ന്ന് തൃശൂരിന്റെ മുപ്പതുകിലേമീറ്റര്‍ ചുറ്റളവിലെവിടെങ്കിലും സൈക്കിള്‍ ചവിട്ടുന്നു. ഗിയര്‍ സൈക്കിളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു. ഞായറാഴ്ച ക്ലാസ്സുകലിലെത്തുന്നവര്‍ക്ക് ഗിയര്‍ സൈക്കിളുമായി ബന്ധപ്പെട്ട അറിവുകള്‍ നല്‍കുന്നു. മസില്‍പെയിന്‍ ഉണ്ടാവില്ല ഇതു ചവിട്ടുമ്പോള്‍.
ഒരു ഡല്‍ഹി-നേപ്പാള്‍ യാത്രയും ഹരി പ്ലാന്‍ ചെയ്യുന്നുണ്ട്. ഭാവിയില്‍ സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്നതിന്റെ തെളിവായി സ്‌കൂളുകളില്‍ സൈക്കിള്‍ സ്‌പോര്‍ട്‌സ് ആയിട്ടെടുപ്പിക്കാന്‍ കഴിഞ്ഞതും, തീരദേശ ഹൈവേക്ക് ഒരു സൈക്കിള്‍ പാതയുണ്ടാവും എന്നതും, ഒരു നേട്ടമായി കരുതുന്നു. 34 പ്രാവശ്യം ബ്ലഡ് കൊടുത്ത് സ്റ്റേറ്റ് ലവലില്‍ ബ്ലഡ് ഡൊണേഷന്‍ ഡേയില്‍ അവാര്‍ഡ് കിട്ടിയ ആളാണ്. അമ്പതുകളിലെത്തിയ ഹരി ഒരിക്കല്‍ പോലും തന്റെ കയ്യില്‍ വോട്ടിന്റെ മഷിപുരട്ടിയിട്ടില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ്‌വില്ല.
ഏറ്റവുമൊടുവില്‍ നടത്തിയ തൃശൂര്‍ കൊല്ലൂര്‍ യാത്രയുടെ ത്രില്ലിലാണിപ്പോള്‍ ഹരി. പത്തു ദിവസത്തെ ട്രിപ്പായത് മഴകാരണം മൂന്നുദിവസം മാറിനില്‍ക്കേണ്ടി വന്നതിനാലായിരുന്നു.
കര്‍ണ്ണാടക ടൂറിസവുമായി ബന്ധപ്പെടുന്ന വി.ഐ.പി. സൈക്കിളില് ആകൃഷ്ടനായി അവരുടെ നാട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നു. 2020 ജനുവരി 26ന് കൊച്ചിയില്‍ നടക്കുന്ന ഒരു ഗിന്നസ് റെക്കാര്‍ഡിലേക്ക് 3500 പേരോടൊപ്പം ഹരിയുമുണ്ടാകും. ഹരിയേപ്പോലെ ഒരാളെ പ്രോത്സാഹിപ്പിക്കാന്‍ ഒരു സ്‌പോണ്‍സര്‍ പോലുമുണ്ടാകാത്തതെന്ത് എന്നു ചോദിക്കുമ്പോള്‍ ‘സ്‌പോണ്‍സറെ പ്രൊജക്ട് ചെയ്യുന്ന പിക്ചറുകള്‍ ഒട്ടാന്‍ തനിക്ക് താല്‍പര്യമില്ല’ എന്ന ഹരിയുടെ വാചകം. സാമ്പത്തിക പരാധീനതക്കിടയിലും ഹരി സ്വപ്‌നങ്ങളുടെ പുറകെ തന്നെയാണ്. ഹരിയുടെ വീട്ടിലെ ഓരോ വസ്തുവിനും , വീടിനു ചുറ്റും വീട്ടിലെ ചുവരുകള്‍ക്കുമെല്ലാം ഓരോ കഥ പറയാനുണ്ട്. നേട്ടങ്ങളുടേയും വേദനകളുടേയും കഥ. ചില ഭ്രാന്തുകളുടെ കഥ. പ്രകൃതിയോടൊപ്പം അഭിനയിക്കാതെ ജീവിച്ചകഥ.
ഹരിയുടെ വീടിന്റെ ചുവരില്‍ തൂക്കിയിട്ട ഒരു ചിത്രം പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു. ഒരു സുഹത്ത് സമ്മാനിച്ച ഒരു കൊളാഷ് ആര്‍ട്ട്. ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ച സമയത്ത് ഡല്‍ഹിയില്‍ നടന്ന സിഖ് വിരുദ്ധ കലാപത്തെ തുടര്‍ന്ന് ഇന്ത്യാ ടുഡേയില്‍ വന്നിരുന്ന ചിത്രങ്ങള്‍ മാത്രം വെട്ടി ഒട്ടിച്ചുണ്ടാക്കിയ നീലയും മഞ്ഞയും വസ്ത്രങ്ങളണിഞ്ഞ് നൃത്തം ചെയ്യുന്ന ഒരു യുവതി. മനോഹരമായ ഒരു ഫോട്ടോയാണെന്ന് തെറ്റിദ്ധരിച്ചുപോകുന്ന ചിത്രം. മദ്യക്കുപ്പികള്‍ കൊണ്ടുള്ള ഷോകേസ്സും മെഡലികളുടെ നിരയും കുറേ ബോണ്‍സായികളും, ചീനഭരണിയിലെ ചിത്രങ്ങളും വേരുകളും ചെടികളുമൊക്കെയായി സ്വന്തം ഗൃഹത്തില്‍ ഹരി ഒറ്റക്കാണ്. ആള്‍ക്കൂട്ടത്തില്‍ തനിയെ, വട്ടത്തില്‍ ചവിട്ടുമ്പോള്‍ നീളത്തില്‍ പോയി നാടുചുറ്റിവരുന്ന ഹരിയുടെ ഫോട്ടോശേഖരം അത്യപൂര്‍വ്വം. ഒന്നു പ്രദര്‍ശിപ്പിക്കാനാവാതെ സൂക്ഷിച്ചുവെച്ചിരിക്കുന്നു.
ഏതാണ്ട് പത്തുവര്‍ഷം പഴക്കമുള്ള ഗ്രാമസമാധാന സംഘം എന്നുപേരുള്ള ലൈബ്രറിയുടെ തട്ടകത്തില്‍ നിന്ന് വന്ന ഹരി പാമ്പൂര്‍. അതെ, വ്യത്യസ്തനാണ്. പ്രശസ്തിക്കു പിമ്പേ പായാത്ത പച്ചമനുഷ്യന്‍. ഉയരങ്ങളില്‍ നില്‍ക്കുമ്പോഴും ഉയരത്തിലാണെന്ന് ഭാവിക്കാത്ത ഹരി.

You must be logged in to post a comment Login