ചാന്ദിലക്ക് ബിസിസിഐ സമന്‍സ്; ആജീവനാന്ത വിലക്ക് വന്നേക്കും

ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ ആരോപണ വിധേയനായ രാജസ്ഥാന്‍ റോയല്‍സ് താരം അജിത് ചാന്ദിലയ്ക്ക് ബി.സി.സി.ഐ സമന്‍സ് അയച്ചു. ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ യൂണിറ്റ് മേധാവി രവി സവാനിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്. ഈ മാസം 29 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്നാണ് നിര്‍ദേശം. ചാന്ദിലയ്ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. കൂടിക്കാഴ്ചയുടെ റിപ്പോര്‍ട്ട് സവാനി ബി.സി.സി.ഐയ്ക്ക് സമര്‍പ്പിക്കും.

 

ബി.സി.സി.ഐയുടെ അച്ചടക്ക സമിതിയായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. നേരത്തെ മലയാളി താരം ശ്രീശാന്ത് ഉള്‍പ്പെടെ നാലു കളിക്കാര്‍ക്ക് ബി.സി.സി.ഐ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അച്ചടക്ക സമിതിയുടെ യോഗത്തില്‍ ചാന്ദില ഹാജരായിരുന്നില്ല. ക്രിമിനല്‍ ഗുഢാലോചന, വഞ്ചന, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മേയ് 16 നാണ് ശ്രീശാന്ത്, ചവാന്‍, ചാന്ദില എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തത്. ഐ.പി.എല്‍ ഒത്തുകളി കേസ് താരങ്ങളില്‍ തുടങ്ങി ടീം ഉടമകളിലും സിനിമ താരങ്ങളിലും വരെയെത്തി.

You must be logged in to post a comment Login