ചാമ്പ്യന്മാർക്ക് ആദ്യ ജയം; ചെന്നൈയിനെ കെട്ടുകെട്ടിച്ചത് എതിരില്ലാത്ത 3 ഗോളുകൾക്ക്

ഐഎസ്എല്ലിലെ 20ആം മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെ പരാജയപ്പെടുത്തി ബെംഗളൂരു എഫ്സി. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാർ മുൻ ചാമ്പ്യന്മാരെ കെട്ടുകെട്ടിച്ചത്. എറിക് പാർതലു, സുനിൽ ഛേത്രി, സെംബോയ് ഹവോകിപ് എന്നിവരാണ് ബെംഗളൂരുവിനു വേണ്ടി ഗോളുകൾ നേടിയത്.

ആദ്യ പകുതിയിലെ ഗംഭീര പ്രകടനമാണ് ബെംഗളൂരുവിനു ജയം സമ്മാനിച്ചത്. എറിക് പാർതലുവും ഛേത്രിയും ആഷിഖും ചേർന്ന് ചെനൈ പ്രതിരോധത്തെ പലതവണ പരീക്ഷിച്ചു. പലപ്പോഴും ഗോൾ കീപ്പർ വിശാൽ കീത്താണ് ചെന്നൈയിൻ്റെ രക്ഷക്കെത്തിയത്. 14ആം മിനിട്ടിൽ ബെംഗളൂരു ആദ്യ വെടിപൊട്ടിച്ചു. ഡിമാസ് ഡെൽഗാഡോയുടെ ക്രോസിൽ തലവെച്ച പാർതലു പന്ത് വലയിലേക്ക് തിരിച്ചു വിട്ടു. വീണ്ടും ബെംഗളൂരു ആക്രമണം തുടർന്നു. 25ആം മിനിട്ടിൽ അടുത്ത ഗോൾ. റാഫേൽ അഗസ്റ്റോയുടെ ഏരിയൽ ത്രൂ ബോളിൽ നിന്ന് സുനിൽ ഛേത്രിയാണ് സ്കോർ ചെയ്തത്. ബെംഗളൂരു ആക്രമണം നിർത്തിയില്ലെങ്കിലും ആദ്യ പകുതിയിൽ പിന്നീട് ഗോളുകളൊന്നും വന്നില്ല.

രണ്ടാം പകുതിയിൽ ബെംഗളൂരുവിനൊപ്പം ചെന്നൈയിനും ആക്രമിക്കാൻ തുടങ്ങി. ഇരുവശത്തേക്കും അവസരങ്ങൾ മാറിമറിഞ്ഞു. ഗോൾ തിരിച്ചടിക്കാൻ ചെന്നൈയിൻ കിണഞ്ഞു ശ്രമിക്കുന്നതിനിടെ 84ആം മിനിട്ടിൽ ബെംഗളൂരു മൂന്നാമത്തെ ഗോളടിച്ചു. എറിക് പാർതലുവിൻ്റെ അസിസ്റ്റിൽ നിന്ന് സെംബോയ് ഹാവോകിപ് ആണ് മൂന്നാം ഗോൾ നേടിയത്.

ജയത്തോടെ ബെംഗളൂരു ആറ് പോയിൻ്റുമായി അഞ്ചാം സ്ഥാനത്തേക്കുയർന്നു.

You must be logged in to post a comment Login