ചാമ്പ്യന്‍സ് ലീഗ്: എല്ലാം മെസിയുടെ ഇന്ദ്രജാലം; നൗകാമ്പില്‍ ബാഴ്‌സ അനായാസം ക്വാര്‍ട്ടറില്‍


മാഡ്രിഡ്: റയല്‍ മാഡ്രിഡിനെതിരെ അയാക്‌സിന്റെ തിരിച്ചുവരവില്‍ പ്രചോദനവുമായി കളിക്കാനിറങ്ങിയ ഫ്രഞ്ച് ടീം ലിയോണിന്റെ സ്വപ്നങ്ങളൊന്നും നൗകാമ്പില്‍ പൂവണിഞ്ഞില്ല. അട്ടിമറികളൊന്നും തങ്ങളോട് നടപ്പില്ലെന്ന് അടിവരയിട്ട് സ്പാനിഷ് കരുത്തരായ ബാഴ്‌സലോണ യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലേക്ക് കടന്നു. പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ സ്വന്തം തട്ടകത്തില്‍ ലിയോണിനെതിരെ ഏകപക്ഷീയ വിജയം നേടിയാണ് ബാഴ്‌സയുടെ ക്വാര്‍ട്ടര്‍ പ്രവേശം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സലോണയുടെ വിജയം. ആദ്യ പാദം ഗോള്‍ രഹിതമായിരുന്നു അവസാനിച്ചത്.

രണ്ട് ഗോളുകള്‍ നേടുകയും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത് ഇതിഹാസ താരം ലയണല്‍ മെസി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ബാഴ്‌സയ്ക്ക് ഒരു ആശങ്കയുമുണ്ടായിരുന്നില്ല. ശേഷിച്ച ഗോളുകള്‍ കുട്ടീഞ്ഞോ, ജെറാര്‍ഡ് പിക്വെ, ഒസ്മാന്‍ ഡെംബലെ എന്നിവരും വലയിലാക്കി.

കളിയുടെ ആദ്യ 31മിനുട്ടില്‍ തന്നെ ബാഴ്‌സലോണ രണ്ടു ഗോളുകള്‍ക്ക് മുന്നില്‍ എത്തിയിരുന്നു. മെസിയും കുട്ടീഞ്ഞോയുമാണ് ഗോളുകള്‍ നേടിയത്. ഒരു പനേങ്ക പെനാള്‍റ്റിയിലൂടെ ആയിരുന്നു മെസിയുടെ ഗോള്‍. സുവാരസിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു കുട്ടീഞ്ഞോയുടെ ഗോളിന്റെ പിറവി. ബാഴ്‌സയിലെത്തി കളി മറന്നെന്ന വിമര്‍ശനം നേരിട്ടു കൊണ്ടിരിക്കുന്ന കുട്ടീഞ്ഞോയ്ക്ക് ഈ ഗോള്‍ വലിയ ആശ്വാസം നല്‍കും.

രണ്ടാം പകുതിയില്‍ ഒരു ഗോള്‍ മടക്കി സ്‌കോര്‍ 2-1 ആക്കി ലിയോണ്‍ ഒന്ന് വിറപ്പിച്ചെങ്കിലും ആ ഗോളോടെ ബാഴ്‌സലോണ കൂടുതല്‍ ശക്തി പ്രാപിച്ചു. പിന്നെ തുടരെ തുടരെ ഗോളുകള്‍ വന്നു. 78ആം മിനുട്ടില്‍ മെസിയും, 81ആം മിനുട്ടില്‍ മെസിയുടെ പാസില്‍ നിന്ന് പിക്വെയും ഗോള്‍ നേടി. സബ്ബായി എത്തിയ ഡെംബലെയും ഗോളടിയില്‍ ഒപ്പം ചേര്‍ന്നതോടെ പട്ടിക പൂര്‍ണം. ഡെംബലയുടെ ഗോളിനും വഴിയൊരുക്കിയതും മെസി തന്നെ.

റയല്‍ മാഡ്രിഡും അത് ലറ്റിക്കോ മാഡ്രിഡും പാതി വഴിയില്‍ വീണതോടെ ക്വാര്‍ട്ടറിലെത്തിയ ഏക സ്പാനിഷ് ടീമായി കറ്റാലന്‍ പട മാറി.

You must be logged in to post a comment Login