ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദം; പിഎസിജിയെ നേരിടാന്‍ മെസിപ്പട ഇന്നിറങ്ങും

നൗക്യാമ്പ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടര്‍ രണ്ടാംപാദ മത്സരത്തില്‍ പാരീസ് സെന്റ് ജെര്‍മെയ്‌നെ(പിഎസ്ജി) നേരിടാന്‍ സ്വന്തം തട്ടകമായ നൗക്യാമ്പില്‍ ബാഴ്‌സ ഇന്നിറങ്ങും. ആദ്യപാദത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കു തോറ്റ ബാഴ്‌സയ്ക്ക് ക്വാര്‍ട്ടര്‍ ബര്‍ത്ത് നേടണമെങ്കില്‍ കുറഞ്ഞത് 5-0ന് എങ്കിലും ജയിക്കണം. അതേസമയം ആദ്യപാദം 4-0ന് തോറ്റ ശേഷം ഒരു ടീമും ഇന്നുവരെ ഇത്തരത്തിലൊരു തിരിച്ചുവരവ് നടത്തിയിട്ടില്ലെന്നത് ബാഴ്‌സയെ ഭയപ്പെടുത്തുന്ന ചരിത്രമാണ്.

സ്വന്തം മണ്ണിലാണ് മത്സരമെന്നതും എംഎസ്എന്‍ ത്രയം മികച്ച ഫോമിലാണെന്നതും മാത്രമാണ് ബാഴ്‌സയ്ക്ക് അല്പമെങ്കിലും പ്രതീക്ഷ നല്‍കുന്നത്. സ്പാനിഷ് ലാ ലിഗയില്‍ കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ നിന്ന് ബാഴ്‌സ നേടിയത് 11 ഗോളുകളാണ്.

പിഎസ്ജിക്കെതിരേ ഇതേ പ്രകടനം പ്രതീക്ഷിക്കാമെന്നാണ് കോച്ച് ലൂയിസ് എന്റിക്വെയുടെയും വാദം.ഞങ്ങള്‍ തിരിച്ചടിക്കും. അസാധ്യമായതൊന്നുമില്ല. ഞങ്ങളുടെ ദിനമാണെങ്കില്‍ ഫ്രഞ്ച് ടീമിന്റെ വലയില്‍ അഞ്ചല്ല ആറു ഗോളുകള്‍ വേണമെങ്കിലും നേടാന്‍ ബാഴ്‌സയ്ക്കാകും. ഇന്നത്തെ ഗാലറിയും ഞങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. ഇത് ഞങ്ങളുടെ മണ്ണാണ്. അത്രപെട്ടെന്ന് തോറ്റു തരില്ല. എന്റിക്വെ പറയുന്നു.

ബാഴ്‌സ കോച്ചിന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കുന്നുവെന്നാണ് പിഎസ്ജി സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയ പറഞ്ഞത്. തിരിച്ചടിക്കാന്‍ കെല്‍പ്പുള്ള ടീമാണ് ബാഴ്‌സ. ലോകത്തിലെ മികച്ച താരമായ ലയണല്‍ മെസിയാണ് അവരുടെ തുറുപ്പ് ചീട്ട്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമാണെന്നും ഡിമരിയ പറഞ്ഞു.

ലീഗിലെ മറ്റൊരു മത്സരത്തില്‍ ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഇന്ന് ബെന്‍ഫിക്കയെ നേരിടും. ആദ്യ പാദത്തില്‍ ബെന്‍ഫിക്കയോട് 1-0ന് തോറ്റ ഡോര്‍ട്ട്മുണ്ട് സ്വന്തം കാണികളുടെ മുന്നില്‍ അതിന് തിരിച്ചടി നല്‍കാനൊരുങ്ങുകയാണ്.ഇന്ത്യന്‍ സമയം രാത്രി 1.15 മുതലാണ് രണ്ടു മത്സരങ്ങളും ആരംഭിക്കുക. ടെന്‍ സ്‌പോര്‍ട്‌സ് ഒന്ന്, രണ്ട് എന്നിവയില്‍ മത്സരം തത്സമയം കാണാം.

You must be logged in to post a comment Login