ചാരവൃത്തി: അറസ്റ്റിലായ വിസാ ഏജന്റ് ഫെയ്‌സ്ബുക്ക് പേജില്‍ ‘ബിജെപി പ്രവര്‍ത്തകന്‍’; കേന്ദ്ര മന്ത്രിമാര്‍ക്കൊപ്പം ഫോട്ടോ;  പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി

ചാരപ്രവര്‍ത്തനം നടത്തിയതിന് ഒടുവില്‍ അറസ്റ്റിലായ വിസ ഏജന്റ് ഷോയിബ് ഹുസ്സൈന്‍ ഫെയ്‌സ്ബുക്ക് പേജില്‍ എഴുതിയിരിക്കുന്നത് ബിജെപി പ്രവര്‍ത്തകന്‍ എന്നാണ്. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്റെ മകനാണ് ഹുസൈന്‍. രണ്ട് വര്‍ഷം മുമ്പ് നടന്ന ബിജെപി ദേശീയ സമ്മേളനത്തില്‍ ഇയാള്‍ കേന്ദ്രമന്ത്രിമാരായ മനോഹര്‍ പരീക്കര്‍, ഹര്‍ഷവര്‍ദ്ധന്‍ എന്നിവരുടെ കൂടെ നില്‍ക്കുന്ന ഫോട്ടോകളും ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ ബിജെപി പ്രവര്‍ത്തകനെന്ന വാദം പാര്‍ട്ടി തള്ളി. ഇയാളുമായി പാര്‍ട്ടിക്ക് ഒരു ബന്ധവും ഇല്ലെന്നും ഇയാള്‍ പാര്‍ട്ടി പ്രവര്‍ത്തകനെല്ലെന്നും ജോഥ്പൂരിലെ ബിജെപി നേതാവ് ദേവേന്ദ്ര ജോഷി പറഞ്ഞു.

നാഗൂറിലെ മെര്‍ട്ട റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. പാക് നയതന്ത്രജ്ഞന്‍ മെഹമ്മൂദ് അക്തറിനെയും മറ്റ് രണ്ട് രാജസ്ഥാന്‍ സ്വദേശികളെയും പിടികൂടിയതിന് ശേഷമാണ് ഹുസൈനെ അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി പാക് ഉദ്യോഗസ്ഥന് നല്‍കുന്നത് ഈ മൂന്ന് പേരുമായിരുന്നു. ഇവരെ മാസങ്ങളായി പൊലീസ് നീക്ഷിച്ചുവരികയായിരുന്നു.

സുഭാഷ് ജാംഗിര്‍, മൗലാനാ റംസാന്‍ ഖാന്‍ എന്നിവരാണ് പിടിയിലായ രണ്ട് പേര്‍. നയതന്ത്ര പരിഗണന നിലനില്‍ക്കുന്നതിനാല്‍ പാക് ഉദ്യോഗസ്ഥന്‍ മെഹമ്മൂദ് അക്തറിനെ വിട്ടയക്കുകയായിരുന്നു. 48 മണിക്കൂറിനകം ഇയാളോട് രാജ്യംവിടാനും നിര്‍ദേശിച്ചു.

14877750_1316385818381038_2030230508_n

അക്തര്‍ ആണ് റംസാന്‍ ഖാനെയും ജാംഗിറിനെയും ഐ.എസ്.ഐക്കു വേണ്ടി റിക്രൂട്ട് ചെയ്തത്. രാജസ്ഥാനിലെ നാഗൂര്‍ ജില്ലയിലെ പള്ളിയില്‍ പുരോഹിതനാണ് റാംസാന്‍ ഖാന്‍. മികച്ച പ്രാസംഗികനായ ഇയാള്‍ 50ഓളം കുട്ടികള്‍ക്ക് മതപഠനവും നല്‍കിയിരുന്നു. പാക് അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശമാണ് നാഗൂര്‍. പള്ളി പരിപാലനത്തിന് 2000 രൂപയും കുട്ടികളെ പഠിപ്പിക്കുന്നതിന് 3000 രൂപയുമാണ് വേതനമായി ലഭിച്ചിരുന്നത്.

മികച്ച വ്യക്തിത്വമുള്ളതിനാലും പള്ളിയില്‍ പുരോഹിതനായതിനാലും റംസാന്‍ ഖാന് ഏറെ സന്ദര്‍ശകര്‍ ഉണ്ടായിരുന്നു. പ്രതിരോധസേനാ ഉദ്യോഗസ്ഥരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. അക്തറിന്റെ നിര്‍ദേശപ്രകാരമാണ് റംസാന്‍ ഖാന്‍ അതിര്‍ത്തി പ്രദേശത്തെ പള്ളിയില്‍ പുരോഹിതനായി എത്തിയത്. അതിര്‍ത്തി പ്രദേശങ്ങളുടെ ഭൂമിശാസ്ത്ര വിവരങ്ങള്‍ റംസാന്‍ഖാന് കൃത്യമായി അറിയാമായിരുന്നു. റംസാന്‍ ഖാന്‍ ആണ് ജാംഗിറിനെ ഐ.എസ്.ഐയിലേക്ക് റിക്രൂട്ട് ചെയ്തത്.

പലവ്യഞ്ജന വ്യാപാരമായിരുന്നു ജാംഗിറിന്റെ തൊഴില്‍. റംസാന്‍ ഖാന് ഇയാളെ നേരത്തെതന്നെ പരിചയം ഉണ്ടായിരുന്നു. കച്ചവടം കുറവായതിനാല്‍ നഷ്ടം നേരിട്ടതോടെ റംസാന്‍ ഖാന്‍ സഹായവാഗ്ദാനം നല്‍കി ഇയാളെ ആകര്‍ഷിക്കുകയായിരുന്നു. മകന്‍ ചാരപ്രവര്‍ത്തനത്തിന് പിടിയാലായത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല ജാംഗിറിന്റെ പിതാവ് ഹരികിഷന്‍ പറഞ്ഞു. ഫിസിക്കല്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടറാണ് അദ്ദേഹം. നാഗൂറില്‍ സ്വാതന്ത്ര്യദിനത്തില്‍ ജില്ലാതല കായിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത് ജാംഗിറിന്റെ പിതാവാണ്. 2013 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാംഗിര്‍ സ്വതന്ത്രനായി മത്സരിച്ചിരുന്നു.

ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചു വരികയാണെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. പ്രതിരോധ സേനയുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും അക്കൗണ്ടുകളില്‍നിന്ന് പണം നല്‍കിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login