ചാലക്കുടി രാജീവിന്റെ കൊലപാതകം കയ്യബദ്ധമെന്ന് അഡ്വ.സി.പി.ഉദയഭാനു; ക്വട്ടേഷന്‍ കൊടുത്തത് ബന്ദിയാക്കാന്‍

കൊച്ചി: ചാലക്കുടി രാജീവിന്റെ കൊലപാതകം കയ്യബദ്ധമെന്ന് അഡ്വ.സി.പി.ഉദയഭാനു.ക്വട്ടേഷന്‍ നല്‍കിയത് ബന്ദിയാക്കാനാണ്. കൊലപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടില്ല. പണം തിരിച്ചുപിടിക്കാന്‍ രാജീവിന്റെ സ്വത്ത് കൈവശപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എല്ലാം ചെയ്തത് ചക്കര ജോണിയും രഞ്ജിത്തും ചേര്‍ന്നാണെന്നും താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും ഉദയഭാനു പൊലീസിന് മൊഴി നല്‍കി. നിയമോപദേശം നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഉദയഭാനു പൊലീസിനോട് പറഞ്ഞു.

ചാലക്കുടിയില്‍ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ ഏഴാംപ്രതിയായ അഡ്വ. സി.പി. ഉദയഭാനുവിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടില്‍നിന്നാണ് അന്വേഷണസംഘം ഉദയഭാനുവിനെ അറസ്റ്റ് ചെയ്തത്. കീഴടങ്ങാന്‍ തയ്യാറാകുന്നതിനിടെയായിരുന്നു അറസ്റ്റ്. മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്നു ഉദയഭാനു.

രാജീവിന്റെ അങ്കമാലിയിലെ വീട്ടില്‍ ഉദയഭാനു പലതവണ വന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു നേരത്തേ ലഭിച്ചിരുന്നു. കേസില്‍ നേരിട്ടു പങ്കുള്ള നാലു പ്രതികളെയും ഇവരെ കൃത്യത്തിനു നിയോഗിച്ച ചക്കര ജോണി, രഞ്ജിത്ത് എന്നിവരെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ഉചിതമായ കേസാണിതെന്നു വിലയിരുത്തിയാണു ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയത്. കീഴടങ്ങാന്‍ കൂടുതല്‍ സാവകാശം നല്‍കാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഒളിവില്‍ പോയ ഉദയഭാനുവിനെ കണ്ടെത്താനുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിരുന്നു.

റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാന്‍ നടത്തിയ ഗുണ്ടായിസമാണ് രാജീവിന്റെ കൊലയില്‍ കലാശിച്ചത്. പരിയാരം തവളപ്പാറയില്‍ കോണ്‍വന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ് രാജീവിന്റെ  മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ചത്തെ ആസൂത്രണത്തിനുശേഷം രാജീവിനെ നാലംഗ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ കെട്ടിടത്തില്‍ അടയ്ക്കുകയും വസ്തു ഇടപാടുരേഖകളില്‍ ബലമായി ഒപ്പുവയ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല നടത്തുകയുമായിരുന്നു.

അതിനിടെ രാജീവ് വധക്കേസില്‍ അഡ്വ.സി.പി.ഉദയഭാനു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവെ സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ജസ്റ്റിസ് പി.ഉബൈദ് രംഗത്തെത്തിയിരുന്നു.  ജുഡീഷ്യല്‍ മര്യാദക്ക് നിരക്കുന്നതല്ല ഉത്തരവിലെ പരാമര്‍ശങ്ങള്‍ എന്നും, പരാമര്‍ശവും ഇതു സംബന്ധിച്ചുള്ള മാധ്യമ വാര്‍ത്തകളും തനിക്ക് വ്യക്തിപരമായ അവമതിപ്പ് ഉണ്ടാക്കിയെന്നും ഉബൈദ് വ്യക്തമാക്കി. നിയമത്തിന്റെ ദുരുപയോഗം ഉണ്ടായി എന്ന് ബോധ്യമായാല്‍ കോടതിക്ക് അന്വേഷണവും അറസ്റ്റും സ്റ്റേ ചെയ്യാം. പരാതിയുള്ളവര്‍ കത്തെഴുതുകയല്ല, മേല്‍ക്കോടതിയെ സമീപിക്കുകയാണ് ചെയ്യേണ്ടതെന്നും ഉബൈദ് വ്യക്തമാക്കിയിരുന്നു.

കേസില്‍ ഏഴാം പ്രതിയായ അഭിഭാഷകന്‍ സി.പി.ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിയിലെ പരാമര്‍ശങ്ങളാണ് ജസ്റ്റീസ് ഉബൈദ് ചോദ്യം ചെയ്തിരിക്കുന്നത്. ഇന്നലെ മറ്റൊരു കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ തുറന്ന കോടതിയിലായിരുന്നു ജസ്റ്റിസ് ഉബൈദ് അതൃപ്തി രേഖപ്പെടുത്തിയത്.

ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ജസ്റ്റിസ് ഹരിപ്രസാദാണ് ചൊവ്വാഴ്ച ജസ്റ്റിസ് ഉബൈദിന്റെ നടപടികള്‍ ചോദ്യം ചെയ്തത്.  മുന്‍കൂര്‍ ജാമ്യാപേക്ഷ ആദ്യം പരിഗണിച്ച ജസ്റ്റിസ് ഉബൈദ് അറസ്റ്റ് തടഞ്ഞിരുന്നു. ചോദ്യം ചെയ്യാന്‍ പൊലീസിന് അവസരമുണ്ടെന്നും എന്നാല്‍ അറസ്റ്റ് പാടില്ലെന്നുമായിരുന്നു ഉബൈദിന്റെ വിധി. പിന്നീട് ജസ്റ്റിസ് ഹരിപ്രസാദിന്റെ മുന്നിലെത്തിയപ്പോഴാണ് ഹര്‍ജി തള്ളിയത്.

ഉദയഭാനുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാം എന്ന് കോടതി  പിന്നീട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാം എന്ന വാദം കോടതി അംഗീകരിച്ചില്ല. നിയമം എല്ലാവര്‍ക്കും ബാധകമെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.  ഏത് ഉന്നതനുംമുകളിലാണ് നീതിപീഠമെന്നും കേസ് അന്വേഷണം മുന്നോട്ട് നീങ്ങാന്‍ ഉദയഭാനുവിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

കേസില്‍ ഉദയഭാനുവിനെതിരെ ശക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഉദയഭാനുവിനെ കസ്റ്റഡിയില്‍ എടുക്കണമെന്നും വിശദമായി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. കേസിലെ അഞ്ചാം പ്രതി ചക്കര ജോണിയുമായുള്ള ഫോണ്‍ വിളി രേഖകള്‍ ഗൂഢാലോചനയില്‍ ഉദയഭാനുവിന്റെ പങ്ക് വ്യക്തമാക്കുന്നതായാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. രാജീവിനെ കൊലപ്പെടുത്തിയ ദിവസം ആലപ്പുഴയില്‍ വൈകിട്ട് നാലരയ്ക്ക് അഡ്വ.ഉദയഭാനുവും രണ്ടു പ്രതികളും ഒരേ ടവര്‍ ലൊക്കേഷനിലുണ്ടായിരുന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

രാജീവിന്റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും കേസില്‍ ബോധപൂര്‍വം കുടുക്കാനാണ് പൊലീസിന്റെ ശ്രമമെന്നുമാണ് ഉദയഭാനുവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. പ്രതിഭാഗത്തിന്റേയും വാദിഭാഗത്തിന്റേയും വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യ ഹര്‍ജി വിധി പറയാന്‍ മാറ്റുകയായിരുന്നു. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു.

You must be logged in to post a comment Login