ചിക്കന് നികുതി കൂട്ടി; ഇറച്ചിക്കോഴി വ്യാപാരികള്‍ സമരത്തില്‍

കൊച്ചി: അന്യസംസ്ഥാനത്തു നിന്നും വരുന്ന ചിക്കന്‍വരവ് കുറഞ്ഞസാഹചര്യത്തിലും ചിക്കന്റെ നികുതി വര്‍ദ്ധിച്ച സാഹചര്യത്തിലും വ്യാപാരികള്‍ അനിശ്ചിതകാലത്തേക്ക് ചിക്കന്‍ സ്റ്റാളുകള്‍ അടച്ചിട്ട് പ്രതിഷേധ സമരം നടത്താന്‍ തീരുമാനിച്ചു. അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനയ്‌ക്കൊപ്പം ചിക്കന്റെയും വിലവര്‍ദ്ധനവ് സാധാരണക്കാര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്. ഓണം അടുത്ത സാഹചര്യത്തില്‍ ഈ സ്ഥിതി തുടരുകയാണെങ്കില്‍ ഇത് വിപണിയെ കാര്യമായി ബാധിച്ചേക്കും.പൗള്‍ട്രി മേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷന്റെ ആഭിമുഖ്യത്തിലാണ് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.

 

വിപണിവില അടിസ്ഥാനമാക്കി നികുതി അടയ്ക്കണമെന്നുള്ള പുതിയ സര്‍ക്കുലര്‍ പിന്‍വലിക്കുക, കോഴിയുടെ തറവില 70 രൂപയില്‍ നിന്നും 95 രൂപയായി വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കുക, നികുതി പതിനാലര ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി കുറയ്ക്കുക, കേരളത്തിലെ കര്‍ഷകരുടെ നികുതി ഇളവ് പരിധി പത്ത് ലക്ഷത്തില്‍ നിന്നും 60 ലക്ഷമായി ഉയര്‍ത്തുക, കോഴിക്കുഞ്ഞിന്റെ നികുതി എടുത്തുകളയുക, കര്‍ഷകര്‍ക്ക് വൈദ്യുതി സൗജന്യനിരക്കില്‍ നല്‍കുക, പൊല്യൂഷന്‍ നിയമത്തിന്റെ പേരിലുള്ള പീഡനം അവസാനിപ്പിക്കുക, ചില്ലറ വ്യാപാരികളെ മാലിന്യ സംസ്‌കരണത്തിന്റെ പേരില്‍ ലൈസന്‍സ് നല്‍കാതെ ആരോഗ്യവിഭാഗം നടത്തുന്ന പീഡനം അവസാനിപ്പിക്കുക, മാലിന്യസംസ്‌കരണത്തിന് സര്‍ക്കാര്‍ ബജറ്റില്‍ പ്രത്യേക ഫണ്ട് അനുവദിക്കുക, കോഴിക്കടയും ലോഡുമായി വരുന്ന വണ്ടികളും തടഞ്ഞുനിര്‍ത്തി സെയില്‍ ടാക്‌സ് ഇന്റലിജന്‍സ് വിഭാഗം നടത്തുന്ന പീഡനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന്  ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് താജുദ്ദീന്‍, ജനറല്‍ സെക്രട്ടറി എസ്.കെ. നസീര്‍ എന്നിവര്‍  അറിയിച്ചു

You must be logged in to post a comment Login