ചിത്രവധക്കൂട്

  • ടി.കെ. പുഷ്‌കരന്‍

തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത കാലം. തമ്പുരാന് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന അടിമകളുടെ കാലം. ശരീരവും ജീവനും കുടുംബവും മറ്റൊരാള്‍ക്ക് അധീനമാകുന്ന രീതിയില്‍ ജീവിക്കുന്നതാണല്ലോ അടിമത്തം. മനുഷ്യന്‍ അന്യന്റെ സമ്പൂര്‍ണാധികാരത്തിന് വിധേയമാകുമ്പോള്‍ തെറ്റ് കുറ്റങ്ങള്‍ക്ക് കൊടിയ ശിക്ഷ ഏറ്റ് വാങ്ങുന്നത് സ്വാഭാവികം മാത്രം. കുടുംബ പരമോ വ്യക്തിപരമോ ആയ കടം വീട്ടലില്‍ തന്നെത്തന്നെ ഒറ്റിക്കൊടുക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നുവെന്ന് കൗടില്യന്റെ അര്‍ത്ഥ ശാസ്ത്രത്തില്‍ പറയുന്നുണ്ട്. കടം വീട്ടാന്‍ വേണ്ടി ഭാര്യയെ ഒറ്റിപ്പെണ്ണാക്കിയും നിര്‍ത്തിയിരുന്നുവത്രെ. മ്ലേഛരെയാണ് അടിമകളാക്കുക. ആര്യന്‍മാരെ അടിമകളാക്കാറില്ലെന്നും അര്‍ത്ഥശാസ്ത്രം സൂചിപ്പിക്കുന്നു. സ്ത്രീകളെ സംബന്ധിച്ചുള്ള ശിക്ഷകളില്‍ നഗ്നരാക്കി കുളിപ്പിക്കുക, മാനഭംഗപ്പെടുത്തുക എന്നീ ശിക്ഷകള്‍ക്കായിരുന്നു പ്രാധാന്യം. 1854 ല്‍ കൊച്ചിയില്‍ മാത്രം അറുപതിനായിരത്തോളം അടിമകള്‍ ഉണ്ടായിരുന്നു. 1857 ല്‍ മലബാറിലുണ്ടായിരുന്നത് എണ്‍പത്തിയൊമ്പതിനായിരം അടിമകളാണ്. അന്ന് തൊട്ടുകൂടാത്ത അയിത്തക്കാരായ ചെറുമര്‍ക്ക് അറുപതടി അകലമാണ് നിര്‍ദ്ദേശിച്ചിരുന്നന്നത്. മനുഷ്യനെ ജംഗമ വസ്തുവിനെ പോലെ വാങ്ങി വിറ്റിരുന്ന കാലത്ത് ‘അടിയാന്റെ പുറം തമ്പുരാന്റെ കൈ’ എന്ന ചൊല്ലിനെ അര്‍ത്ഥമാക്കുന്ന തരത്തിലുള്ള ശിക്ഷാ നടപടികള്‍ ഉണ്ടായിരുന്നു. ആണുങ്ങളെ മുക്കാലിയില്‍ കെട്ടിയിട്ട് ചമ്മട്ടിയ്ക്കടിക്കും. ചാട്ടവാര്‍ കൊണ്ട് ചുഴറ്റി മേലാസകലം തല്ലും. സത്യം പറയിക്കാന്‍ തിളയ്ക്കുന്ന നെയ്യില്‍ കൈവിരല്‍ മുക്കിപ്പിടിക്കും.

താണജാതിക്കാരിലെ പുരുഷന്‍മാര്‍ക്ക് തലക്കരവും സ്ത്രീകള്‍ക്ക് മൂലക്കരവും നികുതിയായി നല്‍കിയിരുന്ന ഒരു കാലം കേരളത്തിലുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് അരയ്ക്ക് മുകളില്‍ മറയ്ക്കാനോ പാദരക്ഷ അണിയാനോ നല്ല വസ്ത്രമുടുക്കാനോ കുട ചൂടാനോ അവകാശമില്ലായിരുന്നു. ഈ കരിനിയമങ്ങള്‍ തെറ്റിക്കുമ്പോഴാണ് മേലാളര്‍ ശിക്ഷ വിധിക്കുന്നത്.രാജഭരണകാലത്ത് കുറ്റവാളികളെ സംഘം ചേര്‍ന്ന് ആക്രമിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. യാതൊരുവിധ വിചാരണയും ഇല്ലാതെയാണ് അന്ന് കുറ്റവാളികളെ ശിക്ഷിച്ചിരുന്നത് തിരുവിതാംകൂര്‍ രാജഭരണ കാലത്ത് നിലനിന്നിരുന്ന ശിക്ഷാരീതികളില്‍ ഏറ്റവും ക്രൂരവും ഭയാനകവുമായ ശിക്ഷകളിലൊന്നായിരുന്നു ജീവനോടെ തൂക്കിക്കൊല്ലുകയെന്നത്.ഏതൊരു മനുഷ്യനേയും പൊതുജനമധ്യത്തില്‍ കഴുവേറ്റുകയെന്നത് ഭീകരമായ സംഭവമാണ്. ഭടന്‍മാര്‍ കുന്തം കൊണ്ട് ശരീരത്തിന്റെ പല ഭാഗത്ത് കുത്തി മുറിവേല്‍പിച്ച് മനുഷ്യാകാരമുള്ള കനത്ത ഇരുമ്പ് ചട്ട കൂടിനകത്ത് കയറ്റി നിര്‍ത്തും. പിന്നീട് ഏറ്റവും ഉയരമുള്ള കുന്നിന്റെ നെറുകയില്‍ ഒരു വലിയ തൂണിന്റെ നെറുകയില്‍ കൊളുത്തിയിടും.

ഭടന്‍മാരും രാജകിങ്കരന്‍മാരും പ്രജകളും ഹര്‍ഷാരവം മുഴക്കും. ആര്‍പ്പ് വിളികള്‍ കൊണ്ട് അന്തരീക്ഷം ശബ്ദമുഖരിതമാകും. പൊടിപാറും. ആവേശം കൊണ്ട് ആക്രമാസക്തരായ ജനക്കൂട്ടം കല്ലുകള്‍ വലിച്ചെറിയും. ഇതിനെയാണ് ചിത്രവധം എന്നുപറയുന്നത്. 12-ാം ശതകം മുതല്‍ 18-ാം ശതകം വരെ സ്‌പെയിന്‍, ഇംഗ്ലണ്ട് തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളില്‍ ചിത്രവധം നടന്നിരുന്നുവത്രെ. 1930 കളില്‍ ഹിറ്റ്‌ലര്‍ ജര്‍മ്മനിയിലെ ജൂത•ാരെ സ്റ്റോം ട്രൂപ്പേഴ്‌സ് എന്ന ചാവേര്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തിയിരുന്നതും ചിത്രവധം പേരിലാണ് ചരിത്രത്തില്‍ ഇടം പിടിച്ചത്. പാശ്ചാത്യവര്‍ണ്ണ വെറിയ•ാരുടെ ചിത്രവധ രീതികള്‍ക്ക് അതിരുകളില്ലായിരുന്നു. അതിഭീകരനരഹത്യയാണ് ചിത്രവധം. റുവാണ്ട, സെമാലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ശതക്കണക്കിന് അവര്‍ണ്ണരാണ് ചിത്രവധത്തിനിരയായതെന്ന് ചരിത്രം പറയുന്നു.

ജാതിവ്യവസ്ഥ കര്‍ക്കശമായിരുന്ന കേരളത്തില്‍ എത്രയോ സാധുമനുഷ്യര്‍ ഈ കൊടുംക്രൂരതയ്ക്ക് ഇരകളായിട്ടുണ്ട്. അവര്‍ണ്ണരുടെ ആസനത്തിലൂടെ ഇരുമ്പ് പാരയടിച്ച് കയറ്റി ഉയരമുള്ള മരത്തില്‍ ബന്ധിച്ച് ഇഞ്ചിഞ്ചായും കുറ്റവാളികളെ കൊന്നിരുന്നു. എത്രയോ ദിവസങ്ങള്‍ കഴിഞ്ഞാവും കുറ്റവാളി മരിക്കുക. ഇത് ചിത്രവധത്തിന്റെ മറ്റൊരു രൂപം. ചിത്രവധകൂടിനകത്ത് ബന്ധിച്ച് വളരെ ഉയരത്തില്‍ കഴുവേറ്റപ്പെട്ട കുറ്റവാളികള്‍ വിശന്ന് വലഞ്ഞ് കാറ്റും മഴയുമേറ്റ് വേനലില്‍ വെന്ത് കരിഞ്ഞ് കാക്കയുടേയും കഴുകന്റേയും കൊത്തേറ്റ് ഇഞ്ചിഞ്ചായ് മരിക്കുക എന്നതിനേക്കാള്‍ ക്രൂരവും ഭീതിദതവുമായ ഒരുമരണം ചരിത്രത്തില്‍ രേഖപ്പെടുത്താനാവാതെ പോവുമോ.? കോടതിവിധിക്ക് വിധേയമായി തൂക്കികൊല്ലുന്ന സമ്പ്രദായം ചിത്രവധത്തില്‍ നിന്ന് രൂപം കൊണ്ടതാണ്.

 

You must be logged in to post a comment Login