ചീനവല ഇല്ലാത്ത കൊച്ചിയോ?

  • നിഷ അനില്‍ കുമാര്‍

 

‘നാമെല്ലാം ചക്രവാളത്തിനപ്പുറമുള്ള വിസ്മയകരമായ ഏതോ പൂന്തോട്ടം സ്വപ്നം കാണുകയാണ്. തൊട്ടടുത്ത് നില്‍ക്കുന്ന മനോഹര പുഷ്പങ്ങള്‍ ഒന്നും നാം കാണുന്നേയില്ല. ജീവിക്കുന്ന കാര്യം നാം നിരന്തരം മാറ്റി വയ്ക്കുന്നു. മനുഷ്യ പ്രകൃതിയുടെ ദുരന്ത നാടകമാണിത് ‘ പ്രശസ്ത ഗ്രന്ഥകാരനായ ഡെയിന്‍ കാര്‍നെഗിയുടെ വരികളാണ് ഇത്. ചില സമീപനങ്ങള്‍, തീരുമാനങ്ങള്‍, പദ്ധതികള്‍ ഒക്കെ കാണുമ്പോള്‍ ഈ വരികളാണ് ആദ്യം ഓര്‍മ്മയില്‍ വരുന്നത്. അങ്ങിനെയൊരു തീരുമാനം കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയിലെ ചീനവലകളുടെ കാര്യത്തിലും നടപ്പിലാക്കുകയുണ്ടായി. വാട്ടര്‍ മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ബോട്ട് ജെട്ടി സ്ഥാപിക്കുന്നതിന്റെ പേരില്‍ ചീനവലകള്‍ നീക്കം ചെയ്യുന്നതിന് എതിരെ നിരവധി എതിര്‍പ്പുകള്‍ ഉയര്‍ന്നു വരികയും അധികൃതര്‍ ചീനവലകള്‍ സംരക്ഷിച്ചു കൊണ്ട് മാത്രമേ ബോട്ട് ജെട്ടി സ്ഥാപിക്കുകയുള്ളു എന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ഇത്തരം ഉറപ്പുകള്‍ക്ക് എത്രമാത്രം ആയുസുണ്ടാകും എന്ന കാര്യത്തില്‍ കൊച്ചിയിലെ ജനങ്ങള്‍ക്ക് ആശങ്കയുണ്ട് .

‘കൊച്ചി ഇപ്പോള്‍ പഴയ കൊച്ചിയല്ല’ എന്നതൊരു സിനിമ ഡയലോഗ് മാത്രമല്ല. കേരളത്തിലെ ആദ്യത്തെ മെട്രോ സിറ്റി എന്ന വിശേഷണം കൊച്ചിയുടെ അഭിമാനപൂര്‍വമായ അവകാശമാണ്. എങ്കിലും കൊച്ചി എന്നാല്‍ ആദ്യം ഓര്‍മ്മയില്‍ വരിക ഫോര്‍ട്ട് കൊച്ചിയാണ്. വിദേശീയരും സ്വദേശീയരുമായ എല്ലാത്തരം ആളുകളുടെയും പ്രധാന ആകര്‍ഷണ കേന്ദ്രം ഏത് കാലത്തും ഫോര്‍ട്ട് കൊച്ചിയാകാന്‍ കാരണം നഗരത്തിലെ മറ്റെല്ലായിടങ്ങളും ഭീമന്‍ കെട്ടിടങ്ങള്‍ കൊണ്ടും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൊണ്ടും മാളുകള്‍ കൊണ്ടും മുഖഛായ തന്നെ മാറിയപ്പോള്‍ ഫോര്‍ട്ട് കൊച്ചിയിലെ പൈതൃകവീഥികള്‍ ഇപ്പൊഴും മാറ്റമില്ലാതെ തലയുയര്‍ത്തി നില്ക്കുന്നു എന്നുള്ളത് കൊണ്ട് കൂടിയാണ് . കേരളത്തില്‍ കാലുകുത്തിയ വിദേശീയര്‍ കൊച്ചിയെ അവര്‍ക്കേറ്റവും പ്രിയപ്പെട്ട ഇടമായി കരുതിയത് ഈ നഗരം ഒരു തുറമുഖമായത് കൊണ്ട് മാത്രമല്ല . അതിഥികളെ ആലിംഗനം ചെയ്യുന്ന വിശാലത ഈ പ്രദേശത്തിന് ഉണ്ടായിരുന്നത് കൊണ്ട് കൂടിയാണ്. ഒരല്‍പ്പം നീട്ടിയ ഉച്ചാരണത്തോടെ സംസാരിക്കുന്ന ഇവിടുത്തെ ജനങ്ങള്‍ വന്നുകയറിയ സകല ജനവിഭാഗത്തെയും ഹൃദയംഗമമായി സ്വീകരിക്കുന്നവരുമായിരുന്നു.

കടലുകള്‍ താണ്ടി വിദേശീയര്‍ എത്തുന്നത് ഒരിക്കല്‍ അവരുടെ മുന്‍ഗാമികള്‍ പണിതുയര്‍ത്തിയ ഈ നഗരത്തിന്റെ അഭൗമസൗന്ദര്യം കാണുവാന്‍ വേണ്ടി തന്നെയാണ്. കൊച്ചിയുടെ സന്ധ്യകള്‍ക്ക് എന്നും ഒരുതരം മാദകത്വമുണ്ട് . മറ്റേതൊരു നഗരത്തെക്കാള്‍ കൂടുതലായി ആളുകളെ ഉന്‍മാദികളും സ്വപ്നം കാണാന്‍ കെല്‍പ്പുള്ളവരും ആക്കുന്ന നഗരം. ഒരിക്കല്‍ കാലുകുത്തിയാല്‍ തിരികെ പോകാന്‍ ആവാത്ത വിധം മയക്കി കളയുന്ന നഗരം. ഇവിടുത്തെ കടലും, പ്രൗഡഗംഭീരങ്ങളായ കെട്ടിടങ്ങളും, വഴിയോര കച്ചവടക്കാരും, ജൂതതെരുവുകളും, ചീനവലകളും, കൊളോണിയന്‍ കൈമുദ്ര പതിച്ച തെരുവുകളും, പള്ളികളും എത്ര കണ്ടാലും മതിവരാത്ത വണ്ണം ഹൃദയത്തില്‍ കോറിയിട്ടിട്ടേ ഓരോ കാഴ്ചക്കാരനും മടക്കയാത്ര നടത്താന്‍ കഴിയാറുള്ളൂ. കൊച്ചിയിലെ ഏറ്റവും മനോഹരമായ കാഴ്ച്ച എന്തെന്ന് ചോദിച്ചാല്‍ രണ്ടാമതൊന്നു ആലോചിക്കാതെ പറയാവുന്ന ഉത്തരം ‘ചീനവലകള്‍’ എന്നാണ്. കൊച്ചി എന്നു പേര് വരാന്‍ കാരണം തന്നെ രീരവശി എന്ന വാക്കില്‍ നിന്നുമാണ് ഹശസല രവശിമ എന്നാണ് അതിനര്‍ഥം. 14-ാം നൂറ്റാണ്ടിലാണ് ചീനവലകള്‍ സ്ഥാപിക്കപ്പെട്ടത്. ചീനവലകള്‍ക്കിടയിലൂടെ കാണുന്ന അസ്തമയം തന്നെയാണ് കൊച്ചിയെ ഏറ്റവും മനോഹരിയായി കാണിച്ചു തരുന്നത്. ചലിക്കുന്ന ചരിത്രം എന്നാണ് ചീനവലകളെ കുറിച്ചു അറിയപ്പെടുന്നത്.

സ്മാരകങ്ങള്‍ ഏത് രാജ്യത്തിന്റെയും സമ്പത്താണ്. പ്രതിഷ്ഠിക്കപ്പെട്ട സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോള്‍, നിരന്തരം ചലിച്ചു കൊണ്ട് ഒരു നാടിന്റെ ഭൂപടത്തിന്റെ തന്നെ സൗന്ദര്യമായി നിലനില്‍ക്കുന്ന ഈ സ്മാരകങ്ങള്‍ എന്തു കൊണ്ട് വേണ്ടവണ്ണം സംരക്ഷിക്കപ്പെടുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം നല്കാന്‍ തീര്‍ച്ചയായും നഗരസഭയും സര്‍ക്കാരും കടപ്പെട്ടവരാണ്. ഇപ്പോഴിതാ വാട്ടര്‍ മെട്രോ പദ്ധതിക്കു വേണ്ടി ഫോര്‍ട്ട് കൊച്ചിയിലെ പ്രധാനപ്പെട്ട ചീനവലകള്‍ മാറ്റാനുള്ള നീക്കം നടക്കുന്നു. കാലാ കാലങ്ങളില്‍ മാറി മാറി വരുന്ന സര്‍ക്കാര്‍ പുതിയ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും, അതില്‍ ചിലതെല്ലാം നടപ്പില്‍ വരുത്തും. പക്ഷേ ആവിഷ്‌ക്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന പദ്ധതികള്‍ വേണ്ടതാണോ, അതുകൊണ്ടുള്ള ദൂഷ്യഫലങ്ങള്‍ എന്തെല്ലാം എന്നൊക്കെ വേണ്ട വണ്ണം പഠിക്കാത്ത ഒരു കമ്മിറ്റിയാവും ഇത്തരം പദ്ധതികള്‍ മുന്നോട്ട് കൊണ്ടുവരിക. വാട്ടര്‍ മെട്രോ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി ചീനവലകള്‍ എടുത്തു മാറ്റുന്ന പദ്ധതിക്കെതിരെ എതിര്‍പ്പ് വരികയും ചീനവലകള്‍ മാറ്റാതെ തന്നെ വാട്ടര്‍ മെട്രോ പദ്ധതിക്കു വേണ്ടി സ്ഥലം കണ്ടെത്തുമെന്ന് കെ.എം.ആര്‍.എല്‍ . മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് ഉറപ്പ് പറയുകയും ചെയ്തു .നഗരങ്ങളുടെ സൗകര്യങ്ങള്‍ക്ക് വേണ്ടി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യും മുമ്പ് ആ നഗരത്തിന്റെ നിലനില്‍ക്കുന്ന പൗരാണികസമ്പത്ത് സംരക്ഷിക്കേണ്ട കടമ ഉത്തരവാദിതപ്പെട്ട ഉദ്യോഗസ്ഥന്‍മാര്‍ക്ക് ഉണ്ടായിരിക്കണം.

കൊച്ചിയിലേത് പോലുള്ള ചീന വലകള്‍ ലോകത്ത് മറ്റെങ്ങും നിലനില്‍ക്കുന്നില്ല എന്ന ചരിത്രസത്യത്തിന് നേരെയുള്ള കണ്ണുകെട്ടല്‍ കൂടിയായിരുന്നു ഇങ്ങിനെയൊരു നീക്കത്തിന് പിന്നില്‍. കൊച്ചിയിലെ ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്ന പ്രധാന ഘടകം കൂടിയാണ് ചീനവലകള്‍. ചൈനക്കാരുടെ സംഭാവന എന്നാണ് ചീനവലകളെ ചരിത്രത്തിന്റെ അടരുകളില്‍ വിശേഷിപ്പിക്കുന്നത്. പക്ഷേ ചൈനയിലോ മറ്റൊരു രാജ്യത്തോ അവശേഷിക്കാത്ത ഈ പൈതൃക സമ്പത്ത് തന്നെയാണ് കൊച്ചിയുടെ വിലമതിക്കാനാവാത്ത സാംസ്‌കാരിക ഖനി. വികസനത്തിന്റെ പേരില്‍ പണിത് കൂട്ടുന്ന അംബര ചുംബികളായ കെട്ടിടങ്ങള്‍ ജനങ്ങള്‍ക്ക് പുതുമയുടെ കൗതുകങ്ങള്‍ നല്‍കിയേക്കാം . പക്ഷേ ചരിത്രത്തിന്റെ താളില്‍ എന്നും പുതുമ മങ്ങാതെ ആലേഖനം ചെയ്യപ്പെട്ട ചില കാഴ്ചകള്‍ തന്നെയാണ് കൊച്ചിക്കാര്‍ തങ്ങളുടെ നാടിന്റെ ഹൃദയരേഖയായി കൊണ്ട് നടക്കുന്നതും അഭിമാനിക്കുന്നതും .കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് എടുത്തു മാറ്റപ്പെടുന്ന ഓരോ സ്മാരകങ്ങളും പിന്നീട് ചരിത്രത്തില്‍ നിന്നും അടര്‍ന്ന് പോകും . അങ്ങിനെ എവിടെയെങ്കിലും മാറ്റി വയ്ക്കാവുന്ന ഉരുപ്പടികളാവരുത് കൊച്ചിയുടെ ചീനവലകള്‍.

ചീനവലകള്‍ സംരക്ഷിച്ചു കൊണ്ട് ബോട്ട് ജെട്ടി നിര്‍മ്മാണവുമായി മുന്നോട്ട് പോകും എന്നാണ് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുള്ളത്.കേവലം വലകളുടെ സംരക്ഷണത്തിന്റെ മാത്രം വിഷയമല്ലിത്. ചീന വലകളെ പോലെ തന്നെ പ്രാധാന്യം ഉള്ളതാണ് വലകള്‍ നിലനില്‍ക്കുന്ന പരിസരം .ഓരോ സഞ്ചാരിയും ഇവിടേക്ക് വരുന്നത് ചീനവലകള്‍ കാണുവാനാണ്. കടലില്‍ നിന്നും വല ഉയര്‍ന്നു വരുന്ന മനോഹരമായ കാഴ്ച കാണുവാനായി അവര്‍ ഉല്‍സാഹത്തോടെ നോക്കി നില്ക്കും. തൊഴിലാളികള്‍ക്കൊപ്പം വല പൊക്കാന്‍ കൂടുന്ന വിദേശീയരെയും കാണാം.അസ്തമയവും അതിനൊപ്പം വല ഉയരുന്ന ഒരൊറ്റ ചിത്രവും മതി ഓരോ സഞ്ചാരിക്കും മനം നിറഞ്ഞു മടക്കയാത്രക്കൊരുങ്ങാന്‍. ഓരോ വര്‍ഷവും ഈ ഒരു കാഴ്ചയിലേക്കാണ് അനേകം രാജ്യങ്ങള്‍ താണ്ടി അറബി കടലിന്റെ റാണിയെ തേടി സഞ്ചാരികള്‍ വരുന്നത്. കൊച്ചി മറ്റുള്ള നഗരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇപ്പോഴും തങ്ങളുടെ പൗരാണികത കൈവിടാതെ തന്നെ പുരോഗമനത്തിന്റെ പാതയില്‍ മുന്നോട്ട് പോയ നഗരമാണ് . അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഫോര്‍ട്ട് കൊച്ചിയിലെ തെരുവുകളും പഴകിയ കെട്ടിടങ്ങളും. പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ പോലും കൊച്ചിയുടെ തനതായ ശൈലി നിലനിര്‍ത്തി കൊണ്ട് വേണമെന്ന് നിര്‍ദേശമുള്ള ഇടം കൂടിയാണിത് .പഴകിയ നിലംപൊത്താറായ കെട്ടിടങ്ങള്‍ പോലും ഇപ്പോഴും നിലനിര്‍ത്തുന്നത് ഒരു കാലഘട്ടത്തിന്റെ ശേഷിപ്പുകളെ നെഞ്ചോട് ചേര്‍ക്കുന്ന ജനതയുടെ വികാരമാണ് കൊച്ചി എന്ന നഗരം എന്നുള്ളത് കൊണ്ടാണ്.

അഞ്ചു നൂറ്റാണ്ടായി തലയുയര്‍ത്തി പിടിച്ച് നിന്നുകൊണ്ടു ഭൂപടത്തിന്റെ ഉച്ചിയിലേക്ക് ഒരു നഗരത്തെ സന്നിവേശിപ്പിച്ച ഈ ചീനവലകള്‍ കൊച്ചിക്കാര്‍ക്ക് വെറും വികാരമോ, വിദേശീയര്‍ക്ക് കാഴ്ചവസ്തുവോ മാത്രം എന്നതിലുപരി കുറെ തൊഴിലാളികളുടെ ഉപജീവനമാര്‍ഗം കൂടിയാണ്.ഏത് നാട്ടിലും താഴെ തട്ടിലുള്ളവര്‍ ആട്ടിയോടിക്കലിന് വിധേയരാകും. നടപ്പിലാകുന്ന പദ്ധതികള്‍ ഏറെയും ബാധിക്കുക സാധാരണക്കാരന്റെ ജീവിതത്തെയാണ്. അവന്റെ വിശപ്പും വികാരവും കടലാസുതാളുകളില്‍ രേഖകളാക്കപ്പെടും. എന്നെങ്കിലുമൊരിക്കല്‍ ആവികാരങ്ങള്‍ക്ക് തീര്‍പ്പുണ്ടാകും എന്ന വ്യര്‍ത്ഥമായ പ്രത്യാശയില്‍ അവര്‍ക്ക് കൊടി കുത്താം, പട്ടിണി സമരങ്ങള്‍ നടത്താം. ഇവിടെയും ഏതാനും തൊഴിലാളികളുടെ വികാരങ്ങള്‍ മാനിക്കപ്പെടാതെ പോകുമോ ഇല്ലയോ എന്നാര് കണ്ടു. ചീനവലകള്‍ എടുത്തു മാറ്റിയാല്‍ അവര്‍ക്ക് ഉപജീവനത്തിന് വേറെ മാര്‍ഗങ്ങള്‍ തിരയാം. പക്ഷേ ചരിത്രത്തെ നെഞ്ചോട് ചേര്‍ത്ത അഭിമാനബോധം നഷ്ട്ടമാകുമ്പോള്‍ ഉള്ള വേദനആര് നികത്തും.കൊച്ചിയുടെ മുഖത്തിന് അനേകം ചരിത്രഅവശേഷിപ്പുകള്‍ ഇനിയുമുണ്ട്. ഗുല്‍മോഹര്‍ മരങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന ഈ മനോഹരവീഥിയില്‍ ഒരിക്കല്‍ കാലെടുത്തു കുത്തിയാല്‍ വീണ്ടും വീണ്ടും ആവേശിച്ചു കൊണ്ടുപോകുന്ന യൂറോപ്യന്‍ നിര്‍മ്മിത കെട്ടിടങ്ങള്‍,വാസ്‌കോ ഹൗസ്, ബാസ്റ്റിന്‍ ബംഗ്ലാവ്, ഡേവിഡ് ഹാള്‍, രണ്ടു പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളായ സെയിന്റ് ഫ്രാന്‍സീസ് ചര്‍ച്ചും സാന്താക്രൂസ് ചര്‍ച്ചും. 1516 -ല്‍ പണിതീര്‍ത്ത സെയിന്റ് ഫ്രാന്‍സീസ് ചര്‍ച്ചാണ് ഇന്ത്യയില്‍ യൂറോപ്യന്‍സ് പണിതീര്‍ത്ത ആദ്യത്തെ പള്ളി. 1555 -ല്‍ പണികഴിച്ച മട്ടാഞ്ചേരി ഡച്ച് പാലസാണ് മറ്റൊരു ആകര്‍ഷണ കേന്ദ്രം. 1744 -ല്‍ ഡച്ചുകാര്‍ പണിതീര്‍ത്ത ബോള്‍ഗാട്ടി പാലസ്, വില്ലിങ്ടണ്‍ ഐലണ്ട്, കൊച്ചി മ്യൂസിയം അങ്ങിനെ നിരവധി പൗരാണിക വിസ്മയങ്ങളുടെ ആകെത്തുകയാണ് കൊച്ചി .

മെട്രോ നഗരത്തിനും ഇന്‍ഫോപാര്‍ക്കിനും ഹൈപ്പര്‍ മാളുകള്‍ക്കും അപ്പുറം നാം സംരക്ഷിക്കേണ്ട, അല്ലങ്കില്‍ കാണാതെ പോകുന്നതോ, കണ്ടില്ലെന്നു നടിക്കുന്നതോ ആയ അനേകം സ്മാരകങ്ങളാണ് ഓരോ രാജ്യത്തെയും നഗരത്തെയും സമ്പന്നമാക്കുന്നത്. ഇത്തരം ചരിത്രങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ മണ്ണെല്ലാം വെറും മണ്ണായിരുന്നേനെ. ഫോര്‍ട്ട് കൊച്ചിയില്‍ ഇനി എട്ട് ചീനവലകള്‍ കൂടിയേ ബാക്കിയുള്ളൂ. ഇരുപതുവലകള്‍ എങ്കിലും ഉണ്ടായിരുന്നതില്‍ പല വലകളും നശിച്ചുപോയി. കടല്‍ കരയായി മാറിയതോടെ പല വലകളും ഉപയോഗശൂന്യമായി മാറി. അല്ലെങ്കില്‍ തന്നെ ചീന വലകളിലെ മീന്‍ ലഭ്യത വളരെ കുറഞ്ഞു.വലയുടമകളും തൊഴിലാളികളും നഷ്ടം സഹിച്ചും ഇതുമായി മുന്നോട്ട് പോകുന്നത് ഈ വലകള്‍ അത്രമേല്‍ അവര്‍ക്ക് പ്രിയപ്പെട്ടതായത് കൊണ്ടുകൂടിയാണ്. ഇത്രയേറെ ടൂറിസ്റ്റ്കള്‍ വരുന്ന കൊച്ചി പോലെ ഒരിടത്ത് പ്രധാന ആകര്‍ഷണമായ ഈ വലകള്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം യഥാര്‍ത്ഥത്തില്‍ ടൂറിസം വകുപ്പ് ഏറ്റെടുക്കേണ്ടതായിരുന്നു. വാട്ടര്‍ മെട്രോ പദ്ധതിക്ക് ബോട്ട് ജെട്ടി അവശ്യഘടകം തന്നെയാണ്. എന്നാല്‍ ജെട്ടി സ്ഥാപിക്കാന്‍ ഫോര്‍ട്ട് കൊച്ചിയില്‍ ചീനവലകള്‍ നിലനില്‍ക്കുന്നയിടം അല്ലാതെ എത്രയോ സ്ഥലം ഉണ്ട് . ഫോര്‍ട്ട് കൊച്ചിയില്‍ നിലവിലുള്ള ജെട്ടികള്‍ കൂടുതല്‍ വികസിപ്പിച്ചെടുത്താല്‍ തന്നെ ആവശ്യത്തിന് സൗകര്യം ലഭിക്കുന്നതുണ്. യാത്രക്കാരുടെ താല്‍പര്യം പരിഗണിച്ചാണ് ജെട്ടി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഇപ്പോള്‍ ബസ് സ്റ്റാന്റിനോട് അടുത്തുള്ള ജെട്ടിയില്‍ ഈ സൗകര്യങ്ങള്‍ ഒരുക്കുന്നതാവും കൂടുതല്‍ നല്ലത്. ഇന്നത്തെ ചീനവലകളുടെ സമീപത്ത് എത്ര കരുതലോടെ ജെട്ടി സ്ഥാപിച്ചാലും കാലക്രമേണ വലകള്‍ നശിക്കാന്‍ ഇടയാകും .അങ്ങിനെ സംഭവിച്ചുകൂടാ.

ചീനവലകള്‍ സംരക്ഷിക്കാന്‍ ടൂറിസം വകുപ്പ് അനുവദിച്ചു എന്നു പറയുന്ന ഒന്നരകോടി വരുന്ന തുക ഇതുവരെ വലകളുടെ സംരക്ഷണത്തിനായി ചിലവാക്കിയിട്ടില്ല എന്നു വേണം പറയാന്‍. നിലവില്‍ വല സംരക്ഷിച്ചു നിര്‍ത്തുന്ന ഭാരിച്ച ഉത്തരവാദിത്തം ഉടമസ്ഥരുടെ മാത്രം ബാധ്യതയായി തീര്‍ന്നിരിക്കയാണ് .കാഴ്ച്ചക്കാര്‍ക്ക് മനം മയക്കുന്ന ഭംഗി പ്രദാനം ചെയ്യുന്നുണ്ടെങ്കിലും ഉടമസ്ഥന് ഇത് കൊണ്ട് വലിയ ലാഭം ഒന്നും തന്നെ ലഭിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം അധികൃതര്‍ക്ക് അറിയാവുന്നതുമാണ്. ഓരോ വലകളിലും ജോലിചെയ്യുന്നത് പതിന്നാലോളം പേര്‍ വീതമാണ്. ഇത്രയും പേരുടെ വേതനം ,വലയുടെ അറ്റകുറ്റപണികള്‍, വേണ്ടവണം മല്‍സ്യം ലഭിക്കാത്ത അവസ്ഥ ഇതെല്ലാം കൂട്ടി നോക്കിയാല്‍ ഉടമസ്ഥനെ സംബന്ധിച്ച് ചീനവലകള്‍ നോക്കി നടത്തുന്നത് കനത്ത ഭാരം തന്നെയാണ്.

എങ്കിലും എല്ലാ ബുദ്ധിമുട്ടുകള്‍ക്കിടയിലും പലരും ചേര്‍ന്ന് ഇതുവരെ നിലനിര്‍ത്തികൊണ്ട് പോന്ന ഈ പൈതൃക സമ്പത്ത് നശിപ്പിച്ചു കളയാതിരിക്കാനുള്ള ദീര്‍ഘവീക്ഷണവും കരുതലും അധികൃതര്‍ കാണിച്ചേ തീരൂ. വലകള്‍ക്കിടയില്‍ തന്നെ ജെട്ടിക്ക് വേണ്ടി കെട്ടിടം നിര്‍മ്മിക്കണമെന്നുള്ള പിടിവാശി എന്തിന് വേണ്ടിയാണെന്ന് മനസിലാവുന്നില്ല. കടല്‍ തീരത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വരുമ്പോള്‍ കടലിലേക്കുള്ള കാഴ്ച്ച ഇല്ലാതാകും. ഒന്നിന് പിറകെ ഒന്നായി കെട്ടിടങ്ങള്‍ വരാന്‍ സാധ്യതയും ഏറും. കടല്‍ ആസ്വദിക്കാനും ആനന്ദിക്കാനും ഉള്ള ഇടമാണ്. ആസ്വാദ്യകരമായ ആ കടല്‍ക്കാഴ്ച്ച നഷ്ടപ്പെടുത്തുന്ന ഏതു പദ്ധതികളും ഭാവനാശൂന്യം തന്നെയാണ്.

 

 

 

You must be logged in to post a comment Login