ചീഫ് സെക്രട്ടറിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

തിരുവനന്തപുരം: ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി ശുപാര്‍ശകളും അന്വേഷണ ആവശ്യങ്ങളും അട്ടിമറിച്ചെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കോടതി ആവശ്യപ്രകാരം തൊഴില്‍വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെയുള്ള അന്വേഷണ ഫയല്‍ വിജിലന്‍സ് ഹാജരാക്കിയിരുന്നു.

അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് എന്തിനെന്ന വിമര്‍ശനവും കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായി. തുടര്‍ന്ന് കേസില്‍ വാദം തുടരുന്നതിനായി മാറ്റിവെക്കുകയായിരുന്നു.

You must be logged in to post a comment Login