ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത് ഇന്നലെ ഉച്ചയ്ക്ക് മാത്രമെന്ന് മുഖ്യമന്ത്രി; തൊഴിലാളികള്‍ കപ്പലിലേക്ക് വരാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത് ഇന്നലെ ഉച്ചയ്ക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യത്തൊഴിലാളികള്‍ കപ്പലിലേക്ക് വരാന്‍ തയ്യാറാകാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. തങ്ങളുടെ വള്ളമില്ലാതെ കരയിലേക്ക് വരാന്‍ തയ്യാറല്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.എല്ലാ വള്ളങ്ങളും കരയ്ക്കെത്തിക്കുക അസാധ്യമാണ്. രക്ഷാപ്രവര്‍ത്തനത്തിന് മുന്‍ഗണന നല്‍കുന്നുണ്ട്. മുന്നറിയിപ്പ് ലഭിച്ചയുടന്‍ നടപടികള്‍ ആരംഭിച്ചു. ഏഴ് കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള തീരത്ത് ആഞ്ഞടിക്കുന്ന ഓഖി ചു‍ഴലികാറ്റിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ചേര്‍ന്ന അടിയന്തിര യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്.

71 പേരെ കാണാതായെന്നാണ് സ്ഥിരീകരണം.  33 മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി 13 ക്യാമ്പുകള്‍ തുറന്നു. കൂടുതല്‍ വിമാനങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെടും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഹെലികോപ്റ്റര്‍ പുറപ്പെട്ടു.

ചു‍ഴലികാറ്റിനെക്കുറിച്ച്‌ ആശങ്കപെടേണ്ടെന്നും മനുഷ്യസാധ്യമായതെന്തും ചെയ്യുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.വ്യോമസേനയുടേയും നാവികസേനയുടേയുമടക്കം സഹായത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വള്ളം ഉപേക്ഷിച്ച്‌ വരാനാകില്ലെന്ന നിലപാടാണ് മത്സ്യതൊ‍ഴിലാളികള്‍ സ്വീകരിക്കുന്നത്. ജീവന്‍ രക്ഷിക്കലാണ് പ്രധാനമെന്നത് ഇവര്‍ മനസ്സിലാക്കണം.

തീരപ്രദേശത്തുള്ള ജനങ്ങളുടെ ആശങ്ക സര്‍ക്കാരിന് ബോധ്യമാകുന്നുണ്ട്. ആരും ആശങ്കപ്പെടേണ്ടെന്നും എല്ലാ വിധ സഹായങ്ങളുമായി സര്‍ക്കാര്‍ രംഗത്തുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

You must be logged in to post a comment Login