ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്, ജാഗ്രതാ നിര്‍ദേശം; കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യത

cyclone-11-9

തിരുവനന്തപുരം/ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ തമിഴ്‌നാട് തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കടലൂര്‍, നാഗപട്ടണം, തിരുവാരൂര്‍ തുടങ്ങിയ തമിഴ്‌നാടിന്റെ വടക്കന്‍ തീരപ്രദേശങ്ങളെയാണ് ചുഴലിക്കാറ്റ് ബാധിക്കുക. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തമിഴ്‌നാട്ടില്‍ ആറ് ജില്ലകളിലും പുതുച്ചേരിയിലും കനത്ത ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. നാഗപട്ടണം, തിരുവാരൂര്‍, പുതുക്കോട്ട, തഞ്ചാവൂര്‍, ശിവഗംഗ, രാമനാഥപുരം തുടങ്ങിയ ഭാഗങ്ങളിലൂടെയാണ് ഗജ കടന്നുപോവുക. ഈ പ്രദേശങ്ങളില്‍ കനത്ത മഴയുമുണ്ടാകും. തിരുച്ചിറപ്പള്ളി, തേനി. മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും കനത്ത മഴ ലഭിക്കാനാണ് സാധ്യത.

ചെന്നൈയില്‍ മൂന്ന് ദിവസം ശക്തമല്ലാത മഴ പെയ്യാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് രാത്രിയോടെ തീരം തൊടുമ്പോള്‍ കാറ്റിന്റെ വേഗത മണിക്കൂര്‍ എണ്‍പതുവരെ ആകാം എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ള ആറ് ജില്ലകളിലും പുതുച്ചേരിയിലെ കാരക്കലിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

കേരളത്തില്‍ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ വ്യാപകമഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ ഇടുക്കിയില്‍ കനത്ത മഴ പെയ്‌തേക്കും. എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ വ്യാപക മഴയ്ക്കും സാധ്യതയുണ്ട്.

You must be logged in to post a comment Login