ചുവന്നസാരിയില്‍ സുന്ദരിയായി ശ്രീദേവി; താരറാണിയ്ക്ക് വിട ചൊല്ലി രാജ്യം

ബോളിവുഡ് താരറാണി ശ്രീദേവിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം. നിരവധി സിനിമ താരങ്ങളും ആരാധകരുമാണ് ഇഷ്ടതാരത്തെ അവസാനമായി കാണാന്‍ എത്തിയത്. മുംബൈയിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ പൊതുദര്‍ശനം അവസാനിക്കുമ്പോഴും ഗേറ്റിന് പുറത്ത് ആയിരങ്ങളാണ് കാത്തുനിന്നിരുന്നത്.

രാഷ്ട്രീയ സിനിമ മേഖലയിലെ പ്രമുഖര്‍ അടക്കം നിരവധി പേരാണ് താരത്തെ കാണാന്‍ എത്തിയത്. ജുഹു പവന്‍ ഹന്‍സ് സമുച്ചയത്തിന് സമീപമുള്ള പാര്‍ലെ സേനാ സമാജ് ശ്മശാനത്തിലാണ് സംസ്‌കാരം.

വെള്ളപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ച വാഹനത്തിലാണ് മൃതദേഹം ജുഹുവിലെ വിലെപാര്‍ലെ സേവാസമാജ് ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നത്. വാഹനത്തില്‍ ശ്രീദേവിയുടെ അലങ്കരിച്ച ചിത്രവും ഉണ്ട്. ബോണി കപൂറും മകന്‍ അര്‍ജുന്‍ കപൂറുമടക്കമുള്ളവര്‍ വാഹനത്തിലുണ്ട്. നിരവധി ആരാധകരും വിലാപയാത്രയെ അനുഗമിക്കുന്നു.

വിലാപയാത്ര ആരംഭിക്കുന്നതിനു തൊട്ടു മുമ്പ് അന്ധേരി ലോഖ്ണ്ടാവാലയിലെ സെലിബ്രേഷന്‍സ് സ്‌പോര്‍ട്‌സ് ക്ലബ് ഗാര്‍ഡനില്‍ പൊലീസ് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി.

You must be logged in to post a comment Login