ചുവന്ന തെരുവിലെ വെളിച്ചപ്പൂവ്

ചുവന്നതെരുവില്‍ ലൈംഗികത്തൊഴിലാളിയുടെ മകളായി ജനിച്ച്, ലൈംഗികത്തൊഴിലാളികള്‍ക്കിടയില്‍ വളര്‍ന്ന്, ആ തൊഴിലിലേക്ക് വീഴാതെ സമൂഹത്തിന് വഴിവിളക്കാകുന്ന ഒരുവള്‍. അവളുടെ പേര് ശ്വേതാ കാട്ടി.

വി.ജി എൻ  :-

ചുവന്ന തെരുവ് എന്ന് കേള്‍ക്കുമ്പോള്‍ കച്ചവടവസ്തുവാക്കപ്പെട്ട പെണ്‍ ശരീരമെന്നാണ് നമ്മള്‍ ആദ്യം ചിന്തിക്കുക. ലഹരിയും കാമവും കത്തുന്ന നിറമുള്ള ഇരുണ്ട ഇടനാഴികളില്‍ ഗതികേടുകൊണ്ടും ചതികളിലകപ്പെട്ടും വന്നു വീണ നൂറുകണക്കിന് സ്ത്രീജീവിതങ്ങളുണ്ട്. അവര്‍ക്കെല്ലാം പറയാനുണ്ടാകും ഓരോ കഥകള്‍. അതിലേറെയും ജീവിതമെന്ന മഹാസത്യത്തിനു മുന്നില്‍ നമ്മളെയൊക്കെ തറച്ചുനിര്‍ത്താന്‍ ത്രാണിയുള്ളവയുമാണ്.

Shweta-Katti

ദുര്‍ഗന്ധം നിറഞ്ഞ ഗലികള്‍ക്കിരുപുറം കെട്ടിടങ്ങളുടെ വരാന്തകളില്‍ നിന്ന് സ്വന്തം ശരീരത്തിന്റെ അഴകുകാട്ടി പുരുഷന്‍മാരെ ക്ഷണിക്കുന്ന സ്ത്രീകള്‍. അവരില്‍ പല പ്രായത്തിലുള്ളവരുണ്ട്. പല അവസ്ഥകളില്‍ നിന്ന് വന്നുപെട്ടവരുണ്ട്. രാപകലില്ലാതെ സ്വന്തം ശരീരം ഒരു യന്ത്രവസ്തു പോലെ ഉപയോഗിച്ച് വിശപ്പടക്കാന്‍ മാര്‍ഗ്ഗം കണ്ടെത്തുന്നവര്‍. അവരുടെ ശരീരം വിറ്റ് കിട്ടുന്നതില്‍ കൂടുതലും തട്ടിയെടുക്കുന്നതാകട്ടേ ഇടനിലക്കാരെന്ന നിലയില്‍ പ്രവര്‍ത്തിച്ച് അവരെ നിയന്ത്രിക്കുന്ന മാഫിയകളും. അവരില്‍ ശക്തമായ ഗുണ്ടാ സംഘങ്ങളും, രാഷ്ട്രീയക്കാരും, മറ്റ് അധികാര കേന്ദ്രങ്ങളും ഉര്‍പ്പടുന്നു. ചുവന്ന തെരുവിനുള്ളില്‍ പുറം ലോകത്തിന്റെ യാതൊരു വിധ ഇടപെടലുകളും സാധ്യമല്ല എന്നതാണ് സത്യം. അവിടെയുള്ള സ്ത്രീകളില്‍ ഏറിയ പങ്കും അമ്മമാരുമാണ്. പലര്‍ക്കും ഒന്നിലേറെക്കുട്ടികള്‍. എന്നാല്‍ അച്ഛന്‍ എന്ന് ചൂണ്ടിക്കാട്ടാന്‍ അവര്‍ക്കാര്‍ക്കും ഒരാണ്‍തുണയില്ല. ഉള്ളവര്‍ സ്വന്തം ഭാര്യമാരുടെ ഏജന്റും. അതുകൊണ്ടു തന്നെ അത്തരം സാഹചര്യത്തില്‍ വളരുന്ന ആണ്‍ കുട്ടികളിലേറെയും സമൂഹത്തിന്റെ ഇരുണ്ട വഴികളിലൂടെ സഞ്ചരിക്കുകയും കള്ളന്‍മാരോ, ഗുണ്ടകളോ ആയിത്തീരുകയും ചെയ്യുന്നു. പെണ്‍കുട്ടികളേറെയും അമ്മമാരുടെ വഴിയേ ശരീര കച്ചവടത്തിലേക്കിറങ്ങുന്നു. രക്ഷപെടുന്നവര്‍ ചുരുക്കം. ഭൂരിപക്ഷവും തങ്ങളുടെ അമ്മമാര്‍ക്ക് പിന്നാലെ സ്വന്തം ശരീരം പ്രദര്‍ശനവസ്തുവാക്കി ഉപഭോക്താക്കളെ കാത്ത് നില്‍ക്കുന്നു. എന്നാല്‍ അതില്‍ വ്യത്യസ്തയാകുന്നു ഒരു പെണ്‍കുട്ടി. ചുവന്നതെരുവില്‍ ലൈംഗികത്തൊഴിലാളിയുടെ മകളായി ജനിച്ച്, ലൈംഗികത്തൊഴിലാളികള്‍ക്കിടയില്‍ വളര്‍ന്ന്, ആ തൊഴിലിലേക്ക് വീഴാതെ സമൂഹത്തിന് വഴിവിളക്കാകുന്ന ഒരുവള്‍. അവളുടെ പേര് ശ്വേതാ കാട്ടി.

പ്രണയം തകര്‍ത്ത സ്വപ്നങ്ങള്‍

പ്രണയത്തിന്റെ സ്വപ്‌ന തുല്യമായ ആകാശത്ത് പ്രിയപ്പെട്ടവന്‍ അവളെയൊരു നക്ഷത്രമെന്ന് വിശേഷിപ്പിച്ചപ്പോള്‍ അവന്റെ കൈയ്യും പിടിച്ച് മുംബൈ നഗരത്തിന്റെ തിരക്കുകളിലേക്ക് അവള്‍ പോയി. എന്നാല്‍ പ്രണയത്തിന്റെ രസച്ചരട് പൊട്ടിച്ച് അവളുടെ ശരീരത്തിന്റെ എല്ലാ സുഖങ്ങളും നുകര്‍ന്ന് അവനവളെ ചുവന്ന തെരുവിലുപേക്ഷിച്ചു. അത്രകാലം അവള്‍ കണ്ട സകല സ്വപ്‌നങ്ങളും അവിടെ കൊഴിഞ്ഞു വീഴുകയായിരുന്നു. ഒരു കുടുംബജീവിതം കൊതിച്ച അവര്‍ക്ക് ലഭിച്ചതാകട്ടെ ശരീരം വില്‍ക്കുന്നവര്‍ക്കിടയിലെ ദുരിത ജീവിതം. ഒടുവില്‍ നിവൃത്തികേടുകൊണ്ട് അവര്‍ക്കും സ്വന്തം ശരീരം കച്ചവടത്തിനുപയോഗിക്കേണ്ടി വന്നു. അതോടെ ഒറ്റയ്‌ക്കൊരു പെണ്ണിന് അത്തരമൊരു സ്ഥലത്ത് ആണ്‍തുണയില്ലാതെ ജീവിക്കുവാനാകില്ല എന്ന തിരിച്ചറിവില്‍ അവള്‍ ഒരു രണ്ടാം വിവാഹത്തിന് തയ്യാറായി. അതും അവളുടെ ജീവിതത്തിലെ തെറ്റായ തീരുമാനമാണെന്ന് മനസ്സിലാകാന്‍ ഏറെക്കാലം വേണ്ടിവന്നില്ല. ലൈഗിംകത്തൊഴിലില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ പുനര്‍വിവാഹം ചെയ്ത് ഒരു പുരുഷന്റെ തണലില്‍ കുടുംബജീവിതം കൊതിച്ച അവള്‍ക്ക് വിശപ്പടക്കാന്‍ ആ തൊഴിലിലേക്ക് പൂര്‍ണ്ണമായും ഇറങ്ങേണ്ടി വന്നു. അവളും കാമാത്തിപുരയിലെ അംഗമായി. വെറും പെണ്‍ ശരീരമായി. ഇത് വന്ദന കാട്ടിയുടെ കഥയാണ്. കൂടുതല്‍ തെളിച്ചു പറഞ്ഞാല്‍ ശ്വേത കാട്ടിയുടെ അമ്മ.

Kamathipura-nightചുവന്ന തെരുവില്‍ പിറന്നവള്‍

കാമാത്തിപുരയിലെ ജീവിതത്തിനിടയിലാണ് രണ്ടാം വിവാഹാനന്തരം വന്ദന ആദ്യ ഭര്‍ത്താവിന്റെ സമ്മാനമായ ശ്വേതയെ പ്രസവിക്കുന്നത്. അവള്‍ക്കു വേണ്ടിയായിരുന്നു പിന്നീടുള്ള വന്ദനയുടെ ജീവിതം. അവളുടെ ഏക പ്രതീക്ഷ മകള്‍ മാത്രമായിരുന്നു. കാമാത്തിപുരയില്‍ ജനിക്കുന്ന പെണ്ണ് ദേവദാസിയാകുമെന്ന പ്രചരണങ്ങളെയും യാഥാര്‍ത്ഥ്യങ്ങളെയും ഭയന്ന് തന്റെ മകള്‍ ഒരിക്കലും അങ്ങിനെയാകാതിരിക്കാന്‍ അവള്‍ ലൈംഗികത്തൊഴില്‍ വിട്ട് ജീവിക്കാനും മകളെ വളര്‍ത്താനുമായി മറ്റ് വരുമാനമാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ചു തുടങ്ങി. അങ്ങനെ വീട്ടുവേലക്കാരിയായും മറ്റും പലപല തൊഴിലുകള്‍ ലഭിച്ചെങ്കിലും കാമാത്തിപുരയിലെ പെണ്ണ് എന്ന വിലാസം അവളെ എല്ലായിടങ്ങളില്‍ നിന്നും പുറത്താക്കിക്കൊണ്ടേയിരുന്നു. വളരെ ചെറിയ പ്രായത്തിലാണ് താന്‍ ജന്‍മം നല്‍കിയ കുഞ്ഞിനു വേണ്ടി ഈ ത്യാഗങ്ങളെല്ലാം സഹിക്കാന്‍ വന്ദന തയ്യാറായത്.

പത്താം വയസ്സില്‍ ഇര

1995 ഡിസംബര്‍ പതിനഞ്ചിനാണ് ശ്വേത പിറന്നത്. സാഹചര്യങ്ങള്‍ ചുവന്ന തെരുവില്‍ വളരാനാണവളേയും അനുവദിച്ചത്. തന്റെ മകളെക്കുറിച്ച് വന്ദനയ്ക്ക് ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളുമുണ്ടായിരുന്നു. തന്റെ മകള്‍ ഒരിക്കലും ശരീരം വില്‍ക്കുന്നവളാകരുതെന്ന് ആ അമ്മ ആഗ്രഹിച്ചു. കാമം കത്തുന്ന ആണ്‍ കണ്ണുകളില്‍ നിന്ന് പിഞ്ച്‌ശ്വേതയെ സംരക്ഷിച്ചു പിടിക്കുക എന്നത് അവരെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണമായിരുന്നു. എന്നാല്‍ ദുരിതങ്ങളും കഷ്ടപ്പാടുകളും ഏറി വന്നപ്പോള്‍ കാമാത്തിപുരയിലെ തെരുവുകളിലേക്ക് സ്വന്തം ശരീരം വില്‍ക്കാന്‍ അവള്‍ക്ക് വീണ്ടും ഇറങ്ങേണ്ടി വന്നു. ശ്വേതയ്ക്ക് അഞ്ച് വയസ്സുള്ളപ്പോള്‍ തന്നെ അടുത്തുള്ള മറാത്ത മീഡിയം സ്‌കൂളില്‍ വന്ദന അവളെ ചേര്‍ത്തിരുന്നു. സ്‌കൂളിലുള്ള സമയത്തെങ്കിലും മറ്റൊന്നിനേയും പേടിക്കാതെ തന്റെ മകള്‍ സുരക്ഷിതയായിരിക്കുമല്ലോ എന്ന ചിന്തയും ആ അമ്മയ്ക്കുണ്ടായിരുന്നിരിക്കാം. എന്നാല്‍ പട്ടിണിയും, സാഹചര്യങ്ങളുടെ മടുപ്പും അവളുടെ പഠനത്തെ പലവട്ടം മുടക്കി. ഒപ്പം ചുവന്നതെരുവില്‍ ജീവിക്കുന്നവള്‍ എന്ന അപമാനഭാരവും.
ഒടുവില്‍ ഭയപ്പെട്ടത് സംഭവിച്ചു. അവളുടെ കുഞ്ഞ് ശരീരം പത്താം വയസ്സില്‍ കാമത്തിന്റെ കനലുകള്‍ വീണ് പൊളളി. മറ്റാരുമല്ല അത് ചെയ്തത് അവളുടെ രണ്ടാനച്ഛന്‍ തന്നെ. ക്രൂരനായ അയാളില്‍ നിന്ന് കുഞ്ഞ് ശ്വേതയെ വന്ദന കഴിയും വിധമെല്ലാം മറച്ച് പിടിച്ചിട്ടും അയാളവളെ ലൈംഗികമായി ഉപയോഗിച്ചു. ആ അമ്മയുടെ മനസ്സു തളര്‍ത്തിയ അനുഭവമായി അത് ഒരു വേള മകളെയും ചേര്‍ത്ത് പിടിച്ച് മരണത്തിലേക്ക് നടന്നാലോ എന്ന് പോലും അവള്‍ ചിന്തിച്ചു. എന്നാല്‍ മകളുടെ കുരുന്നു കണ്ണുകള്‍ അവളെയതില്‍ നിന്ന് തടഞ്ഞു. ഇനി ശരീരം വില്‍ക്കാതെ ജീവിക്കാമോ എന്ന് അവള്‍ വീണ്ടും ചിന്തിച്ചു തുടങ്ങി.

അതിജീവനത്തിന്റെ ചിറകുകള്‍

എന്നാല്‍ പഠനത്തിലും പഠനേതര വിഷയങ്ങളിലും മിടുക്കിയായിരുന്ന അവളെ സഹായിക്കാനും ചില അധ്യാപകര്‍ മുന്നോട്ടു വന്നു. സമൂഹത്തിന്റെ അടിത്തട്ടിലെ ദുര്‍ഗന്ധം വമിക്കുന്ന ഇരുണ്ട തെരുവില്‍ നിന്ന് വന്ന മിടുക്കിക്ക് അവര്‍ ഭക്ഷണവും, വസ്ത്രവും നല്‍കി. അവളെ ഒപ്പമിരുത്തി പഠിപ്പിച്ചു. അങ്ങനെ കാമാത്തിപുരയുടെ മനം മടുപ്പിക്കുന്ന ചുവരുകര്‍ക്കുള്ളില്‍ നിന്ന് അവള്‍ അറിവിന്റെയും അതിജീവനത്തിന്റെയും പുറം ലോകത്തേക്ക് കുരുന്ന് ചിറകുകള്‍ വീശി മെല്ലെ പറന്നുയരാന്‍ തുടങ്ങി. അതിനിടയില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതൊന്നും അവളുടെ സ്വപ്നങ്ങളെ തളര്‍ത്തിയില്ല. അവള്‍ പത്താം തരം ഉന്നത നിലയില്‍ പാസ്സായി. തുടര്‍ന്ന് ചുവന്ന തെരുവിന്റെ സന്തതികളുടെ ഉന്നമനത്തിനായി പോരാടുന്ന ‘ക്രാന്തി’ എന്ന സംഘടനയുടെ പ്രവര്‍ത്തകയായി. അവള്‍ക്ക് പിന്നാലെ ചുവന്ന തെരുവില്‍ നിന്ന് മറ്റുകുട്ടികളും ഇതിന്റെ ഭാഗമാകാന്‍ തുടങ്ങി. ഒപ്പം ഉയര്‍ന്ന വിദ്യാഭ്യാസത്തേക്കുറിച്ചും അവള്‍ ചിന്തിച്ചു തുടങ്ങി. സൈക്കോളജി പഠിച്ച് കാമാത്തിപുരയിലെ സ്ത്രീകളെ കൗണ്‍സില്‍ ചെയ്ത് ആ തൊഴിലില്‍ നിന്ന് മോചിപ്പിക്കാനും മറ്റു തൊഴിലുകള്‍ ചെയ്ത് മാന്യമായി ജീവിക്കാന്‍ തക്ക രീതിയില്‍ മാനസികമായി പരുവപ്പെടുത്താനും അവള്‍ കൊതിച്ചു. അവളുടെ സ്വപ്‌നങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേര്‍ എത്തിയതോടെ തന്റെ പ്രതീക്ഷകള്‍ക്ക് നിറം വരുന്നതായി അവള്‍ കണ്ടു.

maxresdefaultഅംഗീകാരങ്ങളുടെ വെളിച്ചം

അതിനിടയില്‍ അമേരിക്കയിലെ പ്രശസ്തമായ ബാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കുവാനുള്ള അവസരം അവള്‍ക്ക് കിട്ടി. അതിനാവശ്യമായ പണം സ്വരൂപിക്കുവാന്‍ അവളുടെ അഭ്യുദയകാംക്ഷികള്‍ ചേര്‍ന്ന് ഫ്രം ബ്രോത്തല്‍ ടു ബാര്‍ഡ് എന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മ സംഘടിപ്പിക്കുകയും ചെയ്തു. അതിലൂടെയാണ് ശ്വേത കാട്ടിയുടെ ജീവിതം പുറം ലോകത്തിന് മനസ്സിലാകുന്നത്. 2013 സെപ്തംബര്‍ മാസത്തില്‍ അവള്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. പഠനകാലത്തു തന്നെയാണ് അവളുടെ പ്രവര്‍ത്തനങ്ങളെ മാനിച്ച് യു. എന്നിന്റെ യൂത്ത് കറേജ് പുരസ്‌ക്കാരം അവളെ തേടിയെത്തുന്നത്. ഒപ്പം ഗൂഗിളിന്റെ ക്ഷണിക്കപ്പെട്ട അതിഥിയായി ഗൂഗിള്‍ ആസ്ഥാനം സന്ദര്‍ശിച്ചു. ന്യൂസ് വീക്ക് മാഗസിന്‍ ലോകം അറിഞ്ഞിരിക്കേണ്ട 25 വനിതകളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ അതിലും ശ്വേത കാട്ടി എന്ന കൊച്ചുമിടുക്കിയുണ്ടായിരുന്നു. തന്റെ പഠനഭാഗമായ അവസാനവര്‍ഷ ഇന്റേണ്‍ഷിപ്പിനായി ശ്വേത തിരഞ്ഞെടുത്തതും ഇന്ത്യ തന്നെയായിരുന്നു. പഠനം കഴിഞ്ഞ് തിരിച്ചെത്തി സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്വേതയുടെ ലക്ഷ്യം.

maxresdefault (1)

ശ്വേത എന്ന പാഠപുസ്തകം

എന്താണ് ശ്വേതാകാട്ടിയുടെ ജീവിതം നമ്മളെ പഠിപ്പിക്കുന്നത്. സമൂഹത്തിലെ ഏറ്റവും നികൃഷ്ടമെന്ന് പൊതുലോകം കരുതുന്ന ഒരിടത്ത് ജനിച്ച് ഉയര്‍ന്നവരെന്നു സ്വയം വിശ്വസിക്കുന്നവര്‍ക്കുപോലും കയ്യെത്തിപ്പിടിക്കുവാനാകാത്ത ഉയരങ്ങളിലേക്ക് അതിജീവിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടേയും അവളുടെ സുരക്ഷിത ഭാവി സ്വപ്‌നം കണ്ട് എന്തിനും തയ്യാറായ ഒരമ്മയുടെയും കഥ. ഇതാണ് യഥാര്‍ത്ഥത്തില്‍ ഭാരതത്തിന് ലോകത്തിനു മുന്നില്‍ അഭിമാനിക്കാവുന്ന വിജയങ്ങള്‍. അതു തെളിയിക്കുന്നതരത്തിലാണല്ലോ ലോക മാധ്യമങ്ങളുള്‍പ്പടെ ഈ കൊച്ചു പെണ്‍കുട്ടിയുടെ ജീവിതം എഴുതുവാന്‍ കാണിക്കുന്ന താത്പര്യം. എന്നും ചുവന്ന തെരുവില്‍ മാംസമായി മാത്രം പരിഗണിക്കപ്പെടുന്ന പെണ്‍ ശരീരങ്ങള്‍ ജനിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ അവര്‍ക്കിടയില്‍ നിന്ന് ശ്വേതാ കാട്ടിമാര്‍ ഉണ്ടായി വരും എന്ന് തന്നെ നമുക്ക് വിശ്വസിക്കാം.

You must be logged in to post a comment Login