ചെഗുവേര ഇന്ത്യന്‍ യുവതയെ വഴി തെറ്റിക്കുന്നു: ഹൈക്കോടതി ചീഫ് ജസ്റ്റിസ്; കലാലയ സമരങ്ങള്‍ക്കെതിരെ നിലപാടുറപ്പിച്ച് കോടതി

ചെഗുവേര ഇന്ത്യന്‍ യുവതയെ വഴിതെറ്റിക്കുന്നുവെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നവനീദ് പ്രസാദ് സിങ്. ജയപ്രകാശ് നാരായണന്‍ ബീഹാറിനെ ഇരുപത് വര്‍ഷം പുറകിലേക്ക് കൊണ്ടു പോയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മാന്നാനം കെഇ കോളേജ് വിദ്യാര്‍ത്ഥി സമരത്തിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് നവനീത് പ്രസാദ് സിങിന്റെ വിചിത്ര രാമര്‍ശം.
ചെഗുവേരയാണ് ഇന്ത്യന്‍ യുവാക്കളെ വഴി തെറ്റിക്കുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ചെഗുവേരയുടെ ടീ ഷര്‍ട്ടും റെയ്ബാന്‍ ഗ്ലാസ്സും ലോ വേസ്റ്റ് ജീന്‍സും അനുകരിക്കുന്നുവെന്നാണ് ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചത്.
അടിയന്തിരാവസ്ഥക്കെതിര പോരാടിയ ജയപ്രകാശ് നാരായണന്‍ ബീഹാറിനെ ഇരുപത് വര്‍ഷം പുറകോട്ട് കൊണ്ടു പോയെന്നും ജസ്റ്റിസ് നവനീത് പ്രസാദ് പറഞ്ഞു. മാന്നാനം കോളേജ് പ്രിന്‍സിപ്പലിനെ ഘെരാവൊ ചെയ്ത വിദ്യാര്‍ത്ഥികള്‍കള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും അറസ്റ്റ് വൈകുന്നതെന്തന്ന് കോടതി ചോദിച്ചു. വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ വേണ്ടി വന്നാല്‍ വീട്ടില്‍ ചെന്ന് അറസ്റ്റ് ചെയ്യണമെന്നും കോടതി പറഞ്ഞു.
പഠിക്കുന്നതും പഠിപ്പിക്കുന്നതുമായ ഇടങ്ങളില്‍ എന്തിനാണ് രാഷ്ടീയപ്രവര്‍ത്തനമെന്നും പള്ളിയിലോ അമ്പലത്തിലോ ധര്‍ണ നടത്താറുണ്ടോ എന്നും കോടതി ചോദിച്ചു. സാക്ഷരതയില്‍ ഒന്നാമതായ കേരളം ഉന്നത വിദ്യാഭ്യാസത്തില്‍ പിറകിലാണ്. വിദ്യാര്‍ത്ഥി സംഘടനകള്‍ കലാലയങ്ങളെ ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കരുതെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.
അറ്റന്‍ഡന്‍സ് ഷോട്ടേജുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് എസ്എഫ്‌ഐ യുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തത്.

You must be logged in to post a comment Login