ചെന്നൈയിലെ ഫ്രോണ്ടിയര്‍ മെഡിവില്ലയില്‍ കൃത്രിമ ഹൃദയം നിര്‍മിക്കും; കൃത്രിമ ഹൃദയ നിര്‍മ്മാണത്തില്‍ ഏഷ്യയിലെ ഒന്നാമത്തെ രാജ്യമായി ഇന്ത്യ മാറും

heart

കൊച്ചി: ഡോ. കെ.എം. ചെറിയാന്‍ ചെയര്‍മാനായ ചെന്നൈയിലെ ഫ്രോണ്ടിയര്‍ മെഡിവില്ലയില്‍ രാജ്യത്തെ പ്രഥമ കൃത്രിമ ഹൃദയ നിര്‍മാണ യൂണിറ്റ് യാഥാര്‍ഥ്യമാകുന്നു. 1957ല്‍ ലോകചരിത്രത്തിലാദ്യമായി ബഹിരാകാശ പേടകം വിജയകരമായി വിക്ഷേപിച്ച് അമേരിക്കയെ ഞെട്ടിച്ച റഷ്യയിലെ സ്പുട്‌നിക് എന്ന കമ്പനിയുടെ സഹായത്തോടു കൂടിയാണ് ചെന്നൈയില്‍ കൃത്രിമ ഹൃദയം നിര്‍മിക്കുക. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഡോ. കെ.എം. ചെറിയാനും സ്ഫുട്‌നിക്കിനു വേണ്ടി സെര്‍ജി സെന്നിക്കോവും, ഇന്ത്യാ റഷ്യ സംയുക്ത സംരംഭമായ ബ്രഹ്‌മോസ് മിസൈലിന്റെ പിതാവായ ശിവതാണുപിള്ളയുടെ സാന്നിദ്ധ്യത്തില്‍ ഒപ്പു വച്ചു.

യുഎസ്സിലും ജര്‍മനിയിലും മാത്രമാണ് ഇപ്പോള്‍ കൃത്രിമ ഹൃദയം നിര്‍മിച്ചു വരുന്നത്. ഫ്രോണ്ടിയര്‍ മെഡിവില്ലയുടെ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കൃത്രിമ ഹൃദയ നിര്‍മ്മാണത്തില്‍ ലോകത്തിലെ മൂന്നാമത്തേയും ഏഷ്യയിലെ ഒന്നാമത്തേയും രാജ്യമായി ഇന്ത്യ മാറും

യുഎസ്, ജര്‍മനി എന്നിവിടങ്ങളില്‍നിന്നുള്ള കൃത്രിമ ഹൃദയത്തിന് ഒരു കോടിയിലേറെ രൂപ ചെലവ് വരുമ്പോള്‍ ഫ്രോണ്ടിയര്‍ മെഡിവില്ലയില്‍ 30 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നതാണ് സവിശേഷത. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെന്നൈയില്‍ നിന്നുള്ള കൃത്രിമ ഹൃദയം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് സ്പുട്‌നിക് അധികൃതര്‍ അഭിപ്രായപ്പെട്ടു.

 

You must be logged in to post a comment Login