ചെന്നൈയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ ഒമ്പതായി

ചെന്നൈ: ചെന്നൈയില്‍ കനത്തമഴയില്‍ 12 നില നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. 25 പേരെ രക്ഷപെടുത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.

ചെന്നൈയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള പൊരൂരിനു സമീപം മൗലിവക്കത്ത് ശനിയാഴ്ച വൈകിട്ടു അഞ്ചോടെയായിരുന്നു അപകടം. നിര്‍മാണത്തിലിരുന്ന രണ്ടു കെട്ടിടങ്ങളില്‍ ഒന്നാണ് തകര്‍ന്നത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്്്. അമ്പതോളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും ആന്ധ്രയില്‍ നിന്നുള്ള കരാര്‍ തൊഴിലാളികളാണ്. ഇവരെ കൂടാതെ മഴ കാരണം പുറത്തുനിന്ന് കെട്ടിടത്തില്‍ കയറി നിന്നവരും അപകടത്തില്‍പെട്ടതായി പോലീസ് അറിയിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രത്യേക സംഘത്തെ അപകടസ്ഥലത്തേക്ക് അയച്ചതായി മുഖ്യമന്ത്രി ജയലളിത അറിയിച്ചു. സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്കിയിട്ടുണ്ട്‌

You must be logged in to post a comment Login