ചെമ്മീന്‍ വളര്‍ത്തല്‍ തളരാതിരിക്കാന്‍

കേരളത്തിലെ ചെമ്മീന്‍ വളര്‍ത്തല്‍ മേഖല അതിന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധിഘട്ടത്തിലാണ്. 1990കളില്‍ വ്യാപകമായുണ്ടായ വൈറസ് രോഗബാധയുടെ കാലത്തുണ്ടായതിലും ഏറെ ദുര്‍ഘടസന്ധിയിലാണ് ഇന്ന് ഈ മേഖല. കഴിഞ്ഞവര്‍ഷം കിലോഗ്രാമിന് 400 രൂപ മുതല്‍ 420 രൂപ വരെയുണ്ടായ 2530 കൗണ്ട് കാരച്ചെമ്മീന്റെ ഇന്നത്തെ വില 200 രൂപ മാത്രമാണ്. ഒരു കിലോ ചെമ്മീന്‍ ഉത്പാദിപ്പിക്കാനുള്ള ചെലവ് ഇത്രയോളം തന്നെ വരും.ആന്ധ്രാപ്രദേശില്‍നിന്ന് വരുന്ന വനാമി ചെമ്മീനാണ് കയറ്റുമതിക്കാര്‍ക്ക് കൂടുതല്‍ പ്രിയം.

 

prawn

താരതമ്യേന ഉയര്‍ന്ന വിലയും വനാമി ചെമ്മീന് ലഭിക്കുന്നു. കേരളത്തിലെ ആഭ്യന്തരവിപണിയും വനാമി ചെമ്മീന്‍ കീഴടക്കുന്ന കാഴ്ചയാണ് എങ്ങും കാണുന്നത്. കൂനിന്മേല്‍ കുരു എന്നപോലെ വ്യാപകമായ രോഗബാധയും വിളനാശവും കാരച്ചെമ്മീന്‍ കൃഷിമേഖലയെ പിടിച്ചുലയ്ക്കുകയാണ്.പ്രശ്‌നപരിഹാരത്തിനാവശ്യമായ ഇടപെടല്‍ അടിയന്തരമായി ഉണ്ടായില്ലെങ്കില്‍ വരുംദിനങ്ങളില്‍ കൂടുതല്‍ കര്‍ഷകര്‍ രംഗംവിട്ടൊഴിയാന്‍ സാധ്യതയുണ്ട്. ഇത് നമ്മുടെ സംസ്ഥാനത്തിലെ ചെമ്മീന്‍കൃഷിമേഖലയുടെ തന്നെ തകര്‍ച്ചയ്ക്ക് കാരണമാകാം.

വിദേശ കമ്പോളങ്ങളെ മാത്രം ആശ്രയിച്ച് ഉണ്ടാക്കിയ വികസനതന്ത്രമാണ് ഇന്നത്തെ അവസ്ഥയ്ക്കുള്ള മുഖ്യകാരണം. വിദേശീയരെ ചെമ്മീന്‍ തീറ്റാനുള്ള തത്രപ്പാടില്‍, വളര്‍ന്നുവരുന്ന നമ്മുടെ സമ്പദ്‌വ്യവസ്ഥയെയും ചെമ്മീന്‍ കഴിക്കാനുള്ള നമ്മുടെ ജനതയുടെ കഴിവിനെയും നാം പാടെ മറന്നു.

You must be logged in to post a comment Login