ചെരുപ്പ് ഫാഷന്റെ പര്യായം

ദൈനംദിന ജീവിതത്തില്‍ വസ്ത്രംപോലെതന്നെ ചെരുപ്പിനും പ്രാധാന്യമേറിക്കഴിഞ്ഞു. വസ്ത്രം ധരിക്കാതെ പുറത്തിറങ്ങുന്നത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല. വീട്ടില്‍നിന്ന് കാറിലേക്കും കാറില്‍നിന്ന് ഓഫീസിലേക്കും ചരിക്കുന്നവര്‍ക്ക് ചെരുപ്പുകള്‍ പാദരക്ഷകളാണെന്ന് പറയാനാവില്ലെങ്കിലും ചെരുപ്പുകളിന്ന് സംസ്കാരത്തിന്റെയും ഫാഷന്റെയും ഭാഗമായിക്കഴിഞ്ഞു. തലച്ചുമടുമായി പൊള്ളുന്ന ടാര്‍റോഡില്‍ക്കൂടി നടക്കുന്ന തൊഴിലാളിക്ക് ചെരുപ്പ് പാദരക്ഷകനാണ്. ഇലക്ട്രിക് ലൈറ്റുകള്‍ നൃത്തംചെയ്യുന്ന റാംപില്‍ ക്യാറ്റ് വാക്കിങ്ങ് നടത്തുന്ന മോഡല്‍ഗേളിന് ചെരുപ്പ് ഫാഷന്റെ പര്യായമാണ്. അങ്ങനെ വ്യത്യസ്ത സാമൂഹ്യതലങ്ങളില്‍ ചെരുപ്പുകള്‍ക്ക് വ്യത്യസ്ത ഭാവവും കൈവരുന്നു.


പാദങ്ങള്‍ക്ക് പരിക്കേല്‍ക്കാതെ സംരക്ഷിച്ചുപോന്ന ചെരുപ്പുകള്‍ ഫാഷന്റെ ഭാഗമായതോടെ പാദങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങളും ഉടലെടുത്തു. ഉയരമില്ലാത്തവര്‍ക്കായുള്ള ഹൈഹീല്‍,, പ്രമേഹരോഗികള്‍ക്കായി സോഫ്റ്റ് മെറ്റീരിയല്‍, സ്‌പോര്‍ട്ട്‌സ് ഷൂകള്‍, എയര്‍ഹോസ്‌റസുമാര്‍ക്കായി പോയിന്റഡ് ഷൂകള്‍ തുടങ്ങി വിവിധ ആവശ്യക്കാരെ ലക്ഷ്യമിട്ട് ചെരുപ്പുകമ്പോളം കുതിക്കുമ്പോള്‍ പാദരക്ഷകളുടെ തെരഞ്ഞെടുക്കലിന് വലിയ പ്രാധാന്യമുണ്ട്. കാഴ്ചയ്ക്ക് ഭംഗിയുള്ള ചെരുപ്പുകള്‍ ആരോഗ്യത്തിന് ഇണങ്ങുന്നവയായിക്കൊള്ളണമെന്നില്ല. അതുകൊണ്ട് ചെരുപ്പു വാങ്ങുമ്പോള്‍ വില, ഈട്, ഭംഗി എന്നിവയ്‌ക്കൊപ്പം അതിന്റെ മെറ്റീരിയല്‍, ഷെയ്പ്പ്, ഹീല്‍, വലുപ്പം എന്നിവയും ശ്രദ്ധിക്കേണ്ടതുണ്ട്.

 

 

You must be logged in to post a comment Login