ചെറുകിട എണ്ണപ്പാടങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്നു

Untitled-2 copyന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ എണ്ണപ്പാടങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തീറെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍. പൊതമേഖലയിലെ 69 ചെറുകിട എണ്ണ, വാതക പാടങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് ലേലത്തില്‍ നല്‍കാന്‍ ഇന്നലെ  ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഒ.എന്‍.ജി.സി, ഓയില്‍ ഇന്ത്യ എന്നിവയുടെ എണ്ണപ്പാടങ്ങളില്‍ 89 ദശലക്ഷം ടണ്‍ എണ്ണ, പ്രകൃതിവാതക ശേഖരമുണ്ടെന്നാണ് കരുതുന്നത്.
നിലവിലെ വിപണിമൂല്യമനുസരിച്ച് 70,000 കോടി രൂപ വിലമതിക്കും. ലേല നടപടികള്‍ മൂന്നു മാസത്തിനകം തുടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. വരുമാനം പങ്കിടുന്നതോ സര്‍ക്കാരിന് മുന്‍കൂര്‍ വാഗ്ദാനം നല്‍കുകയോ ചെയ്യുന്നത് അടിസ്ഥാനമാക്കിയാകും ലേലനടപടി. പൊതുമേഖലയില്‍ ലാഭകരമല്ലാതെ പ്രവര്‍ത്തിക്കുന്ന എണ്ണപ്പാടങ്ങളായിരിക്കും ഇത്തരത്തില്‍ ലേലം ചെയ്യുക. ലോകത്തെ നാലാമത്തെ എണ്ണ ഉപഭോഗ രാജ്യമായ ഇന്ത്യയുടെ ആവശ്യത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് പ്രദേശികമായി കണ്ടെത്താന്‍ കഴിയുന്നത്. സ്വകാര്യ മേഖലയെയും വിദേശ പങ്കാളിത്തവും വ്യവസായത്തിലേക്ക് ആകര്‍ഷിക്കുന്നതോടെ ഇത് പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് കേന്ദ്രത്തിന്.
ലേലം ചെയ്യുന്ന എണ്ണപ്പാടങ്ങളില്‍ ഇടപെടല്‍ പരിമിതപ്പെടുത്തുന്നതിനു പുറമേ ഇവിടെ നിന്നുള്ള ഉത്പന്നം പൊതുവിപണിയില്‍ വില്‍ക്കുന്നതിന് നിയന്ത്രണമില്ലാതെ കമ്പനികളെ അനുവദിക്കുകയും ചെയ്യുമെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി. എണ്ണപ്പാടങ്ങളുടെ വ്യാപ്തി, ഭൂപ്രകൃതി, കുറഞ്ഞ എണ്ണവില എന്നിവ മൂലം ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതു മേഖലാ കമ്പനികള്‍ ചെറുകിട എണ്ണപ്പാടങ്ങള്‍ ഒഴിവാക്കുന്നത്. ഒ.എന്‍. ജി.സി, ഒ. ഐ.എല്‍, സ്വകാര്യ മേഖലയില്‍ റിലയന്‍സ് എന്നീ കമ്പനികളാണ് രാജ്യത്ത് എണ്ണ ഖനന രംഗത്ത് പ്രവര്‍ത്തിക്കുന്നത്.

You must be logged in to post a comment Login