ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ചു, സൗദിയില്‍ തൊഴിലാളികളെ പിരിച്ചുവിടല്‍ വ്യാപകം; ആശങ്കയില്‍ മലയാളികള്‍

എണ്ണവില ഇടിഞ്ഞതിനെത്തുടര്‍ന്ന് നാനൂറോളം കമ്പനികളാണ് കടുത്ത പ്രതിസന്ധിയിലായത്. ഉയര്‍ന്ന ശമ്പളം പറ്റുന്ന ജീവനക്കാരെയാണ് ആദ്യഘട്ടത്തില്‍ പിരിച്ചുവിടുന്നത്.

Saudi Arabia
ദമാം: സൗദി അറേബ്യ ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സ്വകാര്യ കമ്പനികള്‍ തൊഴിലാളികളെ വ്യാപകമായി പിരിച്ചുവിടുന്നു. 18 ലക്ഷം വിദേശികള്‍ ജോലി ചെയ്യുന്ന കരാര്‍ മേഖലയില്‍ മലയാളികള്‍ ഏറെയാണ്. എണ്ണ വിലയിടിവ് സമ്പദ്‌വ്യവസ്ഥയില്‍ പ്രതിഫലിച്ചതോടെയാണ് സൗദി അറേബ്യ ചെലവുചുരുക്കല്‍ പ്രഖ്യാപിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളായ സൗദ് അരാംകോ, സാബിക്, റോയല്‍ കമ്മിഷന്‍ തുടങ്ങിയവര്‍ നൂറിലധികം വന്‍കിട പദ്ധതികളാണു നിര്‍ത്തിവച്ചത്. അവരില്‍ നിന്നു കരാര്‍ ജോലികള്‍ പ്രതീക്ഷിച്ചു വിദേശത്തുനിന്നു നൂറുകണക്കിനു തൊഴിലാളികളെ റിക്രൂട്ട് ചെയ്തുകൊണ്ടുവന്ന വലുതും ചെറുതുമായ നിരവധി കമ്പനികളാണ് തൊഴിലാളികള്‍ക്കു ശമ്പളം നല്‍കാനാകാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ആറു മാസമായി ശമ്പളം ലഭിക്കാത്ത തൊഴിലാളികളുണ്ട്. ഭക്ഷണത്തിനും ചെലവിനുമുള്ള പണം മാത്രം നല്‍കുന്ന കമ്പനികളുമുണ്ട്.

എണ്ണവില ഇടിഞ്ഞതിനെത്തുടര്‍ന്ന് നാനൂറോളം കമ്പനികളാണ് കടുത്ത പ്രതിസന്ധിയിലായത്. ഉയര്‍ന്ന ശമ്പളം പറ്റുന്ന ജീവനക്കാരെയാണ് ആദ്യഘട്ടത്തില്‍ പിരിച്ചുവിടുന്നത്. പിരിച്ചുവിടലിലൂടെ തൊഴിലാളികളുടെ എണ്ണം കുറച്ച് പ്രതിസന്ധി തല്‍ക്കാലം മറികടക്കാനാണ് ആലോചന. എണ്ണ വിലയിടിവ് തുടരുന്നപക്ഷം പിരിച്ചുവിടലിന്റെ വ്യാപ്തി കൂടും. ഇതു മറികടക്കാനുള്ള നടപടികളുടെ ഭാഗമായി വിദേശ ബാങ്കുകളില്‍ നിന്ന് ഏകദേശം 800 കോടി ഡോളര്‍ വായ്പയെടുക്കാന്‍ സൗദി ഭരണകൂടം നടപടി തുടങ്ങിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് കരാര്‍ കമ്പനി ഉടമകളുടെ കൂട്ടായ്മ കഴിഞ്ഞ ദിവസം സൗദിയിലെ കിഴക്കന്‍ പ്രവിശ്യ ചേംബര്‍ ഓഫ് കൊമേഴ്‌സിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

എണ്ണ വിലയിടിവും പ്രതിരോധ ബജറ്റ് വര്‍ധനയും മൂലം ജി.ഡി.പിയുടെ 15 മുതല്‍ 20 ശതമാനം വരെയാണ് സൗദിയുടെ ബജറ്റ് കമ്മി. ഇത് ഏകദേശം 10,000 കോടി ഡോളര്‍ വരും. കഴിഞ്ഞ മാസം 48 ശതമാനത്തോളം ഇടിവാണ് പൊതു കരാറുകള്‍ക്കു സംഭവിച്ചതെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശനിക്ഷേപം തിരിച്ചുപിടിച്ചും കടപ്പത്രമിറക്കിയുമുള്ള രക്ഷാനടപടികള്‍ അഞ്ചു വര്‍ഷത്തിനപ്പുറം തുണയ്ക്കില്ലെന്ന വിലയിരുത്തല്‍ കൂടി വന്നതോടെ ചെലവുചുരുക്കല്‍ നടപടിയും തുടങ്ങി.

ചെലവ് അഞ്ചു ശതമാനം ചുരുക്കാനാണ് വിവിധ മന്ത്രാലയങ്ങളോടു നിര്‍ദേശിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ ബജറ്റിന്റെ ഭാഗമായ പദ്ധതികളുടേത് അടക്കമുള്ള കരാറുകള്‍ ഇതിന്‍ പ്രകാരം പുതുക്കണം. ധനമന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പുതിയ കരാറുകള്‍ ഒപ്പുവയ്ക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ചെലവുചുരുക്കല്‍ പദ്ധതി നിര്‍മാണ മേഖലയെയാകും കൂടുതല്‍ ബാധിക്കുക. അടുത്ത വര്‍ഷത്തോടെയേ എണ്ണവില 50 ഡോളറിനു മുകളിലെത്തൂ എന്നാണു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഇതു പിരിച്ചുവിടല്‍ നടപടികള്‍ക്ക് ആക്കം കൂട്ടാന്‍ ഇടയാക്കും.

You must be logged in to post a comment Login