ചെല്‍സിയുടെ കൗമാരതാരം ഹഡ്‌സണ്‍ ഒഡോയിക്ക് ഇംഗ്ലണ്ട് ദേശീയ ടീമില്‍ നിന്നും വിളിയെത്തി

ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയുടെ കൗമാരതാരം കല്ലം ഹഡ്‌സണ്‍ ഒഡോയിക്ക് ഇംഗ്ലണ്ടിന്റെ ദേശീയ ടീമില്‍ നിന്നും ആദ്യമായി വിളിയെത്തി. സതാംപ്ടണ്‍ താരം ജെയ്‌സ് വാര്‍ഡ് പ്രോവ്‌സിക്കും സൗത്ത് ഗേറ്റിന്റെ ടീമില്‍ ഇടം നല്‍കിയിട്ടുണ്ട്. 2020ലെ യൂറോ കപ്പിനായുള്ള യോഗ്യതാ മത്സരത്തിലേക്കാണ് ഇരുവര്‍ക്കും അവസരം ലഭിച്ചിരിക്കുന്നത്.

പരിക്കുമൂലം ഒരുപിടി താരങ്ങള്‍ പുറത്തിരുന്നത് യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കാനിടയായി. ഫാബിയന്‍ ഡെല്‍ഫ്, ലോഫ്റ്റസ് ചീക്ക്, ജോണ്‍ സ്‌റ്റോണ്‍സ്, ലൂക്ക് ഷാ എന്നിവര്‍ ചെക്ക് റിപ്പബ്ലിക്കും മോണ്ടിനെഗ്രോയ്ക്കും എതിരെയുള്ള മത്സരങ്ങളില്‍ പരിക്കുമൂലം കളിക്കില്ല. പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഭാവി സൂപ്പര്‍താരമാകുമെന്ന സൂചന നല്‍കുന്ന പ്രകടനം ഹഡ്‌സണ്‍ പുറത്തെടുത്തിട്ടുണ്ട്.
ചെല്‍സിക്കായി കപ്പ് മത്സരങ്ങളിലും യൂറോപ്പോ ലീഗിലും നടത്തിയ മികവാര്‍ന്ന പ്രകടനമാണ് പതിനെട്ടുകാരന് തുണയായത്. സീനിയര്‍ ടീമിലേക്കുള്ള വിളി തന്നെ ഞെട്ടിച്ചെന്ന് ഹഡ്‌സണ്‍ പ്രതികരിച്ചു. ദേശീയ ടീമില്‍ അവസരം ലഭിച്ചത് ആദ്യം വിശ്വസിച്ചില്ല. സീനിയര്‍ ടീമിലെത്തിയതോടെ ഇനി കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നു. തന്റെ സ്വപ്‌നം പൂവണിഞ്ഞെന്നും ചെല്‍സി താരം പറഞ്ഞു.

വാര്‍ഡ് പ്രോവ്‌സി നേരത്തെ ഒരു മത്സരത്തില്‍ ഇംഗ്ലണ്ടിനായി ഇറങ്ങിയിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ കിതയ്ക്കുന്ന സതാംപ്ടണുവണ്ടി കഴിഞ്ഞ മൂന്നു കളികളില്‍ താരം ഗോള്‍ നേടി. ഇതില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ടോട്ടനത്തിനും എതിരായ ഫ്രീക്ക് ഗോളുകള്‍ ശ്രദ്ധേനേടിയിരുന്നു. രണ്ടു താരങ്ങളും ടീമിന് മുതല്‍ക്കൂട്ടാകുമെന്നും യോഗ്യതാ മത്സരങ്ങളില്‍ ഇംഗ്ലണ്ടിന് ജയം നേടാനാകുമെന്നും പരിശീലകന്‍ ഗരേത് സൗത്ത് ഗേറ്റ് പറഞ്ഞു.

You must be logged in to post a comment Login