ചേരാനല്ലൂര്‍ മര്‍ദനം;എസ്‌ഐക്കും രണ്ട് വനിതാ പിസിമാര്‍ക്കും സസ്‌പെന്‍ഷന്‍

കൊച്ചി: ചേരാനല്ലൂര്‍ സ്വദേശിനി ലീബയെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ എസ്‌ഐ സാംസണ്‍, വനിതാ പിസിമാരായ സുനിത, ശ്രീജ എന്നിവരെ സസ്‌പെന്റ് ചെയ്തു.ആഭ്യന്തരമന്ത്രി രമേശ് ചെന്നത്തലയുടെ നിര്‍ദേശ പ്രകാരം കൊച്ചി റേഞ്ച് ഐജി എംആര്‍ അജിത് കുമാരിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഒരു സബ് ഇന്‍സ്‌പെക്ടറെയും മറ്റ് രണ്ട് വനിതാ പിസിമാരെയും സസ്‌പെന്റ് ചെയ്തത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ലീബയെ ഇന്നലെ സന്ദര്‍ശിച്ചശേഷമാണ് സസ്‌പെന്റ് ചെയ്ത വിവരം അറിയിച്ചത്. കഴിഞ്ഞ 24നാണ് മോഷണക്കേസില്‍ ലീബയെ ചേരാനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ കേസില്‍ ആരോപമ വിധേയരായ എസ്‌ഐ സാംസനെയും വനിതാ സിവില്‍ ഓഫീസറെയും ചേരാനല്ലൂര്‍ സ്റ്റേഷനില്‍ നിന്നും സ്ഥലംമാറ്റിയിരുന്നു. യുവതി ജോലിക്ക് നിന്നിരുന്ന ഡോക്ടറുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ലീബയെ പിടികൂടിയത്. ആദ്യം മോഷ്ടിച്ചെന്ന് സമ്മതിച്ച യുവതി ആഭരണം എവിടെയെന്ന് ചോദിച്ചപ്പോള്‍ മോഷ്ടിച്ചിട്ടില്ലെന്ന മറുപടി നല്‍കിയിരുന്നു. ആഭരണങ്ങള്‍ കണ്ടെത്താന്‍ പോലീസ് മര്‍ദിച്ചുവെന്നുതന്നെയാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
യുവതി ആരോപിക്കുന്നതുപോലെ ക്രൂരമായ മര്‍ദനം ഉണ്ടായിട്ടില്ലെന്നാണന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തിനു പിന്നില്‍ സ്റ്റേഷനിലെ ചില ആഭ്യന്തര പ്രശ്‌നങ്ങളും ഉണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.മര്‍ദ്ദനത്തെ തുടര്‍ന്ന് രൂപംകൊണ്ട ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആഭ്യന്തര മന്ത്രിയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം ആവശ്യപ്പെട്ടിരുന്നു.
ഹൈബി ഈഡന്‍ എംഎല്‍എയാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.ലീബയെ മര്‍ദ്ദിച്ചവരെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സിറ്റിപോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
മേനക ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ പോലീസ് തടഞ്ഞു. ധര്‍ണ പി.എസ് ഷൈല ഉദ്ഘാടനം ചെയ്തു.
സി.വി അജിത സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

You must be logged in to post a comment Login