ചൈനീസ് സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടി; 25 വര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്ക്

നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (എന്‍.ബി.എസ്) ഇന്നലെ പുറത്തുവിട്ട കണക്കുകളിലാണ് വളര്‍ച്ചാ നിരക്കിന്റെ വിശദാംശങ്ങളുള്ളത്.

chinese economy

ബെയ്ജിങ്: ലോകത്തിലെ രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയായ ചൈനീസ് സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക്. കാല്‍നൂറ്റാണ്ടിനിടെയിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയാണ് രേഖപ്പെടുത്തി. 2015ലെ വളര്‍ച്ചാനിരക്ക് 6.9 ശതമാനമാണ്. 1990 ലാണ് ഇതിനുമുമ്പ് വളര്‍ച്ചാ നിരക്കിനു ഗതിവേഗം കുറഞ്ഞത്. അന്ന് 3.8 ശതമാനമായിരുന്നു നിരക്ക്. ടിയാനന്‍മെന്‍ സ്‌ക്വയര്‍ വിദ്യാര്‍ഥി പ്രക്ഷോഭവും രക്തച്ചൊരിച്ചിലും ചൈനയെ രാജ്യാന്തര സമൂഹത്തില്‍നിന്ന് അകറ്റിയ സമയമായിരുന്നു അത്.

നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (എന്‍.ബി.എസ്) ഇന്നലെ പുറത്തുവിട്ട കണക്കുകളിലാണ് വളര്‍ച്ചാ നിരക്കിന്റെ വിശദാംശങ്ങളുള്ളത്. കണക്കുകളനുസരിച്ച് കഴിഞ്ഞ വര്‍ഷത്തിന്റെ നാലാം പാദത്തില്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 6.8 ശതമാനമാണ്. തൊഴിലില്ലായ്മ പോലെയുള്ള ഗുരുതര പ്രതിസന്ധിക്ക് കാരണമാകുമെന്നതിനാല്‍ പലിശ നിരക്ക് കുറച്ചും മറ്റും തകര്‍ച്ച പിടിച്ചു നിര്‍ത്താനാണ് സാമ്പത്തിക വിദഗ്ധര്‍ ശ്രമിക്കുന്നത്. 2009ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കു ശേഷം ഏറ്റവും മോശം വളര്‍ച്ചയാണ് കഴിഞ്ഞ ഒക്ടോബര്‍ഡിസംബര്‍ മാസങ്ങളില്‍ രേഖപ്പടുത്തിയത്.

2015ല്‍ ഏഴു ശതമാനത്തിനടുത്ത വാര്‍ഷിക വളര്‍ച്ചാനിരക്കാണ് ലക്ഷ്യമിടുന്നതെന്ന് ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ് പ്രഖ്യാപിച്ചിരുന്നു.
ഒരു ദശകത്തോളം കുതിപ്പു പ്രകടിപ്പിച്ചിരുന്ന ചൈനീസ് സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ രണ്ടുവര്‍ഷം മുമ്പാണ് തിരിച്ചിറക്കം തുടങ്ങിയത്. ഇത് ചൈനയിലെ മാത്രമല്ല, രാജ്യാന്തര ഓഹരിവിപണികളിലും പ്രതികൂല തരംഗത്തിനു കാരണമായിരുന്നു. നിരക്ക് വീണ്ടും കുറഞ്ഞ പശ്ചാത്തലത്തില്‍ ഉണ്ടായേക്കാവുന്ന തിരിച്ചടികളുടെ ആശങ്കയിലാണ് ചൈനയും രാജ്യാന്തരസമൂഹവും.

You must be logged in to post a comment Login