ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് ‘മംഗള്‍യാന്‍’ , പേടകത്തിലേക്ക് സന്ദേശങ്ങള്‍ നല്‍കിത്തുടങ്ങി

ബാംഗ്ലൂര്‍: ഇന്ത്യയുടെ പര്യവേക്ഷണ പേടക(മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍എം.ഒ.എം.)ത്തിന് ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതിനാവശ്യമായ സന്ദേശങ്ങള്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന(ഐ.എസ്.ആര്‍.ഒ.)യിലെ ശാസ്ത്രജ്ഞര്‍ നല്‍കിത്തുടങ്ങി. ആവശ്യമായ സന്ദേശങ്ങള്‍ മുഴുവന്‍ അയയ്ക്കാന്‍ 13 മണിക്കൂര്‍ വേണ്ടിവരുമെന്നും,പേടകത്തിന്റെ യാത്ര സുഗമമായി പുരോഗമിക്കുകയാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു

‘മംഗള്‍യാന്‍’ എന്ന് അറിയപ്പെടുന്ന പേടകം ഈ മാസം 24ന് രാവിലെ 7.18നാണ് സൂര്യന്റെ ആകര്‍ഷണവലയത്തില്‍നിന്ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നത്. പേടകത്തിന്റെ ദ്രാവക ഇന്ധനം 24 സെക്കന്‍ഡ് ജ്വലിപ്പിക്കുന്നതോടെയാണ് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുക.ഈ സമയത്ത് പേടകത്തില്‍ നിന്നു ഭൂമിയിലേക്കും തിരിച്ചും സന്ദേശമെത്തുന്നതിന് 12.5 മിനിറ്റ് വേണ്ടി വരും.പേടകത്തിലെ പ്രധാന യന്ത്രം പ്രവര്‍ത്തിപ്പിച്ചാണ് ഇത് സാധ്യമാക്കുക. ലോകം ഉറ്റുനോക്കുന്ന ഈ നിര്‍ണായകഘട്ടത്തില്‍ ‘മംഗള്‍യാന്‍’ ചൊവ്വയുടെ നിഴലിലായിരിക്കും. ഈ സമയം പേടകത്തിലെ സൗരോര്‍ജ പാനലുകള്‍ക്ക് സൂര്യപ്രകാശം ലഭിക്കില്ല.

ചൊവ്വാപഥ പ്രവേശത്തിനുമുമ്പ് 22ന് യന്ത്രം പരീക്ഷണാര്‍ഥം നാല് സെക്കന്‍ഡ് പ്രവര്‍ത്തിപ്പിക്കും. കഴിഞ്ഞ നവംബറിനുശേഷം യന്ത്രം പ്രവര്‍ത്തിപ്പിച്ചിട്ടില്ലാത്തതിനാലാണിത്. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ‘മംഗള്‍യാനി’ല്‍ ‘ഓണ്‍ബോര്‍ഡ് ഓട്ടോണമി’ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സഞ്ചാരപഥം സ്വയം ക്രമീകരിക്കാനുള്ള ശേഷി ഇതിലൂടെ ലഭിക്കും. നിലവില്‍ അമേരിക്ക, റഷ്യ, യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവര്‍ മാത്രമാണ് ചൊവ്വാ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുള്ളത്. 426 കോടി രൂപ ചിലവിട്ട് 2013 നവംബര്‍ അഞ്ചിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് മംഗള്‍യാന്‍ വിക്ഷേപിച്ചത്.

You must be logged in to post a comment Login