ഛത്തീസ്ഗഡിലെ വന്ധ്യംകരണ ശസ്ത്രക്രിയ;ഡോക്ടര്‍ അറസ്റ്റില്‍

ബിലാസ്പുര്‍: ഛത്തീസ്ഗഢില്‍ വന്ധ്യംകരണ ശസ്ത്രക്രിയയെത്തുടര്‍ന്ന് 13 സ്ത്രീകള്‍ മരിക്കാനിടയായ സംഭവത്തില്‍ ഡോക്ടര്‍ അറസ്റ്റില്‍.  ഡോ. ആര്‍ കെ ഗുപ്തയാണ് അറസ്റ്റിലായത്.ഇയാല്‍ അഞ്ച് മണിക്കൂറിനുള്ളില്‍ 83 സ്ത്രീകളെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്.ഒരു ദിവസം ഒരു ഡോക്ടര്‍ പത്ത് വന്ധ്യംകരണ ശസ്ത്രക്രിയകള്‍ മാത്രമെ നടത്താവൂയെന്ന ചട്ടം നിലനില്‍ക്കെയാണ് ഡോ. ഗുപ്ത 83 ശസ്ത്രക്രിയകള്‍ നടത്തിയത്. മൂന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘം ഒരുദിവസം പരമാവധി 30 ശസ്ത്രക്രിയകള്‍ മാത്രമെ നടത്താവൂയെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശമുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ വിദഗ്ദ്ധനായി അറിയപ്പെടുന്ന വ്യക്തിയാണ് ഡോ. ഗുപ്ത. ഒരുലക്ഷം ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയതിന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ജനവരി 26 ന് ഡോ. ഗുപ്തയെ ആദരിച്ചിരുന്നു. എന്നാല്‍, 13 സ്ത്രീകള്‍ മരിച്ചതിനെത്തുടര്‍ന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ നിര്‍ദ്ദേശപ്രകാരം ഡോ. ഗുപ്തയെ ചൊവ്വാഴ്ച സസ്‌പെന്‍ഡ് ചെയ്തു. അദ്ദേഹത്തിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.കുടുംബാസൂത്രണക്യാമ്പില്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചത് തുരുമ്പിച്ച ഉപകരണങ്ങളാണെന്ന് അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. വിഷബാധയേറ്റതുപോലുള്ള അസ്വാസ്ഥ്യങ്ങളാണ് ശസ്ത്രക്രിയയ്ക്ക് വിധേയരായ യുവതികള്‍ പ്രകടിപ്പിച്ചത്.

You must be logged in to post a comment Login