ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണം; കൊല്ലപ്പെട്ട സൈനികരുടെ മക്കളുടെ പഠന ചെലവ് ഏറ്റെടുക്കുമെന്ന് ഗൗതം ഗംഭീര്‍

കൊല്‍ക്കത്ത : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട 25 സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ മക്കളുടെ മുഴുവന്‍ പഠന ചെലവും ഏറ്റെടുക്കു മെന്ന് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ‘ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍’ വഴിയായിരിക്കും കുട്ടികള്‍ക്കുള്ള പഠന ചെലവ് നല്‍കുകയെന്നും, അതിനുള്ള എല്ലാ നടപടികളും തുടരുകയാണെന്നും ഗംഭീര്‍ അറിയിച്ചു. സൈനികര്‍ക്കെതിരെയുള്ള മാവോയിസ്റ്റ് ആക്രമണങ്ങളും, അവരുടെ കുടുംബങ്ങളുടെ ചിത്രങ്ങളും പത്രങ്ങളില്‍ വന്നത് തന്നെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട് പത്രത്തില്‍ വന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു ഗംഭീര്‍ ട്വീറ്റ് ചെയ്തത്.

View image on Twitter

‘കഴിഞ്ഞ ദിവസം പത്രങ്ങളില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ പെണ്‍മക്കളുടെ ചിത്രങ്ങളാണ് കണ്ടത്. ഒരാള്‍ അലമുറയിട്ട് കരയുമ്പോള്‍ മറ്റൊരു പെണ്‍കുട്ടി പിതാവിന് സല്യൂട്ട് ചെയ്യുകയായിരുന്നുവെന്നും ഗംഭീര്‍ പറയുന്നു.

View image on TwitterView image on Twitter

മാവോയിസ്റ്റ് ആക്രമണത്തില്‍ 25 ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രോഷമറിയിച്ച് ഗൗതം ഗംഭീര്‍ ഇതിന് മുന്‍പും രംഗത്തെത്തിയിരുന്നു. ജവാന്‍മാരുടെ മരണത്തിന് എത്രയും വേഗം തന്നെ മറുപടി നല്‍കണമെന്നായിരുന്നു ഗംഭീര്‍ ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് സുരക്ഷ സേനയും, മാവോയിസ്റ്റുകളും തമ്മില്‍ ഛത്തീസ്ഗഢിലെ സുക്മയില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. തെക്കന്‍ ബസ്തറിനും ബുര്‍ക്കപാല്‍ചിന്താഗുഫ മേഖലയ്ക്കും ഇടയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സിആര്‍പിഎഫ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായി രുന്നു. ആക്രമണത്തില്‍ 25 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെടുകയും, ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും, എട്ടുപേരെ കാണാതാകുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, രാജ്‌നാഥ് സിംഗ് അടക്കമുള്ളവര്‍ ആക്രമണത്തില്‍ രോക്ഷമറിയിച്ചിരുന്നു.

കശ്മീരില്‍ ഇതിന് മുന്‍പ് ഒരു കൂട്ടം യുവാക്കള്‍ സൈനികനെ മര്‍ദിക്കുന്ന വീഡിയോ പുറത്ത് വിട്ടപ്പോഴും ഗംഭീര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. ജവാന്‍മാര്‍ കൊള്ളുന്ന ഓരോ അടിക്കും 100 ജിഹാദികളുടെ ജീവന്‍ എടുക്കണമെന്നായിരുന്നു ഗംഭീര്‍ ട്വീറ്റ് ചെയ്തിരുന്നത്. കശ്മീര്‍ ഞങ്ങളുടേതാണെന്നും ആസാദി എന്ന് വിളിക്കുന്നവര്‍ കശ്മീര്‍ വിട്ട്‌പോകണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നു.