ജഡ്ജിമാരുടെ ജീവനും ഇപ്പോള്‍ സുരക്ഷയില്ലാത്ത അവസ്ഥ: കോടിയേരി

കായംകുളം: നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന ജഡ്ജിമാരുടെ ജീവനും ഇപ്പോള്‍ സുരക്ഷയില്ലാത്ത അവസ്ഥയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കായംകുളത്ത് നടന്ന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജസ്റ്റിസ് ലോയുടെ മരണത്തില്‍ സമഗ്രമായ അനേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. സുപ്രിംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ മാധ്യമങ്ങളിലൂടെ രാജ്യത്തോട് പറഞ്ഞത് ഗൗരവത്തോടെ കാണേണ്ട പ്രശ്‌നങ്ങളാണ്. അസാധാരണ സ്ഥിതി വിശേഷമാണ് രാജ്യത്തുണ്ടായിരിക്കുന്നത്.

ജുഡീഷ്യറിയെ വരുതിയിലാക്കി നിയമ നീതിന്യായ വ്യവസ്ഥയെ തകര്‍ക്കുന്ന നീക്കത്തെ ഇല്ലാതാക്കണം. ജുഡീഷ്യറിയുടെ വിശ്വാസ്യത വീണ്ടെടുത്ത് ജനാധിപത്യം സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പി ഭരണത്തിന്റെ കീഴില്‍ രാജ്യത്തെ മനുഷ്യരുടെ സൈ്വര്യജീവിതം തകര്‍ന്നിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.

എ.കെ.ജിക്കെതിരെ വി.ടി. ബല്‍റാം എം.എല്‍.എ നടത്തിയ പരാമര്‍ശങ്ങള്‍ നരേന്ദ്ര മോദിക്കെതിരെ ആയിരുന്നെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇടപെട്ടേനെ. മോദിക്കെതിരെ പരാമര്‍ശം നടത്തിയ മണിശങ്കര്‍ അയ്യറെ പുറത്താക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ എ.കെ.ജിയെ അവഹേളിച്ച ബല്‍റാമിനെ കോണ്‍ഗ്രസ് പട്ടും വളയും നല്‍കി ആദരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

You must be logged in to post a comment Login