ജഡ്ജിമാരുടെ നിയമനം: കേന്ദ്രത്തിനെതിരെ വീണ്ടും സുപ്രീംകോടതി

ന്യൂഡല്‍ഹി: ന്യായാധിപന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. സുപ്രീംകോടതി കൊളീജിയം നിര്‍ദ്ദേശിച്ച 43 ജഡ്ജിമാരുടെ നിയമന ശുപാര്‍ശകള്‍ തിരിച്ചയച്ച കേന്ദ്രസര്‍ക്കാറിന്റെ നടപടി അംഗീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കി. മാത്രവുമല്ല ഇവരുടെ നിയമനം അംഗീകരിക്കണമെന്ന് വീണ്ടും ഔദ്യോഗികമായി ആവശ്യപ്പെടുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

വിവിധ ഹൈക്കോടതികളില്‍ സേവനം അനുഷ്ടിക്കുന്ന ന്യായാധിപന്മാരെ സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള കൊളീജിയത്തിന്റെ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും അംഗീകരിച്ചിരുന്നില്ല. പട്ടികയില്‍ നിന്നും 34 പേരുടെ നിയമനം അംഗീകരിച്ചുവെങ്കിലും 43 പേരുടെ നിയമന ശുപാര്‍ശ തള്ളിക്കളഞ്ഞിരുന്നു.എന്നാല്‍ ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി ഈ പേരുകള്‍ വീണ്ടും കേന്ദ്രസര്‍ക്കാറിന്റെ പരിഗണനയ്ക്ക് അയക്കുമെന്നും ജസ്റ്റിസ് ടി.എസ് ടാക്കൂര്‍, ജസ്റ്റിസ് എ.ആര്‍ ധവെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

അതേസമയം, ജഡ്ജിമാരുടെ നിയമനത്തില്‍ വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരികയാണെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി വിശദീകരിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പുതുതായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കോടതിയില്‍ അറിയിച്ചു. നേരത്തെ നിയമന നടപടികള്‍ ഇനിയും വൈകിയാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടെയുള്ളവരെ കോടതിയില്‍ വരുത്തേണ്ടി വരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. കേസ് കോടതി ശൈത്യകാല അവധി കഴിഞ്ഞ ശേഷം പരിഗണിക്കും.

You must be logged in to post a comment Login