ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ താക്കീത്

 

supreme-courtന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനം വൈകിപ്പിക്കുന്നതില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. കൊളീജിയം സമര്‍പിച്ച ജഡ്ജിമാരുടെ പട്ടികയ്ക്ക് മുകളില്‍ അടയിരുന്ന് ഇതിനെതിരെ ഉത്തരവിറക്കാന്‍ കോടതിയെ നിര്‍ബന്ധിപ്പിക്കരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ബഞ്ച് താക്കീത് നല്‍കി.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ 75 പേരുടെ പട്ടിക കൊളീജിയം ശുപാര്‍ശ ചെയ്തതാണ്. ഇതുവരെ അതില്‍ നടപടിയുണ്ടായിട്ടില്ല. ജഡ്ജിമാരില്ലാതെ കോടതികള്‍ അടച്ചിടേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങളെ എത്തിക്കരുത്. എവിടെയാണ് ആ ഫയലുകള്‍? സര്‍ക്കാരിന് ചില ഉത്തരവാദിത്തങ്ങളുണ്ട്. പട്ടികയിലെ പേരുകളില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് തിരിച്ചയക്കൂ. കൊളീജിയം അതില്‍ ഉചിതമായ തീരുമാനമെടുക്കും. ശുപാര്‍ശയോ നടപടിയോ ഒന്നുമില്ലാതെ ഫയലിന് മുകളില്‍ അടയിരിക്കാന്‍ നിങ്ങള്‍ക്കാവില്ല. അറ്റോണി ജനറല്‍ മുകുള്‍ രോഹത്ഗിയോടാണ് ചീഫ് ജസ്റ്റീസ് ടിഎസ് താക്കൂര്‍ പറഞ്ഞു.
ഹൈക്കോടതി ജഡ്ജിമാരുടെ നിയമനവും സ്ഥലംമാറ്റവും സംബന്ധിച്ച കാര്യങ്ങളില്‍ പോലും ഉത്തരവുകളുണ്ടാകുന്നില്ലെന്നും താക്കൂര്‍ കുറ്റപ്പെടുത്തി. ഫെബ്രുവരിയില്‍ കുറച്ച് ജഡ്ജിമാരുടെ സ്ഥലം മാറ്റം സംബന്ധിച്ച് ശുപാര്‍ശ നല്‍കിയിരുന്നു. അതിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഇത് തെറ്റായ ധാരണയാണുണ്ടാക്കുകയെന്നും കോടതി വിമര്‍ശിച്ചു.

.

You must be logged in to post a comment Login