ജഡ്ജി നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ക്ക് അന്തിമരൂപമായി


ന്യൂഡല്‍ഹി: ഏറെ അനിശ്ചിതത്വങ്ങള്‍ക്കും അഭിപ്രായവ്യത്യാസങ്ങള്‍ക്കുമൊടുവില്‍, ജഡ്ജി നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ക്ക് സുപ്രീംകോടതി കൊളീജിയം അന്തിമരൂപം നല്‍കി. ദേശീയ സുരക്ഷ മുന്‍നിര്‍ത്തി യോഗ്യതാ മാനദണ്ഡങ്ങള്‍ നിശ്ചയിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍, ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകര്‍ എന്നിവരടങ്ങുന്ന കൊളീജിയം നടപടിക്രമങ്ങള്‍ക്ക് അന്തിമ രൂപം നല്‍കിയത്.

ജഡ്ജി നിയമനത്തില്‍ കൊളീജിയത്തെ സഹായിക്കുന്നതിന് സുപ്രീം കോടതിയിലും ഹൈക്കോടതിയിലും സെക്രട്ടറിയേറ്റ് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. അന്തിമരൂപം നല്‍കിയിരിക്കുന്ന ജഡ്ജിനിയമനത്തിനുള്ള ‘മെമ്മോറാന്‍ഡം ഓഫ് പ്രൊസീജിയര്‍’ കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തിനായി ഈ ആഴ്ചതന്നെ സമര്‍പ്പിക്കും.

ഒരു വര്‍ഷത്തോളമായി നിയമനം നടക്കാത്തതിനാല്‍ രാജ്യത്തെ ഹൈക്കോടതികളില്‍ ആവശ്യമായതിന്റെ അറുപത് ശതമാനത്തില്‍ താഴെ ജഡ്ജിമാര്‍ മാത്രമാണുള്ളത്. ഇതുമൂലം പല കോടതികളിലും കേസുകള്‍ തീര്‍പ്പുകല്‍പിക്കുന്നത് വൈകുകയും കേസുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടാക്കുകയും ചെയ്തിരുന്നു.

ജഡ്ജി നിയമനത്തിനുള്ള നടപടിക്രമങ്ങളില്‍ ഭേദഗതി വരുത്തണമെന്ന് ഡിസംബറില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വരുത്തേണ്ട ഭേദഗതികള്‍ സംബന്ധിച്ച് കോടതി നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സുപ്രീം കോടതിയും കേന്ദ്രസര്‍ക്കാരും തമ്മില്‍ സമവായത്തിലെത്താന്‍ സാധിച്ചിരുന്നില്ല. എത്രയും വേഗത്തില്‍ നടപടിക്രമങ്ങള്‍ക്ക് അന്തിമ രൂപം നല്‍കണമെന്ന് ഫെബ്രുവരിയില്‍ സുപ്രീം കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

You must be logged in to post a comment Login