ജനപക്ഷം എൻഡിഎയിൽ ചേർന്നു; കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞെന്ന് പി.സി ജോർജ്

പി.സി ജോർജ് എംഎൽഎയുടെ നേതൃത്വത്തിലുള്ള ജനപക്ഷം പാർട്ടി എൻഡിഎയിൽ ചേർന്നു. പത്തനംതിട്ട പ്രസ് ക്ലബ്ബിൽ പി.സി ജോർജിന് ഒപ്പമെത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജനപക്ഷത്തിന്റെ വരവ് പത്തനംതിട്ടയിൽ ബിജെപിക്ക് ഗുണകരമാകുമെന്നും കെ.സുരേന്ദ്രന്റെ ഭൂരിപക്ഷം വർധിക്കുമെന്നും പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. ബിജെപി അഖിലേന്ത്യാ സെക്രട്ടറി വൈ.സത്യകുമാറും ചടങ്ങിൽ പങ്കെടുത്തു. ജനപക്ഷവുമായുള്ള സഹകരണം ലോക്‌സഭാ തെരഞ്ഞെടുപ്പിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്ന് വൈ .സത്യകുമാർ പറഞ്ഞു.

അതേ സമയം ജനങ്ങൾ ആഗ്രഹിച്ച പല കാര്യങ്ങളും നടപ്പാക്കാൻ മോദി സർക്കാരിനു കഴിഞ്ഞിട്ടുണ്ടെന്നും മോദിയുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായും പി.സി ജോർജ് പറഞ്ഞു. കർഷകരുടെ കാര്യത്തിൽ വളരെ അനുകൂല നിലപാടാണ് മോദി സർക്കാർ സ്വീകരിച്ചത്. റബർ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരിനു കഴിഞ്ഞുവെന്നും പി.സി ജോർജ് പറഞ്ഞു.

ശബരിമല ആചാര സംരക്ഷണത്തിന് നേതൃത്വം കൊടുത്തത് ആരാണെന്ന് എല്ലാവർക്കും അറിയാം. തൃശൂർ,തിരുവനന്തപുരം,കോട്ടയം,പത്തനംതിട്ട മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികൾ വിജയിക്കുമെന്നുറപ്പാണ്. പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ 75000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു. രാജ്യസഭാ സീറ്റ് താൻ ചോദിച്ചിട്ടില്ല. എന്നാൽ തന്റെയും തന്റെ പ്രവർത്തകരുടേയും ആത്മാർത്ഥത കണ്ടറിഞ്ഞ് എൻഡിഎ നേതൃത്വം തരുന്നതെന്തും സ്വീകരിക്കുമെന്നും പി.സി ജോർജ് വ്യക്തമാക്കി.

You must be logged in to post a comment Login