ജനപ്രിയ വാരികകാലം ജനഹിതമറിഞ്ഞ പത്രാധിപരുടെയും

  • ഡോ. സിന്ധു തൃക്കോതമംഗലം

അക്ഷരചാരുത വാക്ചാതുരിക്കു നിറമേകുമ്പോള്‍ വാഗ് വിസ്മയങ്ങള്‍ ആശയപ്രവാഹങ്ങള്‍ക്കും ചിന്താശകലങ്ങള്‍ മാറ്റൊലിക്കും വര്‍ണ്ണക്കുട ചൂടാറില്ലേ.. അത്തരമൊരു മാറ്റൊലിക്കു കാതോര്‍ത്ത ഒരു ജനതയുടെ ജീവിതച്ചിന്തുകള്‍ തൂലികത്തുമ്പിലുതിര്‍ത്ത് അവരുടെ നൊമ്പരങ്ങളും നെടുവീര്‍പ്പുകളും ഒപ്പിയെടുക്കാനേറെ ശ്രമിച്ച ഒരു അക്ഷരോപാസകനാണ് അമ്പാട്ട് സുകുമാരന്‍ നായര്‍. വളച്ചുകെട്ടില്ലാത്ത എഴുത്തും അനന്യമായ അനുവാചകസങ്കല്പവും നന്‍മയിലേക്കുള്ള ദീര്‍ഘദര്‍ശിത്വവും ഈ എഴുത്തുകാരന്റെ തൂലികയെ വേറിട്ടു നിര്‍ത്തുന്നു. അദ്ദേഹത്തിന്റെ രചനാവഴികളിലൂടെ ഒരു യാത്ര.

1935 ല്‍നട്ടാശ്ശേരി അമ്പാട്ട് പരമേശ്വരന്‍ നായരുടെയും അമ്മാളു അമ്മയുടെയും മകനായി ജനിച്ച അമ്പാട്ടു സുകുമാരന്‍ നായര്‍ നട്ടാശ്ശേരി എസ് എച്ച് മൗണ്ട് ഹൈസ്‌കൂളില്‍ നിന്നാണ് സിക്‌സത്ത്് പാസ്സായത്. ഒരു കുടുക്ക മണലും എഴുത്തോലയും തടുക്കുമായി രാമനാശാന്റെ ആശാന്‍കളരിയില്‍ പോയ ഓര്‍മ്മയില്‍ പുതുതലമുറയ്ക്കന്യമായ അന്നത്തെ ഗുരുശിഷ്യബന്ധത്തിന്റെ ആഴപ്പരപ്പുകളെ നനുത്ത ഓര്‍മ്മയിലൂടെ ഊളിയിടുമ്പോള്‍ അദ്ദേഹം പറയുന്നു.

”ഇന്നത്തെ തലമുറയ്ക്ക് പഴയകാലത്തെ ഗുരുശിഷ്യബന്ധത്തിന്റെ നൈര്‍മ്മല്യവും സാത്വികതയുമൊന്നും ഊഹിക്കാനേ കഴിയില്ല അന്നത്തെ ഗുരുഭക്തിയുടെ ഒരു ലാഞ്ജനപോലും ഇന്നില്ല. കുട്ടികളുടെ ഭാവിജീവിതത്തെ മാറ്റിമറിക്കാന്‍ ഒരധ്യാപകനു കഴിയും. ഇന്നത്തെ കുട്ടികള്‍ക്ക് ഒരുപാട് നല്ല സാഹചര്യങ്ങള്‍, പഠന സൗകര്യങ്ങള്‍ ഒക്കെ കിട്ടുന്നു. ന്യൂക്ലിയര്‍ ഫാമിലിയില്‍ ഉത്തരവാദിത്വം കുറയുന്നു, സ്വര്‍ത്ഥത കൂടുന്നു. കൂട്ടുകുടുംബത്തില്‍ എല്ലാരുമൊന്നാണെന്ന ഭാവനയുണ്ടായിരുന്നു.

മാമ്പഴക്കാലത്തിന്റെ ഉല്ലാസത്തിന്റെ നന്‍മയും പഴമയും ഇന്നത്തെ കുട്ടികള്‍ക്കറിയില്ല. ഇന്ന് അവധിക്കാലമില്ല. ട്യൂഷന്‍, വെക്കേഷന്‍ ക്ലാസ്സുകള്‍, മാനസിക പിരിമുറുക്കം. വിദ്യ നേടി നാടിനെ സംരക്ഷിക്കാനല്ല, നാടുകടക്കാനാഗ്രഹിക്കുന്ന കുട്ടികള്‍.. സമ്പാദിക്കണമെന്ന ഒരാഗ്രഹം മാത്രം.”
സിക്‌സിത്തിനു ശേഷം കോട്ടയത്തെ ശ്രദ്ധാനന്ദ ഹിന്ദി മഹാവിദ്യാലയത്തില്‍ ചേര്‍ന്നു. പ്രിന്‍സിപ്പലായിരുന്ന നാരായണ ദേവ്, അഭയദേവ്. കെ. എന്‍ ഭാസ്‌കരന്‍ നായര്‍, കൃഷ്ണന്‍കുട്ടി നായര്‍ തുടങ്ങിയ ഏറെ പാണ്ഡിത്യവും വൈദഗ്ധ്യവും സമര്‍പ്പണ മനോഭാവമുള്ള ഗുരുക്ക•ാരുടെ കീഴില്‍ ഹിന്ദി പ്രചാരസഭയുടെ പ്രാഥമിക്, വിശാരദ്, വിദ്വാന്‍ തുടങ്ങിയ കോഴ്‌സുകള്‍ പഠിച്ചു.കാവ്യമഞ്ജരി, യുഗപ്രഭാത് തുടങ്ങിയ ഹിന്ദി പ്രസിദ്ധീകരണങ്ങള്‍ മുടങ്ങാതെ വായിക്കുവാന്‍ തുടങ്ങി. യുഗപ്രഭാതിലും മലയാള രാജ്യം ചിത്രവാരികയിലും പ്രസിദ്ധീകൃതമായ തര്‍ജ്ജമകളിലൂടെയാണ് രചനാരംഗത്തേക്കു കടന്നുവരുന്നത്. വള്ളത്തോള്‍, കുമാരനാശാന്‍, ജി. ശങ്കരക്കുറുപ്പ്, പാലാ നാരായണന്‍ നായര്‍ തുടങ്ങിയ കവികളുടെ കവിതകളും കേശവദേവിന്റെയും ഉറൂബിന്റെയും കഥകളും കാമായനി, ആംസു, ശാകുന്തളം. കുമാരസംഭവം തുടങ്ങിയ കൃതികളും ഏറെ സാധീനം ചെലുത്തി.ഹിന്ദുസ്ഥാന്‍ പത്രവും ധര്‍മ്മയുഗ്്, സപ്താഹിക് ഹിന്ദുസ്ഥാന്‍, സരിത, കാദംബരി തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ ഏറെ താല്പര്യപൂര്‍വ്വം വായിക്കാന്‍ തുടങ്ങി.

അക്കാലത്ത് ഡോ. രാം മനോഹര്‍ ലോഹ്യായുടെ പ്രസംഗത്തിലാകൃഷ്ടനായി സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. എം.പി വീരേന്ദ്രകുമാര്‍ ആയിരുന്നു ആക്ടിംഗ് സെക്രട്ടറി. ആസമയത്ത് ഇടുക്കി, മൂന്നാര്‍, മാങ്കുളം വനപ്രദേശങ്ങള്‍ (ഏകദേശം 45000 ഏക്കര്‍) കണ്ണന്‍ ദേവന്‍ ടീ ബ്രിട്ടീഷ് കമ്പനി കൈയ്യടക്കിവച്ചിരുന്നു. അവരില്‍ നിന്നും അത് മോചിപ്പിക്കാനായി നടത്തപ്പെട്ട സമരത്തെക്കുറിച്ച് അമ്പാട്ട് വാചാലനാകുന്നു.

സമരവും ജയില്‍വാസവും: കല്ലന്‍ വട്ടയാറില്‍ ഓഫീസ് തുറന്ന് അവിടെ താമസിച്ചതും ആനത്താവളത്തില്‍ ഷെഡുകെട്ടി താമസിച്ചതുമൊക്കെ ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു. അക്കരെ ആദിവാസികള്‍.. സാഹസികമായ യാത്രയും താമസവും. അക്കരെയുള്ള മരത്തില്‍ വള്ളികള്‍കൊണ്ട് കെട്ടിയുണ്ടാക്കിയ തൂക്കുപാലത്തില്‍ കൂടിയുള്ള യാത്ര. ഉണക്കു കപ്പ ഉപ്പും കൂട്ടി കഴിച്ചത്, ഈറ്റകൊണ്ടുള്ള തട്ടില്‍ പുല്ലുവിരിച്ച് കിടന്നത്… അവിടുത്തെ പട്ടയഭൂമിയില്‍ താമസക്കാരനായിരുന്ന,കഠാര ഈറ്റയില്‍ തേച്ച് മൂര്‍ച്ച വരുത്തുന്ന, കഥകള്‍ പറയുന്ന,അക്ഷരശ്ലോകം ചൊല്ലുന്ന രസികപ്രിയനായ പൈലിച്ചേട്ടന്‍. എല്ലാം മറക്കാനാവാത്ത ഓര്‍മ്മകള്‍.

സമരത്തിന്റെ ഭാഗമായി പോലീസെത്തി. കൊടും തണുപ്പില്‍ കാട്ടില്‍ കൂടി അലഞ്ഞുനടന്നത്.കാട്ടുകപ്പയുടെയും പേരക്കയുടെയും രുചി. അഞ്ചാറു മണിക്കൂര്‍ നടന്ന് ദേവികുളം സബ്ജയിലിലെത്തിയത്. രണ്ടാഴ്ചത്തെ ജയില്‍വാസം.ജയിലില്‍ ഗോതമ്പ്മാവ് കുറുക്കിയ രാവിലത്തെ ഭക്ഷണം, അലുമിനിയം പ്ലേറ്റ് .. സ്പൂണില്ല ജയില്‍ അധികാരികളുടെ വളരെ നല്ല പെരുമാറ്റം എല്ലാം മനോഹരമായ ഓര്‍മ്മകള്‍ അതിനുശേഷം രാഷ്ട്രീയം ഉപേക്ഷിച്ചു.

പത്രപ്രവര്‍ത്തനത്തിന്റെ തുടക്കം: പി.ബി. ആര്‍.പിള്ളയുടെ പത്രാധിപത്വത്തില്‍ കോട്ടയത്തു നിന്നും പ്രസിദ്ധീകരിച്ചു വന്ന ‘മാറ്റം’ മാസികയുടെ എഡിറ്റോറിയല്‍ കാര്യങ്ങള്‍ ചെയ്തുകൊണ്ടായിരുന്നു 70 കളില്‍ സുകുമാരന്‍നായര്‍ പത്രപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഡോ. ജോര്‍ജ് തോമസിന്റെ ഉടമസ്ഥതയിലുള്ള കേരളധ്വനിയില്‍ പ്രവര്‍ത്തിച്ചു. അന്ന് ഞായറാഴ്ച പത്രം ഉണ്ടായിരുന്നില്ല. ഏഴുദിവസവും പത്രമാക്കി. രണ്ടുമാസക്കാലം എല്ലാ വീടുകളിലും സൗജന്യമായി പത്രമിട്ടു. കേരളധ്വനിയില്‍ ശമ്പളമില്ലാതെ വരെ ജോലി ചെയ്തു.

വാരികയിലേക്ക്: ആയിടയ്ക്ക് മംഗളത്തില്‍ പത്രാധിപര്‍ എം.സി വര്‍ഗ്ഗീസ് മനോരാജ്യത്തിലെ ആര്‍ട്ടിസ്റ്റ് കെ. എസ് രാജനോട് പറഞ്ഞു. നല്ലൊരു പത്രാധിപരെ കിട്ടിയാല്‍ വാരിക തുടങ്ങാമായിരുന്നു.മംഗളം അന്ന് ദ്വൈവാരികയായിരുന്നു. കെ. എസ്. രാജന്‍ വീട്ടിലെത്തി അമ്പാട്ട് സുകുമാരന്‍ നായരെ കണ്ടു. തന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താതിരിക്കാമെങ്കില്‍ തയ്യാറാണെന്ന് അമ്പാട്ട് പറഞ്ഞു മംഗളത്തിലേക്കുള്ള വഴി തുറക്കുകയായി. ഉള്ളടക്കത്തില്‍ മാറ്റമില്ലാതെ ഭാഷയില്‍ ചില പരിവര്‍ത്തനങ്ങളൊക്കെ വരുത്തി. ക്രമേണ ഉള്ളടക്കത്തിലും പുതുമ വരുത്തി. കുറിപ്പുകള്‍, ചെറിയ ലേഖനങ്ങള്‍, ഹിന്ദിയില്‍ നിന്നുമുള്ള വിവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്താന്‍ തുടങ്ങി. ഏകദേശം 4500 കോപ്പികള്‍. മനോരമ മൂന്നരലക്ഷം കോപ്പികളും മനോരാജ്യം രണ്ടരലക്ഷം കോപ്പികളും വിറ്റിരുന്ന കാലമാണിത്. സ്വന്തമായി കണ്ടെത്തിയ പാതയില്‍ കൂടി ഇടംവലം നോക്കാതെയുള്ള പ്രയാണത്തിന് തുടക്കം കുറിക്കുകയായിരുന്നു.

വാരികയിലെ പ്രധാന എഴുത്തുകാര്‍ മുട്ടത്തുവര്‍ക്കി, ജോസഫ് കുന്നശ്ശേരി, കാനം ഇ ജെ, ചെമ്പില്‍ ജോണ്‍, മൊയ്തു പടിയത്ത്, പെരുമ്പടവം ശ്രീധരന്‍, വേളൂര്‍ കൃഷ്ണന്‍ കുട്ടി, കോട്ടയം പുഷ്പനാഥ് തുടങ്ങിയവരായിരുന്നു. പുതിയ എഴുത്തുകാരെ ഒഴിവാക്കിയിരുന്ന അക്കാലത്താണ് ‘ലക്ഷംവീട് എന്ന നോവലുമായി മാത്യുമുറ്റം എത്തുന്നത്. സാധാരണ ജനങ്ങളെ ആകര്‍ഷിക്കുന്ന ശൈലി, പ്രമേയം. നോവല്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. വാരികയ്ക്ക് നല്ലൊരു കുതിപ്പുണ്ടായി. നിലവാരം വര്‍ദ്ധിച്ചു. ഒരേ സമയം രണ്ടു പ്രശസ്തരുടെയും ഒരു അപ്രശസ്ത എഴുത്തുകാരന്റെയും രചനകള്‍ പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങി. പല പുതിയ എഴുത്തുകാരെയും രംഗത്തു കൊണ്ടുവന്ന വാരിക മെല്ലെ മെല്ലെ വളര്‍ച്ചയിലേക്ക്.
അന്ന് മാതൃഭൂമിയില്‍ മാത്രമേ കവിത പ്രസിദ്ധീകരിച്ചിരുന്നുള്ളൂ.ആദ്യഘട്ടത്തില്‍ തന്നെ കവിത പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങി. അന്നത് എം.സി വര്‍ഗീസിന് തൃപ്തികരമായി തോന്നിയിരുന്നില്ല. പരസ്യം കൊടുത്തെങ്കില്‍ പരസ്യച്ചാര്‍ജെങ്കിലും കിട്ടുമായിരുന്നെന്ന് അഭിപ്രായപ്പെട്ടു. പ്രസിദ്ധീകരിക്കുന്നിടത്തോളം കാലം കവിതയുണ്ടായിരിക്കും ഇല്ലെങ്കില്‍ വച്ചൊഴിയാമെന്ന് മറുപടി.

മൂന്നാം പേജില്‍ ഇല്ലസ്‌ട്രേഷനോടു കൂടി കവിത പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. 82 ല്‍ മംഗളത്തില്‍ നിന്നു പിരിയുന്നതുവരെ പൂമുഖത്തു കൊളുത്തിവച്ചിരിക്കുന്ന വിളക്കുപോലെ മൂന്നാം പേജില്‍ തന്നെ കവിത പ്രസിദ്ധീകരിച്ചിരുന്നു. ക്രമേണ വായനക്കാരെപ്പറ്റി മനസ്സിലുള്ള ഒരു സങ്കല്പമനുസരിച്ച് രചനാ വിഷയങ്ങളില്‍ മാറ്റം വരുത്തുവാന്‍ തുടങ്ങി. തോട്ടം തൊഴിലാളികള്‍, കയര്‍- മത്സ്യബന്ധനത്തൊഴിലാളികള്‍, ബീഡിതെറുപ്പുകള്‍ തുടങ്ങിയവരെയൊക്കെ വായനാക്കാരാക്കാനുള്ളൊരു ശ്രമം. പെട്ടൊന്നൊരു വ്യതിയാനം. വായനക്കാരിലാവേശം.വലിയൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു അത്.കവിത വര്‍ജ്യമായിരുന്ന മറ്റു വാരികകളിലും മൂന്നാം പേജില്‍ കവിത വരാന്‍ തുടങ്ങി. പുതിയ ധാരാളം കവികള്‍ക്ക് എഴുതാനവസരം കിട്ടി.പുതിയ നോവലിസ്റ്റുകള്‍ക്ക് പ്രമേയം കൊടുത്ത് എഴുതിക്കുവാന്‍ തുടങ്ങി.വായനക്കാരെ ആകര്‍ഷിക്കാനായി മേഖല തിരിച്ച് എഴുതാനവസരം കൊടുത്തു. 45-50 ലക്കം കൊണ്ട് അവസാനിക്കുന്ന നോവലുകളായിരുന്നു അന്ന് പ്രസിദ്ധീകിരിച്ചിരുന്നത്.

അന്ന് വാരികകൡ ഫീച്ചറുകളില്ലായിരുന്നു. തോട്ടം തൊഴിലാൡകളുടെ കഷ്ടപ്പാടിനെ തിരിച്ചറിയാന്‍ പശുപ്പാറയിലെ ഒരു തേയിലത്തോട്ടത്തില്‍ പോയി, അവരുടെ ലയത്തില്‍ അവരോടൊപ്പം താമസിച്ചു. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ രാത്രി മുഴുവന്‍ കഥ കേട്ടു. തോട്ടങ്ങളാരംഭിക്കുന്ന കാലം. കൊടുംതണുപ്പ് ,തൊഴിലാൡകളെ കിട്ടുന്നില്ല. തമിഴ്‌നാട്ടിലെ കങ്കാണിമാര്‍ അവിടുന്ന് ലോറിയില്‍ പാവങ്ങളെ തിക്കിനിറച്ച് മൃഗങ്ങളെയെന്നപോലെ പണിയെടുപ്പിക്കാന്‍ കൊണ്ടുവരുന്നത്. പരാപരവെളിച്ചമാകുമ്പോള്‍ പണിയെടുത്തു തുടങ്ങും. കാടുവെട്ടി തെളിക്കുക, കുഴിയെടുക്കുക തുടങ്ങിയ പണികള്‍. എല്ലുമുറിയെ പണിയെടുക്കണം. വിശപ്പിന് ഉത്തരമില്ല. കൊയ്ത എന്ന മരുന്നു കഴിച്ച് പണിയെടുത്തു കൊള്ളണം. പണിയെടുക്കവെ വീണു മരിച്ചവരുണ്ട്. അവിടെത്തന്നെ കുഴിയെടുത്ത് മറവു ചെയ്യും. അടിമകളായുള്ള ജീവിതം. ശബ്ദിക്കാനവകാശമില്ല. അക്ഷരമറിയില്ല. വിനോദങ്ങളൊന്നുമില്ല. മടുക്കുമ്പോള്‍ കുടുംബസമേതം ഒളിച്ചോട്ടം. കങ്കാണിമാരുടെ അവസാനമില്ലാത്ത ക്രൂരതകള്‍.സ്ത്രീകള്‍ക്കും അതില്‍ നിന്ന് മോചനമില്ല. അവരുടെ കുട്ടികള്‍ പഠിച്ചാലും അവര്‍ക്കീ പണിയില്ലാതെ മറ്റൊന്നും കൊടുക്കില്ല. ദുഃഖം മാറ്റാന്‍ അടുത്തുള്ള ചാരായക്കടയില്‍ ചേക്കേറും.

ക്യൂവില്‍ സ്ത്രീകളും കുട്ടികളും പുരുഷന്‍മാരും. വിഷമതകള്‍ മറക്കാന്‍ ഒരു ഗ്ലാസ് വിപ്ലവാരിഷ്ടം. ബോധം കെട്ടുറങ്ങും. ആറുമാസം പ്രായമുള്ള കുട്ടികള്‍ക്ക് മദ്യത്തില്‍ മുക്കിയ തുണി വായില്‍ വച്ച് കൊടുത്ത് ജോലിക്കു പോകും, തിരിച്ചെത്തുമ്പോള്‍ ചില കുഞ്ഞുങ്ങള്‍ മരിച്ചിരിക്കും. ചിലര്‍ കുട്ടികളെ മരത്തില്‍ തൊട്ടില്‍ കെട്ടി മയക്കി കിടത്തും. നീറുകള്‍ ഇറങ്ങിവന്ന് കുഞ്ഞുങ്ങളെ പൊതിഞ്ഞ് കടിച്ച് കുഞ്ഞുങ്ങള്‍ മരിച്ചിരിക്കും. അവരുടെ ജീവിതച്ചിന്തുകള്‍ വാരികയില്‍ പരമ്പരയായി എഴുതി. ചിത്രങ്ങളോടു കൂടിയ പരസ്യം- തൊഴിലാളികള്‍ അക്ഷരമറിയാവുന്ന ഒരാളെക്കൊണ്ട് വായിപ്പിക്കും. എല്ലാവരും കേട്ടിരിക്കും. കേരളമൊട്ടാകെയുള്ള തൊഴിലാളികള്‍ വാരികയ്ക്കായി കാത്തിരിക്കാന്‍ തുടങ്ങി. മെല്ലെ മെല്ലെ അവരെ വായനയിലേക്ക് കൊണ്ടുവന്നു. പെട്ടെന്നായിരുന്നു വാരികയുടെ വളര്‍ച്ച.

ഒറ്റമൂലി, കൗതുകവാര്‍ത്തകള്‍ തുടങ്ങിയ ബോക്‌സ് ഐറ്റംസ് ഉള്‍പ്പെടുത്താന്‍ തുടങ്ങി. തൊഴിലാളികളുടെ കാത്തിരിപ്പിന് ആവേശം കൂടി.ആയിടയ്ക്കാണ് വയനാട്ടില്‍ ശ്രീഭഗവതി എസ്റ്റേറ്റില്‍ ലോക്കൗട്ട്. തൊഴിലാൡകള്‍ മെമ്മോറാണ്ടം അയച്ചുതന്നു. അടിയന്തിരമായി അവിടെയെത്തണം. അവിടെത്തി. അവര്‍ ആവേശത്തോടെ സ്വീകരിച്ചു. വാരികയില്‍ പരമ്പരയായി ലേഖനമെഴുതി. രണ്ടുമൂന്നാഴ്ചക്കകം ലോക്കൗട്ട് പിന്‍വലിച്ചു.വാരിക വായന അവരുടെ അനുപേക്ഷണീയ ഘടകമായി മാറി. ഒരിക്കല്‍ എം.സി വര്‍ഗ്ഗീസുമായി മംഗളത്തിന്റെ വാഹനത്തില്‍ തലശ്ശേരി ചുരം വഴി യാത്ര ചെയ്തു. കൊളുന്തെടുക്കുന്ന തൊഴിലാളികള്‍ ഓടിയെത്തി. തങ്ങളുടെ വാരികയാണെന്നു സ്‌നേഹപ്രകടനം.ആദിവാസികളുടെ പട്ടിണിമരണം, മാറി മാറി വരുന്ന സര്‍ക്കാരുകളില്‍ നിന്നും നേരിടേണ്ടി വരുന്ന കുടിയിറക്കു ഭീഷണി, അനന്തര പ്രശ്‌നങ്ങള്‍ തുടങ്ങിയവയൊക്കെ വാരികയില്‍ ഫീച്ചറുകളായപ്പോള്‍ പൈങ്കിളിയെന്നാക്ഷേപിച്ചവരും വാരികയെ സ്വീകരിക്കാന്‍ തുടങ്ങി.ആദിവാസികളുടെ സംസ്‌കാരം, ജീവിതരീതി, കല, ഭാഷ എന്നിവയെക്കുറിച്ചും അവരുടെ രാജാവായ രാജമന്നാനെക്കുറിച്ചുമുള്ള ലേഖനങ്ങള്‍ ആദിവാസികള്‍ക്കിടയില്‍ ചലനമുണ്ടാക്കി. അട്ടപ്പാടിയിലെ കുറിച്യര്‍, കുറവര്‍ തുടങ്ങിയവരെക്കുറിച്ചുള്ള ലേഖനങ്ങള്‍ ഏവര്‍ക്കും പുതിയൊരറിവായി.

രണ്ട്- രണ്ടര ലക്ഷം കോപ്പികള്‍ വരെ വിറ്റ വാരിക വായനയുടെ ഒരു തരംഗം തന്നെ സൃഷ്ടിച്ചു.മംഗളത്തില്‍ നിന്നു പിരിഞ്ഞശേഷം സഖി, കര്‍പ്പൂരം തുടങ്ങിയ വാരികകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട കോവിലകങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും ഏറെ ശ്രദ്ധേയമായി. പിന്നീട് സുനന്ദ എന്നൊരു പ്രസിദ്ധീകരണം സ്വന്തമായി തുടങ്ങി. ഏറെ വ്യത്യസ്തത പുലര്‍ത്തിയ ഒരു പ്രസിദ്ധീകരണമായിരുന്നു ഇത്. എങ്കിലും ബിസിനസ്സ് പാളിച്ചകള്‍ മൂലം നിന്നുപോയി.

സുഖിനോ ഭവന്തു, കുന്നോളം കനവ്, ( നോവലുകള്‍) ബന്ധങ്ങള്‍, നനഞ്ഞ കണ്ണുകള്‍, അര്‍ദ്ധരാത്രിക്കു ശേഷം (വിവര്‍ത്തനം) ഹിമഗിരിയിലൂടെ ( യാത്രാവിവരണം), മലകള്‍ ആദിമ നിവാസികള്‍, ആദിവാസികളുടെ നാട്ടില്‍ (ലേഖനം)തുടങ്ങിയ രചനകളില്‍ വേറിട്ട രചനാ ചാതുരിയും അന്വേഷണ മികവും ജീവിതവീക്ഷണവും ദര്‍ശിക്കാനാവും.

ബ്രഹ്മ മുഹൂര്‍ത്തത്തിലുണര്‍ന്ന് യോഗ, സാധന… തുടര്‍ന്നുള്ള വായനയും എഴുത്തും.. ഭാര്യ ഭവാനിയമ്മ(ദിവംഗത). മക്കള്‍ ലതികാ മണി, സനല്‍ കുമാര്‍. തന്റെ വേറിട്ട രചനാ വൈഭവ ചാതുരികള്‍ ഒരു ജനതയുടെ നന്‍മയ്ക്കായി വിനിയോഗിച്ച ചാരിതാര്‍ത്ഥ്യത്തോടെ ഇന്നും അദ്ദേഹത്തിന്റെ തൂലിക കഥ പറഞ്ഞുകൊണ്ടേയിരിക്കുന്നു.

 

 

You must be logged in to post a comment Login