ജപ്പാനിലെ ഫുകുഷിമയില്‍ ശക്തമായ ഭൂചലനം; ഒരു മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍; മൂന്ന് മീറ്റര്‍ ഉയരത്തില്‍ സുനാമി ആഞ്ഞടിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

jappan

ടോക്കിയോ:ജപ്പാനിലെ ഫുകുഷിമയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. പ്രാദേശിക സമയം രാവിലെ ആറിനായിരുന്നു ഭൂചലനം. ഇതേത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഒരു മീറ്റര്‍ ഉയരത്തില്‍ സുനാമി തിരമാലകള്‍ ഫുകുഷിമ ആണവനിലയത്തിന്റെ തീരത്ത് അടിച്ചതായി ടോക്യോ ഇലക്ട്രിക് പവര്‍ ഓപ്പറേറ്റര്‍ അറിയിച്ചു.

തീരപ്രദേശങ്ങളില്‍ മൂന്നു മീറ്റര്‍ ഉയരത്തില്‍ സുനാമി ആഞ്ഞടിക്കാനുള്ള സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. തീരപ്രദേശങ്ങളിലുള്ളവര്‍ മറ്റൊരു മുന്നറിയിപ്പുണ്ടാകുന്നത് വരെ ഉയര്‍ന്നപ്രദേശങ്ങളിലേക്ക് മാറിതാമസിക്കാന്‍ നിര്‍ദേശിച്ചു.

The Fukushima nuclear plant in Japan, 18 November 2016

ഭൂചലനത്തെ തുടര്‍ന്ന് ഫുകുഷിമ ആണവനിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. സുനാമിത്തിരകള്‍ പല സ്ഥലത്തും എത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 60 സെന്റീമീറ്ററിലുള്ള ഒരു തിരമാല ഫുകുഷിമയിലെ ഒനഹാമ തീരത്തടിച്ചതായി ജാപ്പനീസ് ബ്രോഡ്കാസ്റ്റര്‍ എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു. 90 സെന്റീമീറ്ററില്‍ മറ്റൊരു തിരമാല സോമ തീരത്തുമടിച്ചു.

ഫുകുഷിമ തീരത്ത് നിന്ന് കപ്പലുകള്‍ പുറംകടലിലേക്ക് മാറ്റി. കാര്‍ നിര്‍മ്മാതാക്കളായ നിസ്സാന്‍ ഫുകുഷിമയിലെ എഞ്ചിന്‍ ഫാക്ടറിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. ജപ്പാന്‍ തലസ്ഥാനമായ ടോക്യോയിലെ കെട്ടിടങ്ങള്‍ അടക്കമുള്ളവ ഭൂചലത്തില്‍ കുലുങ്ങി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ട് പേര്‍ക്ക് ചെറിയ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

സുനാമി മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അര്‍ജന്റീന സന്ദര്‍ശനത്തിലാണ് അദ്ദേഹം.

2011 മാര്‍ച്ചിലുണ്ടായ വന്‍ഭൂചലനവും സുനാമിയും ഫുകുഷിമ ആണവ നിലയത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴുണ്ടായ ഭൂചലനം കാര്യമായ അപകടങ്ങള്‍ വരുത്തിയിട്ടില്ലെന്നാണ് വിവരം. അഞ്ചുവര്‍ഷം മുന്‍പുണ്ടായ ദുരന്തത്തില്‍ 15,893 പേര്‍ മരിക്കുകയും 2,500 പേരെ കാണാതാവുകയും ചെയ്തിരുന്നു. ഭൂമശാസ്ത്രപരമായ പ്രത്യേതകള്‍ മൂലം നിരന്തരം ഭൂകമ്പങ്ങള്‍ നേരിടുന്ന മേഖലയാണ് ജപ്പാന്‍.

ഇക്കഴിഞ്ഞ ഏപ്രിലില്‍ ജപ്പാനിലെ തെക്കന്‍ കുമാമോട്ടോ പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ 50 പേര്‍ മരിച്ചിരുന്നു.

You must be logged in to post a comment Login