ജമ്മു കശ്മീരിന്റെ പ്രത്യേക പദവി : ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതിയില്‍

SupremeCourtofIndia

ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. കശ്മീരിലെ രാഷ്ട്രപതി ഭരണത്തിനെതിരെയും താഴ്‌വരയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്ക് എതിരെയുമുള്ള ഹര്‍ജികളും കോടതി പരിഗണിക്കും.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ് അടക്കമുള്ളവര്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികളാണ് സുപ്രിം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കാണുന്നതിന് കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്നാണ് ഗുലാംനബി ആസാദിന്റെ ആവശ്യം. 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടിക്കുശേഷം കശ്മീര്‍ സന്ദര്‍ശിക്കാന്‍ ആസാദ് ശ്രമം നടത്തിയെങ്കിലും അധികൃതര്‍ വിമാനത്താവളത്തില്‍നിന്ന് തിരിച്ചയച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ 370 ലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിനെതിരെ സജാദ് ലോണിന്റെ നേതൃത്വത്തിലുള്ള ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ കോടതിയില്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് എംഡിഎംകെ നേതാവ് വൈകോ നല്‍കിയ ഹര്‍ജിയും സുപ്രിംകോടതിയുടെ പരിഗണനയ്ക്ക് വരും. വീട്ടുതടങ്കലില്‍ കഴിയുന്ന ഫറൂഖ് അബ്ദുള്ളയെ സെപ്റ്റംബര്‍ 15 ന് ചെന്നൈയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നും വൈകോ ആവശ്യപ്പെടുന്നു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഹര്‍ജിയും മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ക്കെതിരെ കശ്മീര്‍ ടൈംസ് എഡിറ്റര്‍ സമര്‍പ്പിച്ച ഹര്‍ജിയും സുപ്രിം കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ യെച്ചൂരിക്ക് നേരത്തെ സുപ്രിം കോടതി അനുമതി നല്‍കിയിരുന്നു. യെച്ചൂരിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തരിഗാമിയെ ഡല്‍ഹി എയിംസില്‍ ചികില്‍സയ്ക്ക് വിധേയനാക്കാന്‍ സുപ്രിംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

You must be logged in to post a comment Login