ജയരാജന്‍ രാജിക്കത്തു നല്‍കി?; എ.കെ.ജി സെന്ററില്‍ പിണറായി കോടിയേരി കൂടിക്കാഴ്ച

pinarayi_ep_kodiyeri

തിരുവനന്തപുരം: അഴിമതിസ്വജന പക്ഷപാതങ്ങളില്‍ കുരുങ്ങിയ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്തു നല്‍കിയതായി സൂചന. മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരമാണ് രാജി നല്‍കിയതെന്നാണ് സൂചന. രാജി എപ്പോള്‍ പുറത്തു വിടണമെന്നതു മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്. ഒരു പക്ഷേ ഇന്നു തന്നെ ഉണ്ടായേക്കാം. അല്ലെങ്കില്‍ വെള്ളിയാഴ്ച നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയെറ്റിലെ ചര്‍ച്ചക്കും കേന്ദ്ര നേതൃത്വവുമായി കൂടിയാലോചനക്കും ശേഷം പുറത്തുവിടാനാണ് സാധ്യത. എ.കെ.ജി സെന്ററില്‍ പിണറായിയും കോടിയേരിയും കൂടിക്കാഴ്ച നടത്തി.

ഇതിനിടെ മന്ത്രി ഇ.പി ജയരാജനെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറങ്ങും. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ടിനാണ് അന്വേഷണ ചുമതല. നിയമ വിദഗ്ധരുമായി വിജിലന്‍സ് ഡയറക്ടര്‍ രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് തീരുമാനമായത്. അന്വേഷണം 42 ദിവസത്തിനകം പൂര്‍ത്തിയാക്കും.

പൊതുമേഖലാ കമ്പനികളില്‍ എം.ഡിമാരായി മന്ത്രിയുടെ അടുത്ത ബന്ധുക്കളെ നിയമിച്ചത് മാത്രമല്ല, മറ്റു നിയമനങ്ങളില്‍ വലിയ തുക കോഴ വാങ്ങിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മന്ത്രിയുടെ അടുത്ത രണ്ടു ബന്ധുക്കളും മറ്റൊരാളും അടങ്ങിയ സംഘമാണ് നിയമനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ജയരാജന്റെ വകുപ്പുകളില്‍ അസാധാരണ ഇടപെടലുകള്‍ ഈ മൂവര്‍ സംഘം നടത്തി വരികയായിരുന്നു. റിയാബ് തയ്യാറാക്കിയ ലിസ്റ്റ് അവഗണിച്ചു ഒരു ഡസന്‍ സ്ഥാപനങ്ങളില്‍ പിന്‍വാതിലിലൂടെയാണ് എം.ഡി നിയമനം നടത്തിയത്. നിലവില്‍ എം.ഡിമാരായിരുന്നവര്‍ക്ക് അവിടെ തുടരാനും പണം വാങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. നിയമനങ്ങള്‍ മുഴുവന്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിക്കു മന്ത്രിസഭ നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൃത്രിമം ബോധ്യപ്പെട്ടാല്‍ മുഴുവന്‍ നിയമനങ്ങളും റദ്ദാക്കും.

വിജിലന്‍സ് കേസില്‍ പ്രതി ചേര്‍ക്കപ്പെടുന്നതിനു മുന്‍പ് സ്വയം ഒഴിഞ്ഞു പോകാനുള്ള അവസരം എന്ന നിലയിലാണ് മുഖ്യമന്തി ജയരാജന്റെ രാജിക്കത്തു വാങ്ങിയത്. ജയരാജനെതിരായ പരാതിയില്‍ നിയമാനുസൃതം മുന്നോട്ടു പോകാനാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ നിര്‍ദേശം. മുഖ്യമന്ത്രിയില്‍ നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചതിനാല്‍ ത്വരിത പരിശോധന നടത്തി കേസ് രജിസ്റ്റര്‍ ചെയ്യാനാണ് വിജിലന്‍സിന്റെ നീക്കം.

അഴിമതി വിരുദ്ധ പ്രതിശ്ചായ ഉയര്‍ത്തി അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെടുത്തുന്ന നടപടികളാണ് ജയരാജന്റെ ഭാഗത്തു നിന്ന് ഉണ്ടായത് . മുഖ്യമന്ത്രിയുടെ അടുത്ത ആള്‍ എന്നറിയപ്പെട്ടിരുന്ന ജയരാജനോട് യാതൊരു സൗമനസ്യവും വേണ്ടെന്ന ഉറച്ച നിലപാടിലാണത്രേ പിണറായി വിജയന്‍. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ എന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെയും പൊതുനിലപാട്. മന്ത്രിസ്ഥാനം രാജി വെച്ചാലും ജയരാജനെതിരെ പാര്‍ട്ടി തല നടപടികള്‍ ഉണ്ടാകും. ജയരാജനെക്കൂടാതെ പി.കെ ശ്രീമതിയും അന്വേഷണം നേരിടേണ്ടി വരും.

You must be logged in to post a comment Login