ജയരാജന്‍ വീണ്ടും വിവാദത്തില്‍; കുടുംബക്ഷേത്ര നവീകരണത്തിന് സര്‍ക്കാരില്‍ നിന്നും 50 കോടിയുടെ തേക്ക് ആവശ്യപ്പെട്ടു; തേക്ക് സൗജന്യമായി നല്‍കാനാകില്ലെന്ന് വനംവകുപ്പ്‌

ep-jayarajan

ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് വ്യവസായ വകുപ്പ് മന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ച ഇ.പി ജയരാജന്‍ കുടുംബക്ഷേത്രത്തിനായി മന്ത്രിസ്ഥാനം ദുരുപയോഗപ്പെടുത്താന്‍ ശ്രമിച്ചു. കുടുംബക്ഷേത്രത്തിന്റെ നവീകരണത്തിനായി വനംവകുപ്പില്‍ നിന്നും 1200 മീറ്റര്‍ ക്യുബിക് തേക്കിന്‍ തടി ആവശ്യപ്പെട്ടാണ് വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ജയരാജന്‍ തന്റെ ലെറ്റര്‍പാഡില്‍ വനംവകുപ്പ് മന്ത്രി രാജുവിന് കത്തെഴുതിയതെന്ന് മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വനംമന്ത്രി ലെറ്റര്‍ വനംവകുപ്പിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇ.പി ജയരാജന്റെയും കുടുംബാംഗങ്ങളുടെയും പേരിലുളള ക്ഷേത്രം നവീകരിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. അതെസമയം മന്ത്രിയായിരുന്ന ജയരാജന്‍ ആവശ്യപ്പെട്ട അമ്പത് കോടി രൂപ വിലവരുന്ന 1200 മീറ്റര്‍ ക്യുബിക് തേക്ക് നല്‍കാന്‍ കഴിയില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സൗജന്യമായി തേക്ക് നല്‍കാനാവില്ലെന്നും ഇത് ചട്ടങ്ങള്‍ക്ക് നിരക്കാത്തതാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വനംമന്ത്രിയെ ധരിപ്പിച്ചു.തുടര്‍ന്നാണ് ജയരാജന്റെ ശുപാര്‍ശ തള്ളിക്കളഞ്ഞതും. അതെസമയം വാര്‍ത്തയോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ജയരാജന്‍ അറിയിച്ചു. സൗജന്യമായി തേക്ക് ആവശ്യപ്പെട്ടുളള കത്ത് കിട്ടിയ കാര്യം വനംവകുപ്പ് മന്ത്രി കെ.രാജു സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രി ജയരാജന്റെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് കുടുംബ ക്ഷേത്രഭരണ സമിതിയുടെ ശുപാര്‍ശ വന്നതെന്നും മന്ത്രി രാജു വ്യക്തമാക്കി.

You must be logged in to post a comment Login