ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല; പ്രതിചേര്‍ക്കല്‍ ചോദ്യം ചെയ്യലിനുശേഷം

ജയരാജന്റെ മുന്‍കൂര്‍ ജ്യാമ്യാപേക്ഷ തള്ളിയ സാഹചര്യം നിലനില്‍ക്കുന്നുവെന്നും ഇതു വരെ ജയരാജന്‍ കേസില്‍ പ്രതിയല്ലെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു

jayarajan

കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല. ജയരാജന്റെ ജാമ്യപേക്ഷ തലശേരി സെഷന്‍സ് കോടതി തള്ളി. കേസില്‍ പ്രതിയല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജയരാജനെതിരായ തെളിവുകള്‍ സംബന്ധിച്ച് സിബിഐ കോടതിയില്‍ ഒന്നും ഹാജരാക്കിയിരുന്നില്ല. കേസില്‍ സിബിഐ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജയരാജന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്.

ജയരാജന്റെ മുന്‍കൂര്‍ ജ്യാമ്യാപേക്ഷ തള്ളിയ സാഹചര്യം നിലനില്‍ക്കുന്നുവെന്നും ഇതു വരെ ജയരാജന്‍ കേസില്‍ പ്രതിയല്ലെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ ജയരാജനെ കേസില്‍ പ്രതി ചേര്‍ക്കണമോ എന്ന് തീരുമാനിക്കുകയുള്ളു. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നുമാണ് സിബിഐയുടെ വാദം.

കേസില്‍ 505 ദിവസമായി അന്വേഷണം നടക്കുന്നുവെന്നും എന്നാല്‍ പി. ജയരാജനെതിരെ എന്തെങ്കിലും തെളിവ് ഹാജരാക്കാനോ പ്രതിയാക്കാനോ സിബിഐക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യം കണക്കിലെടുത്ത് ജാമ്യം നല്‍കണമെന്നും ജയരാജന്റെ അഭിഭാഷകന്‍ വാദിച്ചു.

നേരത്തെ ജനുവരി നാലിന് ഹാജരാകുവാന്‍ സിബിഐ ജയരാജനോട് ആവിശ്യപ്പെട്ടിരുന്നുവെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുളളതിനാല്‍ ഒരാഴ്ചത്തേക്ക് അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് ഈ കാലാവധി അവസാനിച്ചതിനാല്‍ പിന്നീട് 12ന് ഹാജരാകുവാന്‍ നോട്ടീസ് നല്‍കി്.ആറുമാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. ഇതിപ്പോള്‍ രണ്ടാംതവണയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതും.

You must be logged in to post a comment Login