ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണം: സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി

Chennai: Tamil Nadu Chief Minister J Jayalalithaa at the foundation stone laying ceremony of the Chennai Metro Rail Project Phase-I Extension from Washermanpet to Thiruvottiyur, in Chennai on Saturday. PTI Photo by R Senthil Kumar(PTI7_23_2016_000119A)

ചെന്നൈ: ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട് സര്‍ക്കാരിനോടാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.പൊതുപ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. ഗവര്‍ണര്‍, ചീഫ് സെക്രട്ടറി എന്നിവരുള്‍പ്പടെയുള്ളവരോട് ജയലളിതയുടെ ആരോഗ്യസ്ഥിതിയെപ്പറ്റി റിപ്പോര്‍ട്ട് തേടണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

ശ്വാസതടസ്സം നേരിടുന്നതിനാല്‍ അത് ഒഴിവാക്കാനുള്ള ജീവന്‍രക്ഷാസംവിധാനമടക്കമുള്ള ചികിത്സാസൗകര്യങ്ങള്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് നല്‍കിവരുന്നുവെന്നാണ് ഇന്നലെ അപ്പോളോ ആശുപത്രിയില്‍ നിന്നിറങ്ങിയ പത്രക്കുറിപ്പ്. ആന്റിബയോട്ടിക്കുകളും അണുബാധ തടയാനുള്ള മറ്റ് ചികിത്സാസംവിധാനങ്ങളും ജയലളിതയ്ക്ക് നല്‍കുന്നു. വിദഗ്ധഡോക്ടര്‍മാരുടെ സംഘം സദാസമയവും മുഖ്യമന്ത്രിയെ നിരീക്ഷിയ്ക്കുന്നു.

ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് പത്രക്കുറിപ്പ് പറയുന്നത്. രക്തത്തില്‍ അണുബാധയുണ്ടാകുന്ന സെപ്‌സിസാണ് മുഖ്യമന്ത്രിയുടെ അസുഖമെന്ന അഭ്യൂഹമുണ്ടെങ്കിലും ഇക്കാര്യത്തില്‍ ആശുപത്രി വ്യക്തമായ വിശദീകരണം നല്‍കുന്നില്ല. അവ്യക്തമായ പത്രക്കുറിപ്പുകളല്ലാതെ ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ ഒരു മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കാതിരിയ്ക്കുന്നതിനെതിരെയാണ് സാമൂഹ്യപ്രവര്‍ത്തകന്‍ ട്രാഫിക് രാമസ്വാമി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഗവര്‍ണര്‍, ചീഫ് സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി, അപ്പോളോ ആശുപത്രി അധികൃതര്‍ എന്നിവരില്‍ നിന്ന് ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് റിപ്പോര്‍ട്ട് തേടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കാവേരിനദീജലത്തര്‍ക്കവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ വെച്ച് ജയലളിത അദ്ധ്യക്ഷത വഹിച്ചെന്ന് പറയപ്പെടുന്ന ഉന്നതതലയോഗത്തിന്റെ ഫോട്ടോകള്‍ പുറത്തുവിടണമെന്നും രാമസ്വാമി ആവശ്യപ്പെടുന്നു. കഴിഞ്ഞ പന്ത്രണ്ട് ദിവസമായി ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും പുറത്തുവരുന്നില്ല.

You must be logged in to post a comment Login