ജയലളിതയുടെ ആരോഗ്യസ്ഥിതി: അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ തമിഴ്‌നാട് പൊലീസിന്റെ നിരീക്ഷണത്തില്‍

jayalalitha

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെപ്പറ്റി സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങളും അടിസ്ഥാനരഹിതമായ വിവരങ്ങളും പ്രചരിപ്പിക്കുന്നവര്‍ തമിഴ്‌നാട്ടില്‍ പൊലീസിന്റെ നിരീക്ഷണത്തില്‍. 50 ക്രിമിനല്‍ കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോയമ്പത്തൂരില്‍ ബാങ്ക് ജീവനക്കാരായ രണ്ട് സ്ത്രീകളടക്കം എട്ടുപേര്‍ അറസ്റ്റിലായി.

സൈബര്‍ പൊലീസിന്റെ പ്രത്യേക സംഘമാണ് അടിസ്ഥാന രഹിതമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കുന്നത്. മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരാഴ്ചയോളമായി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങളൊന്നും ആശുപത്രി അധികൃതരൊ അവരുടെ പാര്‍ട്ടി നേതൃത്വമോ പുറത്തുവിടുന്നില്ല. ഈ സാഹചര്യത്തിലാണ് നിരവധി അഭ്യൂഹങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.

സെപ്തംബര്‍ 22 മുതല്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ജയലളിത. ബ്രിട്ടനില്‍നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരും ഡല്‍ഹി എയിംസ് ആസ്പത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘവും ജയലളിതയെ ചികിത്സിക്കുന്നതിനുവേണ്ടി ചെന്നൈയില്‍ എത്തിയിരുന്നു.

You must be logged in to post a comment Login