ജയലളിതയുടെ ഫോട്ടോ പുറത്തുവിടണമെന്ന് കരുണാനിധി; ആവശ്യം ജയലളിത മരിച്ചുവെന്ന അഭ്യൂഹവാര്‍ത്ത പ്രചരിക്കുന്നതിനിടെ

jayalalithaa-621x414

ചെന്നൈ: ചെന്നൈ: അസുഖബാധിതയായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം പുറത്തുവിടണമെന്ന് ഡിഎംകെ നേതാവ് എം.കരുണാനിധി ആവശ്യപ്പെട്ടു. ആരോഗ്യനിലയെ കുറിച്ച് പലതരത്തിലുള്ള കിംവദന്തികള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ജയലളിതയുടെ ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോ പുറത്തുവിടാന്‍ കരുണാനിധി ആവശ്യപ്പെട്ടത്. ആശയപരമായി ഞങ്ങള്‍ വലിയ അകല്‍ച്ചയിലാണെങ്കിലും അവര്‍ക്ക് ആരോഗ്യം വീണ്ടെടുത്ത് എത്രയും പെട്ടെന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം നടത്താന്‍ സാധിക്കട്ടെ എന്നാണ് ആഗ്രഹമെന്ന് കരുണാനിധി പറഞ്ഞു. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് യഥാര്‍ത്ഥ വിവരങ്ങള്‍ അറിയുന്നതിന് സുതാര്യമായ സംവിധാനം സംസ്ഥാന ഗവര്‍ണര്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ജയലളിത ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ജയലളി മരിച്ചു എന്ന അഭ്യൂഹം പരക്കുന്നതിനിടെയാണ് ഇന്നലെ രാത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നിരിക്കുന്നത്. ജയലളിത മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ടെസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. പൂര്‍ണ സുഖപ്രാപ്തിക്കായി ഏതാനും ദിവസം കൂടി ആശുപത്രിയില്‍ തുടരാന്‍ ജയലളിതയോട് നിര്‍ദ്ദേശിച്ചതായും അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Medical Bulletin

മുഖ്യമന്ത്രി ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ വെറും അഭ്യൂഹം മാത്രമാണെന്നും രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ജയലളിത ആശുപത്രിവിടാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. പ്രമേഹം മൂര്‍ച്ഛിച്ചതാണ് മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ ബാധിച്ചത്. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്ന് ഡോക്ടര്‍ പറഞ്ഞു. കടുത്തപനിയും നിര്‍ജ്ജലീകരണവും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ജയലളിതയുടെ ആരോഗ്യ നില വഷളായത്. മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് എ.ഐ.എ.ഡി.എം.കെ. വക്താവ് സരസ്വതിയും പറഞ്ഞു. ഡി. ജയകുമാര്‍ , സെന്തില്‍ ബാലാജി എന്നിവരടക്കം ഏതാനും മന്ത്രിമാര്‍ വ്യാഴാഴ്ച ആശുപത്രിയിലെത്തി മുഖ്യമന്ത്രിയെ കണ്ടതായും വിവരമുണ്ട്.

എന്നാല്‍ ജയലളിതയുടെ നില അതീവ ഗുരുതരമാണെന്ന് പ്രതിപക്ഷമായ ഡിഎംകെ ആരോപിക്കുന്നു. ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് രഹസ്യമാക്കി വെക്കുന്നതിന് കാരണം മുഖ്യമന്ത്രിപദം ആര്‍ക്കും നല്‍കാന്‍ താല്‍പ്പര്യമില്ലാത്തത് കൊണ്ടാണെന്നും അവര്‍ ആരോപിക്കുന്നു. എന്നാല്‍ ഇതെല്ലാം വെറും തെറ്റായ വാര്‍ത്തകള്‍ ആണെന്നാണ് എഐഎഡിഎംകെ പറയുന്നത്.

കാവേരി പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ആശുപത്രിയില്‍ കഴിഞ്ഞദിവസം മുതിര്‍ന്ന മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും കണ്ടതായി ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. മുഖ്യമന്ത്രി ഗുരുതരാവസ്ഥയിലാണെന്നും വെന്റിലേറ്ററിലാണെന്നുമൊക്കെയുള്ള കഥകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതരോ സര്‍ക്കാറോ കഴിഞ്ഞ രണ്ടു ദിവസമായി കൃത്യമായി പത്രക്കുറിപ്പുകള്‍ ഇറക്കാതിരുന്നത് അഭ്യൂഹങ്ങള്‍ ശക്തമാക്കി. ഇതോടെയാണ് ഔദ്യോഗിക പ്രതികരണങ്ങള്‍ എത്തുന്നത്.

അസുഖത്തെ തുടര്‍ന്ന് 68കാരിയായ ജയലളിതയെ സെപ്തംബര്‍ 22നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയലളിതയെ കാണാന്‍ ആശുപത്രിയിലേക്ക് ആര്‍ക്കും പ്രവേശനമില്ല. അപ്പോളോ ആശുപത്രിയില്‍ തെരഞ്ഞെടുത്ത ഡോക്ടര്‍മാരും നഴ്‌സുമാരുമാണ് മുഖ്യമന്ത്രിയെ പരിശോധിക്കുകയും പരിചരിക്കുകയും ചെയ്യുന്നത്. ഇവര്‍ക്ക് മറ്റുള്ളവരുമായി ആശയവിനിമയം നടത്താന്‍ വിലക്കുണ്ട്.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ റോഡ്മാര്‍ഗമുള്ള പ്രചാരണപരിപാടികളില്‍ ജയലളിത പങ്കെടുത്തിരുന്നില്ല. തമിഴകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹെലിക്കോപ്റ്ററിലെത്തിയ ശേഷം പൊതുയോഗങ്ങള്‍ അഭിസംബോധന ചെയ്യുന്ന രീതിയാണ് ജയലളിത അവലംബിച്ചിരുന്നത്. ഈ യോഗങ്ങളിലെല്ലാംതന്നെ ഇരുന്നുകൊണ്ടാണ് ജയലളിത പ്രസംഗിച്ചിരുന്നതെന്നതും ശ്രദ്ധേയമായിരുന്നു. തുടര്‍ച്ചയായി രണ്ടാംവട്ടം അധികാരമേറ്റപ്പോള്‍ മന്ത്രിമാര്‍ കൂട്ടത്തോടെ സത്യവാചകം ചൊല്ലിയത് വേദിയില്‍ ജയലളിതയ്ക്ക് അധികസമയം ചെലവഴിക്കാനാവാത്തതുകൊണ്ടാണെന്ന് സൂചനയുണ്ടായിരുന്നു.

ജയലളിതയ്ക്ക് കരള്‍ രോഗമാണെന്നും കരള്‍ മാറ്റിവെക്കാന്‍ ജയലളിത അമേരിക്കയ്ക്ക് പോവാന്‍ തയ്യാറെടുക്കുകയാണെന്നും ബി. ജെ.പി. നേതാവ് സുബ്രഹ്മണ്യന്‍സ്വാമി കഴിഞ്ഞ വര്‍ഷം ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു. ഇതിന്റെ പേരില്‍ ജയലളിത സ്വാമിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുകയും ചെയ്തു.

ജയലളിതക്ക് ജീവന്‍ നല്‍കാന്‍ വരെ തയ്യാറാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് അനുയായികള്‍ ആശുപത്രിക്ക് മുന്നില്‍ നില്‍പ്പ് തുടരുകയാണ്. 1984ല്‍ എംജിആര്‍ അസുഖബാധിതനായപ്പോഴാണ് ചെന്നൈ ഇതുപോലുള്ള പ്രതികറണം കണ്ടത്. അദ്ദേഹത്തിന് വൃക്ക നല്‍കാന്‍ തയ്യാറായി അന്ന് നൂറുകണക്കിന് പേരാണ് ഇതേ ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയത്.

You must be logged in to post a comment Login