ജയലളിതയുടെ മരണം; ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ഇന്ത്യയില്‍ കലാപമുണ്ടാകും; അപ്പോളോ ആശുപത്രിയിലെ വിവരങ്ങള്‍ ചോര്‍ത്തിയ ഹാക്കര്‍ ഗ്രൂപ്പിന്റെ മുന്നറിയിപ്പ്

ചെന്നൈ: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ നീളുന്നതിനിടെ ആശുപത്രിയുടെ സര്‍വറിലെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഹാക്കര്‍ ഗ്രൂപ്പായ ലീജിയനാണ് അപ്പോളോ ആശുപത്രിയുടെ സര്‍വറിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. പ്രത്യേക മെസഞ്ചറിലൂടെ വാഷിങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ലീജിയന്‍ ഇത്തരമൊരു വെളിപ്പെടത്തല്‍ നടത്തിയിരിക്കുന്നത്. തങ്ങള്‍ ചോര്‍ത്തിയെടുത്തിട്ടുള്ള വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ഇന്ത്യയില്‍ കലാപമുണ്ടാകുമെന്നും ലീജിയണ്‍ പറയുന്നു.

സെപ്റ്റംബര്‍ 22 ന് പനിയും നിര്‍ജ്ജലീകരണവും മൂലം ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതലുള്ള വിവരങ്ങള്‍ പ്രമുഖരുടെ നിര്‍ദേശത്തെ അപ്പോളോ ആശുപത്രി അധികൃതര്‍ രഹസ്യമാക്കി വച്ചിരുന്നു. ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തു വിടുമ്പോഴും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതു മുതല്‍ മൃതദേഹമായി പുറത്തു വരും വരെ ജയലളിതയെ കണ്ടവര്‍ തോഴി ശശികലയ്ക്ക് പുറമേ ചുരുക്കം മാത്രം. അതുകൊണ്ടു തന്നെ ജയലളിത ഡിസംബര്‍ 5 ന് മുന്‍പ് മരിച്ചിരുന്നുവെന്നും മൃതദേഹം എംബാം ചെയ്തിരുന്നു എന്നത് ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തു വന്നിരുന്നു.

ജയലളിതയുടെ മരണം സംബന്ധിച്ച് ദുരൂഹതകള്‍ ഏറുന്നതിനിടെയാണ് ആശുപത്രിയുടെ സര്‍വര്‍ ചോര്‍ത്തിയെന്ന് അവകാശപ്പെട്ട് ഹാര്‍ക്കര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. ജയലളിതയുടെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടാല്‍ കലാപത്തിന് ഇടയാകുമെന്ന് പറയുമ്പോഴും ചോര്‍ത്തിയെടുത്തിട്ടുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്ന് ലീജിയന്‍ ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

രാജ്യത്തെ കുറ്റവാളികളുടെ രഹസ്യ നീക്കങ്ങള്‍ പുറത്തു കൊണ്ടുവരുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ള ഹാക്കര്‍ സംഘം രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ ട്വിറ്റര്‍ അക്കൗണ്ട് ചോര്‍ത്തി നിരവധി രഹസ്യ വിവരങ്ങളും പുറത്തു വിട്ടിരുന്നു.

You must be logged in to post a comment Login