ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് എടപ്പാടി പളനിസ്വാമി

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് എടപ്പാടി പളനിസ്വാമി. ജുഡീഷ്യല്‍ അന്വേഷണത്തിനാണ് ഉത്തരവിട്ടത്. ജയലളിതയുടെ ആശുപത്രി വാസക്കാലവും മരണത്തില്‍ ആരോപിക്കപ്പെടുന്ന ദുരൂഹതയും അന്വേഷിക്കാനാണ് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉത്തരവിട്ടത്. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷന്‍.ഒപിഎസ് പക്ഷത്തത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. ഇ.പി.എസ്- ഒപിഎസ് പക്ഷങ്ങള്‍ ഒന്നിച്ചു എന്നതിനുള്ള സൂചന കൂടിയാണ് അന്വേഷണം പ്രഖ്യാപിക്കല്‍.

ഒ.പനീർസെൽവം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിനു മുൻപുതന്നെ ജയലളിതയുടെ മരണം അന്വേഷിക്കുന്നതിനു തീരുമാനിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ രാജിയോടെ സർക്കാർ തീരുമാനത്തിൽനിന്ന് പിന്നോട്ടുപോയി. തുടർന്ന് ലയനം പൂർത്തിയാക്കാൻ പനീർസെൽവം മുന്നോട്ടുവച്ചിരുന്ന നിർദേശങ്ങളിലൊന്നുമിതായിരുന്നു.

ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന പോയസ് ഗാര്‍ഡനിലെ വസതിയായിരുന്ന വേദനിലയം മ്യൂസിയമാക്കാനും തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടു. ജയലളിതയുടെ തോഴി ശശികലയും അവരുടെ ബന്ധുക്കളുമാണ് ജയയുടെ സ്വത്തുക്കള്‍ ഇപ്പോള്‍ അനുഭവിച്ചുവരുന്നത്. മന്നാര്‍ഗുഡി സംഘത്തിനെ അണ്ണാഡിഎംകെയില്‍ നിന്ന് പുറത്താക്കുന്നതിന്റെ ഭാഗമാണ് അന്വേഷണ പ്രഖ്യാപനവും പോയസ് ഗാര്‍ഡന്‍ മ്യൂസിയമാക്കാനുള്ള തീരുമാനവും.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ അഞ്ചിനായിരുന്നു ജയലളിത മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം അന്നു തന്നെ സജീവമായിരുന്നു. 75 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലായിരുന്നു മരണം. സെപ്റ്റംബർ 22നു കടുത്ത പനിയും നിർജലീകരണവും ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ജയലളിതയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവരുന്നതിനിടെയാണ് നാലിനു വൈകിട്ട് ഹൃദയാഘാതമുണ്ടായത്.

തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു ജയ. ശരീരത്തിന് ഓക്സിജൻ ലഭ്യമാക്കുന്ന സംവിധാനമായ എക്സ്ട്രാ കോർപോറിയൽ മെംബ്രേൻ ഓക്സിജനേഷന്റെയും (എക്മോ) മറ്റു ജീവൻ രക്ഷാ ഉപകരണങ്ങളുടെയും സഹായത്തോടെയാണ് അവസാന 24 മണിക്കൂർ ജയയുടെ ജീവൻ നിലനിർത്തിയത് എന്നാണ് ആശുപത്രി അധികൃതർ നൽകിയ വിവരം. എന്നാൽ, മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം അന്നു തന്നെ സജീവമായിരുന്നു.

You must be logged in to post a comment Login