ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി; ആരോഗ്യനില രഹസ്യമായി സൂക്ഷിച്ചത് എന്തിനെന്ന് കോടതി

ചെന്നൈ: ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ ആരോഗ്യനില രഹസ്യമായി സൂക്ഷിച്ചത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. എനിക്ക് എന്റേതായ സംശയങ്ങളുണ്ടെന്ന് ജസ്റ്റിസ് വൈദ്യലിംഗം പറഞ്ഞു. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു പരാമര്‍ശം. മൃതദേഹം ദഹിപ്പിക്കാതിരുന്നത് എന്തുകൊണ്ടാണ്. എന്തുകൊണ്ട് മൃതദേഹം പുറത്തെടുക്കാന്‍ തങ്ങള്‍ക്ക് ഉത്തരവിട്ട് കൂടായെന്നും കോടതി ആരാഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനും തമിഴ്‌നാട് സര്‍ക്കാരിനും മദ്രാസ് ഹൈക്കോടതി വിഷയത്തില്‍ നോട്ടീസ് അയച്ചു.

ജയലളിതയുടെ ആശുപത്രി വിവരങ്ങള്‍ പുറത്തുവിടാതെ രണ്ടര മാസത്തോളം രഹസ്യ സ്വഭാവം നിലനിര്‍ത്തിയത് ദുരൂഹമായ നടപടിയാണെന്ന് പല കോണുകളില്‍ നിന്നും ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രശസ്ത ചലച്ചിത്ര താരം ഗൗതമി പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

കനത്ത പനിയും നിര്‍ജലീകരണവും മൂലം സെപ്തംബര്‍ 22ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിത ഡിസംബര്‍ അഞ്ചിന് രാത്രി 11.30ന് ആണ് അന്തരിച്ചത്. ആരോഗ്യം വീണ്ടെടുക്കുന്നതിനിടയില്‍ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് ജയലളിതയുടെ മരണത്തിന് ഇടയാക്കിയത്. ജയലളിതയുടെ മരണത്തില്‍ ശശികലയുടെ ഇടപെടലുണ്ടെന്ന ആരോപണങ്ങള്‍ പ്രചരിക്കുന്നതിനിടയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയും സുപ്രീം കോടതിയിലെത്തി.

You must be logged in to post a comment Login